കടത്തില്‍ മുങ്ങി കേരളം; എങ്ങനെ കരകയറ്റാം?

(ധനം ബിസിനസ് മാഗസിന്റെ ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിച്ച ലക്കത്തിലെ കവർ സ്റ്റോറി)


കേരളം അതിരൂക്ഷമായ ധനകാര്യ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് ജനങ്ങളാകെ ഉത്കണ്ഠപ്പെടുന്നുണ്ട്. എന്നാല്‍, അങ്ങനെയൊരു ഉത്കണ്ഠ കേരളത്തിന്റെ ഭരണാധികാരികള്‍ക്കോ ബുദ്ധിജീവി വര്‍ഗത്തിനോ ഇല്ല. അതിന്റെ കാരണമെന്ത്? ഈ പ്രതിസന്ധി കേരളത്തെ എവിടെ കൊണ്ടെത്തിക്കും? ഇതിനുള്ള പരിഹാരമെന്ത്?
അല്‍പ്പം ചരിത്രം
ഇപ്പോള്‍ നേരിടുന്ന അതിരൂക്ഷമായ ധനകാര്യഞെരുക്കം 1980കളുടെ മധ്യത്തില്‍ ആരംഭിച്ചതാണ്. 1983-84 മുതല്‍ കേരളത്തിന്റെ റവന്യു വരുമാനം റവന്യു ചെലവുകള്‍ക്ക് തികയുന്നില്ല. ഒന്നുകില്‍ റവന്യു വരുമാനം കൂട്ടുക, അല്ലെങ്കില്‍ ഉള്ള വരുമാനത്തിന്റെ അകത്ത് നില്‍ക്കത്തക്ക വിധം റവന്യുചെലവുകള്‍ കുറയ്ക്കുക എന്നീ രണ്ടു പരിഹാരങ്ങളേ ഒറ്റ നോട്ടത്തില്‍ മുന്നിലുള്ളൂ. പക്ഷേ നമ്മുടെ മാറിമാറിവന്ന മുന്നണി സര്‍ക്കാരുകള്‍ ഈ രണ്ട് പരിഹാര മാര്‍ഗങ്ങള്‍ക്ക് പകരം കടമെടുത്ത് റവന്യു ചെലവുകള്‍ നടത്തുക എന്ന കുറുക്കുവഴി കണ്ടുപിടിച്ചു.
നികുതിഭാരം വര്‍ധിക്കാതെ പൊതുസേവനങ്ങള്‍ കിട്ടുമെങ്കില്‍ അതല്ലേ നല്ലത്. വൈദ്യന്‍ കല്‍പ്പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല്. ജനപ്രിയ രാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെയാണ്.
സത്യത്തില്‍ മലയാളികളുടെ നികുതി വാഹകശേഷിയില്‍ (Taxable capactiy) വന്‍ കുതിപ്പ് നടന്ന കാലഘട്ടമാണിത്. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ പ്രധാന സംസ്ഥാനങ്ങള്‍ക്കിടയില്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1983 ആയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് മലയാളികളുടെ ഇടയില്‍ ഉയര്‍ന്നനിരക്കില്‍ നികുതി ചുമത്തപ്പെടുന്ന ആഡംബര വസ്തുക്കളുടെ ഉപഭോഗം വര്‍ധിപ്പിച്ചു. ആളോഹരി ഉപഭോഗത്തില്‍ കേരളം 1999-2000 ആയപ്പോഴേക്ക് ഒന്നാംസ്ഥാനത്തായി. ഏറ്റവും പുതിയ സര്‍വേയിലും കേരളം ഒന്നാംസ്ഥാനത്താണ് എന്നാണ് അറിയുന്നത്.
മുന്നണികളുടെ ലക്ഷ്യം ജനപ്രീതി
അടിസ്ഥാനപരമായി ഇന്നത്തെ ധനപ്രതിസന്ധി മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. പിരിക്കാമായിരുന്നതും പിരിക്കേണ്ടതുമായ നികുതിക്കുപകരം കടമെടുത്ത് റവന്യു ചെലവ് നടത്തിപ്പോന്നു. കുറഞ്ഞ നികുതി ഭാരവുമായി തഴക്കംവന്ന ജനങ്ങളുടെമേല്‍ നികുതി ചുമത്തുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ റവന്യു ചെലവിന്റെ 5.55 ശതമാനം 1972-73ല്‍ ഫീസുകളായി പിരിച്ചിരുന്നു. പുതുക്കിയ 2022-23ലെ എസ്റ്റിമേറ്റ് പ്രകാരം 48,902 കോടിയാണ് ഈ മേഖലയിലെ റവന്യു ചെലവ്.
