തേയിലയും ബസുമതി അരിയും വേണ്ടെന്ന് ഇറാന്‍; കാരണമറിയാതെ ഇന്ത്യ

ഇന്ത്യയില്‍ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറുകളില്‍ നിന്ന് പൂര്‍ണമായും പിന്‍മാറി ഇറാന്‍. ഇത്തരമൊരു പിന്‍മാറ്റത്തിന്റെ കാരണം ഔദ്യോഗികമായി ഇറാന്‍ വിശദീകരിച്ചിട്ടില്ല. അതേസമയം കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഇറാന്‍ തങ്ങളുടെ ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതല്‍ നവംബര്‍ പകുതി വരെ അരി ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താറുണ്ട്.

എന്നാല്‍ ന്യൂഡല്‍ഹിയും ടെഹ്റാനും രൂപയുടെ വ്യാപാര സെറ്റില്‍മെന്റ് കരാര്‍ തയ്യാറാക്കുന്ന പ്രക്രിയയിലായതിനാല്‍ ഇറാനിയന്‍ ഇറക്കുമതിക്കാര്‍ ഇവ വാങ്ങുന്നത് വൈകിപ്പിക്കുന്നതാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഇറാനില്‍ നിന്നും ഔദ്യോഗികമായി കാരണം അറിയിച്ചിട്ടില്ലെന്നും ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരായ ബന്‍സാലി ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ അനീഷ് ബന്‍സാലി പറഞ്ഞു.

ഉയര്‍ന്ന ചരക്ക് നിരക്കും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും വരും മാസങ്ങളില്‍ ബസുമതി കയറ്റുമതി വേഗത്തിലാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് കൗള്‍ പറഞ്ഞു. എന്നാല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആഗോളതലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡും ചരക്കുകളുടെ വിലക്കയറ്റവും മൂലം ബസ്മതി കയറ്റുമതി വര്‍ധിച്ചിരുന്നു. അതിനാല്‍ ബസ്മതി അരിയുടെ കയറ്റുമതിയില്‍ ഇതിന്റെ ആഘാതം കുറവായിരിക്കും.

ഇറാന്‍ ഒരു വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏകദേശം 30-35 ദശലക്ഷം കിലോ തേയിലയും ഏകദേശം 1.5 ദശലക്ഷം കിലോ ബസുമതി അരിയും ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ചരക്കുകളുടെ കയറ്റുമതിയെ, പ്രത്യേകിച്ച് തേയിലയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it