ഡാറ്റ വില്‍പ്പന, ടെണ്ടര്‍ പിന്‍വിലിച്ച് IRCTC
ഡാറ്റ വില്‍പ്പനയ്ക്ക് മുന്നോടിയായി കണ്‍സള്‍ട്ടന്‍സിയെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ പുറത്തിറക്കിയ (ഐആര്‍സിടിസി-IRCTC) ടെണ്ടര്‍ പിന്‍വലിച്ചു. നേരത്തെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കുള്‍പ്പടെ വില്‍ക്കുന്നതില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറിയിരുന്നു. നിലവില്‍ രാജ്യത്ത് ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഐആര്‍സിടിസി ഇക്കാര്യം അറിയിച്ചത്. സംയുക്ത പാര്‍ലമെന്ററി സമിതി ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഡാറ്റ സംരക്ഷണ ബില്‍ ഓഗസ്റ്റ് ആദ്യം കേന്ദ്രം പിന്‍വലിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, ഡാറ്റ സംരക്ഷണ അതോറിറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിന്റെ ലക്ഷ്യം.
കേന്ദ്രം പുതിയ ഡാറ്റ സംരക്ഷണ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഡാറ്റ വില്‍പ്പനയ്ക്കുള്ള നടപടികള്‍ ഐആര്‍സിടിസി പുനരാരംഭിച്ചേക്കും. ഡാറ്റ വില്‍പ്പനയിലൂടെ 1000 കോടി രൂപയോളം സമാഹരിക്കാനാണ് ഐര്‍സിടിസി ലക്ഷ്യമിട്ടത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ടെന്‍ഡര്‍ നോട്ടിഫിക്കേഷനില്‍ ഉപഭോക്താക്കളുടെ ലോഗിന്‍/പാസ്വേര്‍ഡ്, പേയ്മെന്റ് രീതി, യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള പത്തില്‍ അധികം വിവരങ്ങള്‍ പഠനത്തിനായി കണ്‍സള്‍ട്ടന്‍സിക്ക് നല്‍കുമെന്ന് ഐആര്‍സിടിസി വ്യക്തമാക്കിയിരുന്നു.