ഫീസുകളായി ലഭിക്കുന്നത് എത്രയാണെന്നറിയാമോ? വെറും 795.38 കോടി രൂപ. അതായത് 1.63 ശതമാനം. ഹരിയാനയില്‍ ഇത് 6.6 ശതമാനവും നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ 4.41 ശതമാനവും ആണെന്ന് ഓര്‍ക്കണം. 1972-73ലെ നിരക്കില്‍ എങ്കിലും ഫീസ് ചുമത്തി വന്നിരുന്നെങ്കില്‍ എത്ര ആയിരം കോടി രൂപ സമാഹരിക്കാമായിരുന്നു?
നികുതിപിരിവ് ദുഷ്‌കരമാക്കിയതിന് മറ്റൊരു കാരണം വ്യാപാരി-വ്യവസായികളുടെ സംഘടിത ശക്തിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്ള സംസ്ഥാനമാണ് കേരളം. ഇവയ്ക്ക് എല്ലാം പിരിവുകള്‍ നല്‍കി ഇവയെ നിലനിര്‍ത്തുന്നത് വ്യാപാരി-വ്യവസായി സമൂഹമാണ്. അതുകൊണ്ട് സ്വാഭാവികമായി നികുതി ചുമത്തുന്ന കാര്യത്തില്‍ കണ്ണടയ്ക്കാന്‍ രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാകുന്നു.
കേരളത്തിന് വരുമാനം വരുന്നത് എവിടെ നിന്ന്?
കേരളം എവിടെ നിന്നാണ് വിഭവ സമാഹരണം നടത്തുന്നത്? തനതു വരുമാനത്തിന്റെ 61 ശതമാനത്തിന് മേല്‍ സമാഹരിക്കുന്നത് മദ്യം, ഭാഗ്യക്കുറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നീ നാല് ഇനങ്ങളില്‍ നിന്നാണ്. ഇതില്‍തന്നെ 36 ശതമാനത്തിനു മേല്‍ വരുന്നത് മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നുമാണ്.
മദ്യവും ഭാഗ്യക്കുറിയും കൂടി 1970-71ല്‍ മൊത്തം തനതുവരുമാനത്തിന്റെ 14.77 ശതമാനം മാത്രമേ സംഭാവന ചെയ്തിരുന്നുള്ളൂ. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ മധ്യവര്‍ഗം സമ്പന്നരും പൊതുവിഭവ സമാഹരണത്തിന്റെ ഭാരം പതുക്കെ പാവപ്പെട്ടവരുടെയും പുറമ്പോക്കില്‍ കിടക്കുന്നവരുടെയും മുകളിലേക്ക് മാറ്റുകയായിരുന്നു എന്നാണ്. ഇന്ത്യയില്‍ തന്നെ ഈ രണ്ട് വിഭാഗങ്ങള്‍ ഇത്രമാത്രം പൊതുവിഭവങ്ങള്‍ ഖജനാവിലെത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. ഏറ്റവും വേഗത്തില്‍ അസമത്വം വര്‍ധിക്കുന്ന സംസ്ഥാനം കേരളമായത് ഇക്കാരണത്താല്‍ ആണെന്ന് തന്നെ പറയാം.
കൈയില്‍ നയാപൈസയില്ല


ഇന്നിപ്പോള്‍ വന്നുവന്ന് പൊതുസേവനങ്ങള്‍ ഒക്കെ ഏറെക്കുറേ നിശ്ചലാവസ്ഥയില്‍ എത്തിയിരിക്കുന്നു. മെഡിക്കല്‍ കോളെജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും പരിശോധനാ സൗകര്യങ്ങളും കടുത്ത ക്ഷാമം നേരിടുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍ പറഞ്ഞു കഴിഞ്ഞു.
കെ.ടി.ഡി.എഫ്.സി പോലെയുള്ള സര്‍ക്കാര്‍ ഗ്യാരന്റി നിന്നിട്ടുള്ള പ്രസ്ഥാനങ്ങളുടെ വായ്പകള്‍ കോടതിയില്‍ എത്തിയിരിക്കുന്നു. പച്ചവെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ഏര്‍പ്പാടായി സര്‍ക്കാര്‍ അധഃപതിച്ചു കഴിഞ്ഞു.
