യുദ്ധക്കെടുതിയില്‍ കത്തിക്കയറുമോ സ്വര്‍ണവും എണ്ണയും? സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഇങ്ങനെ

ഗാസയ്ക്ക് പിന്തുണയുമായി ഇസ്രായേലിലേക്ക് ഇറാന്‍ 300ലധികം ഡ്രോണുകളും മിസൈലുകളുമയച്ച് യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര സ്വര്‍ണ, ക്രൂഡോയില്‍ വിലകള്‍ കത്തിക്കയറുമെന്ന ആശങ്ക ശക്തമായി. ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലും ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ടെന്നത് യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന സൂചനയാണ് നല്‍കുന്നത്. മാത്രമല്ല, ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ വാരാന്ത്യമായതിനാല്‍ ഇന്നലെയും ശനിയാഴ്ചയും സ്വര്‍ണ, ക്രൂഡോയില്‍ വിലകളില്‍ യുദ്ധക്കെടുതിയുടെ സ്വാധീനമുണ്ടായിട്ടില്ല. എന്നാല്‍, ഇന്ന് വില കത്തിക്കയറുമെന്നാണ് നിരീക്ഷകരും ഗവേഷണസ്ഥാപനങ്ങളുമൊക്കെ വിലയിരുത്തുന്നത്.
എന്തുകൊണ്ട് സ്വര്‍ണം, ക്രൂഡോയില്‍ വിലകള്‍ കൂടും?
അസംസ്‌കൃത എണ്ണ അഥവാ ക്രൂഡോയില്‍ കയറ്റുമതിയില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യമാണ് ഇറാന്‍. ഇറാന്റെ തീരം വഴിയാണ് രാജ്യാന്തര ക്രൂഡോയില്‍ വ്യാപാരത്തിന്റെ വലിയൊരുപങ്ക് നടക്കുന്നതും.
യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വിതരണശൃംഖലയില്‍ തടസ്സങ്ങളുണ്ടാകാം. ഡിമാന്‍ഡിന് അനുസരിച്ച് വിപണിയില്‍ ക്രൂഡോയില്‍ കിട്ടാതാകുമ്പോള്‍ വില കുതിച്ചുകയറും. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയാകും. ആഭ്യന്തര പെട്രോള്‍, ഡീസല്‍, എല്‍.പി.ജി തുടങ്ങിയ ഇന്ധനകളുടെ വില കൂടാനുമിത് ഇടയാക്കും.
യുദ്ധം, സാമ്പത്തികമാന്ദ്യം, ഓഹരി-കടപ്പത്ര വിപണികളുടെ തകര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത താവളമായി കാണുന്നത് പ്രധാനമായും സ്വര്‍ണത്തെയാണ്. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന നിക്ഷേപകര്‍, അത് സ്വര്‍ണത്തിലേക്ക് ഒഴുക്കും. സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് പ്രിയമേറുന്നതോടെ വിലയും കുത്തനെ കൂടും.
വില എങ്ങോട്ട്?
ഇപ്പോള്‍ ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയുള്ളത് ബാരലിന് 85.32 ഡോളറില്‍. ബ്രെന്റ് ക്രൂഡ് വില 90.24 ഡോളറും. ഇരു ഇനങ്ങളുടെയും വില വൈകാതെ ബാരലിന് 100 ഡോളര്‍ ഭേദിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തമാണ്.
കഴിഞ്ഞവാരം ഔണ്‍സിന് 2,430 ഡോളറിനുമേല്‍ എത്തിയ രാജ്യാന്തര സ്വര്‍ണവില പിന്നീട് ലാഭമെടുപ്പിനെ തുടര്‍ന്ന് 2,335 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇപ്പോള്‍ വിലയുള്ളത് 2,355 ഡോളറിലാണ്.
രാജ്യാന്തര ധനകാര്യ/ഗവേഷണ/ബ്രോക്കറേജ് ഏജന്‍സികള്‍ സ്വര്‍ണവില ഉടന്‍ കുതിച്ചുയരുമെന്ന പ്രവചനങ്ങള്‍ നടത്തിക്കഴിഞ്ഞു. യു.ബി.എസ് പറയുന്നത് വൈകാതെ വില 2,500 ഡോളര്‍ ഭേദിക്കുമെന്നാണ്. ജെ.പി. മോര്‍ഗനും ഇത് ശരിവയ്ക്കുന്നു. സിറ്റി, ബാങ്ക് ഓഫ് അമേരിക്ക എന്നിവ പ്രവചിക്കുന്ന ലക്ഷ്യവില 3,000 ഡോളറാണ്.
കേരളത്തിലെ പൊന്നിന്‍വിലയുടെ ദിശ
53,200 രൂപയാണ് നിലവില്‍ ഒരുപവന് കേരളത്തിലെ വില. കഴിഞ്ഞ 12ന് കുറിച്ച 53,760 രൂപയാണ് എക്കാലത്തെയും റെക്കോഡ്.
രാജ്യാന്തരവില വീണ്ടും 2,400 ഡോളറിന് മുകളിലേക്ക് ഉയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുകയും ചെയ്താല്‍ ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണവിലയും വലിയതോതില്‍ കൂടും. കേരളത്തില്‍ പവന്‍വില 55,000 രൂപ ഭേദിക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ നികുതിയും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 60,000 രൂപയെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടി വരും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it