സ്വകാര്യമേഖലയില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ സംവരണം: ഹരിയാനയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍, വ്യവസായ മേഖലയില്‍ ആശങ്ക

നാട്ടിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം തൊഴിലും നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ നീക്കത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും രംഗത്ത്. പ്രതിമാസം 50,000ത്തില്‍ താഴെ വേതനമുള്ള ജോലികളില്‍ 75 ശതമാനം നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലാണ് ബി ജെ പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.

ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ ഇതേ ദിശയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതായാണ് സൂചന.

സ്വന്തം സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഭരണ നേതൃത്വം സ്വകാര്യമേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുമ്പോള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും വ്യവസായ സമൂഹത്തില്‍ നിന്നും വിയോജിപ്പിന്റെ ശബ്ദം ഉയരുന്നുണ്ട്.

നേരത്തെ മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഉയര്‍ത്തിക്കൊണ്ടുവന്ന മണ്ണിന്റെ മക്കള്‍ വാദത്തിന് തുല്യമാണ് ഇപ്പോഴത്തെ ഈ നീക്കങ്ങള്‍. സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാ കമ്പനികളിലും സൊസൈറ്റികളിലും ട്രസ്റ്റുകളിലും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഉറപ്പാകും. എന്നാല്‍ വ്യവസായ മേഖലകള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും ഇത് തിരിച്ചടിയാകും.

നിയമനങ്ങളില്‍ ഇപ്പോള്‍ പിന്തുടരുന്ന രീതി പാടേ മാറ്റേണ്ടി വരുമെന്ന് മാത്രമല്ല ഓരോ ജോലിയിലും നിയമിക്കുന്നവരുടെ ആദ്യ യോഗ്യത 'നാട്ടുകാരന്‍' എന്നതാകുമ്പോള്‍ മത്സരാധിഷ്ഠിതമായ വേതനത്തില്‍ മികച്ച ജീവനക്കാരെ ലഭിക്കാനുള്ള സാധ്യതയും കുറയും.

മാരുതി ഉള്‍പ്പടെ രാജ്യത്തെ വലിയ വ്യവസായങ്ങളുടെ യൂണിറ്റുകള്‍ ഹരിയാനയിലുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം യൂണിറ്റുകളിലെ നിയമനങ്ങള്‍ സംവരണതത്വം പാലിച്ചാകണം. ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാരുതി സുസുകി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഇതില്‍ ആശങ്ക അറിയിച്ചിരുന്നു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പല കക്ഷികളും ഈ നീക്കം നടത്തുന്നത്. എന്നാല്‍ ഇത് ഓരോ സംസ്ഥാനത്തിന്റെയും വ്യാവസായിക വികസനത്തിനും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്ന് ബിസിനസ്, വ്യാവസായിക രംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വദേശികള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ പല കമ്പനികളും ഇത്തരം നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തന കേന്ദ്രമാറ്റാന്‍ നിര്‍ബന്ധിതരാകും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിലായവരെ സഹായിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെങ്കിലും നിലവിലുള്ള തൊഴിലുകള്‍ പോലും നഷ്ടമാകാനും ഈ നീക്കം കാരണമാവുക.

ഹരിയാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമം ആ സംസ്ഥാനത്തിലേക്കുള്ള വിദേശ, തദ്ദേശ നിക്ഷേപം വന്‍തോതില്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സട്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാനക്കാരായ ജീവനക്കാരോട് തദ്ദേശവാസികള്‍ക്ക് വിരുദ്ധ വികാരം ശക്തിപ്പെടാനും അതത് സംസ്ഥാനങ്ങളിലെ ഗൗരവമായ ക്രമസമാധാന പ്രശ്‌നമായി ഇത് വളരാനും സാധ്യതയുണ്ട്.

Related Articles
Next Story
Videos
Share it