വികസിത രാജ്യങ്ങളില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ സര്‍ക്കാരിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയേനെ. എല്ലാം 'സൗജന്യമായി' തരുന്ന സര്‍ക്കാര്‍ എന്ന വല്യമ്മാവനെ എത്രകാലവും ഇവിടെ ജനങ്ങള്‍ സഹിക്കും. അവര്‍ കൊടുക്കുന്ന നികുതി കൊണ്ട് പുലര്‍ന്നുപോരുന്ന ഒരു ഏര്‍പ്പാട് മാത്രമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. ധനമിഥ്യ (Fiscal Illusion) എന്ന രോഗത്തില്‍ ഉഴലുന്ന ഒരു സമൂഹത്തില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാനാകൂ.
രാജഭരണ കാലത്ത് രാജാവിന്റെ കടമ പശുക്കളെയും ബ്രാഹ്‌മണരെയും സംരക്ഷിക്കുകയായിരുന്നു. ഇത് രണ്ടും കഴിഞ്ഞ് എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ അതിന് കാത്തിരിക്കുകയായിരുന്നു മറ്റുള്ളവരുടെ വിധി. ഇന്നത്തെ സ്ഥിതി ഏറെക്കുറെ അതുപോലെയാണ്. കിട്ടാവുന്നിടത്തു നിന്ന് എല്ലാം കടമെടുത്ത് 'പുതിയ ബ്രാഹ്‌മണരുടെ' ശമ്പളവും പെന്‍ഷനും കൊടുത്തുകൊണ്ടിരിക്കുന്നു.
ഈ ബ്രാഹ്‌മണരില്‍ എല്ലാ മതക്കാരും ജാതിക്കാരും ഉണ്ടെന്ന വ്യത്യാസമേയുള്ളൂ. ഇവരുടെ ഊണ് കഴിഞ്ഞാല്‍ ഖജനാവ് മിക്കവാറും കാലിയാണ്. ഏതെങ്കിലും കാരണവശാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ കേന്ദ്രം ആര്‍ട്ടിക്ക്ള്‍ 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമോ എന്ന ഭീഷണി ഒഴിവാക്കാനാണ് ഈ തത്രപ്പാടൊക്കെ.
രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല?
കേരളം ഇത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ രാഷ്ട്രീയക്കാര്‍ അക്കാര്യത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ട്? ഉത്തരം ഒന്നേയുള്ളൂ. ഒരു അത്യാഹിതം സംഭവിക്കും വരെ നിശബ്ദരായി ഇരിക്കുക എന്നതാണ് അവരുടെ രീതി. കാരണം അത്യാഹിതം സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികളെ കുറിച്ച് അവര്‍ക്ക് അറിയാത്തതല്ല. പക്ഷേ അത് രാഷ്ട്രീയമായി അവര്‍ക്ക് നേട്ടമുണ്ടാക്കില്ല.
പല വിഭാഗങ്ങളെയും പിണക്കേണ്ടി വരും. നേരേ മറിച്ച് അത്യാഹിതം സംഭവിച്ചുകഴിഞ്ഞാല്‍ നടപടികള്‍ ഒക്കെ എളുപ്പമാണ്. പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വലിയ വിവാദങ്ങള്‍ ഉണ്ടാകില്ല. ഖജനാവ് തീര്‍ത്തും കാലിയായാല്‍ അതായത് അത്യാഹിതം സംഭവിച്ചുകഴിഞ്ഞാല്‍ ശമ്പള-പെന്‍ഷന്‍ അടക്കമുള്ളത് കുറച്ചുകൊണ്ട് അവര്‍ അടിയന്തര പരിഹാര മാര്‍ഗങ്ങളുമായി മുന്നോട്ട് വരും.
ബുദ്ധിജീവികള്‍ എന്തുചെയ്യുന്നു?
ഒരു സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ കാരണം അന്വേഷിച്ചു കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെയും ബുദ്ധിജീവികളുടെയും കടമ. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ഏറെക്കുറെ നിശബ്ദരാണ്. അതില്‍ വലിയൊരു വിഭാഗം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അടക്കമുള്ള വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ ഗൗരവമായ എന്തെല്ലാം കാര്യങ്ങളുണ്ട്. രാഷ്ട്രീയക്കാരായാലും ബുദ്ധിജീവികളായാലും ഒരു അത്യാഹിതത്തിന് കാത്തിരിക്കുകയാണെന്ന് തോന്നുന്നു.
എന്താണ് പരിഹാരം?
അധിക വിഭവ സമാഹരണത്തിലൂടെ ഇന്നത്തെ പ്രതിസന്ധി ഭാഗികമായി മാത്രമേ പരിഹരിക്കാനാകൂ. പിരിക്കാമായിരുന്നതും പിരിക്കേണ്ടതുമായ നികുതി എന്നേയ്ക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

പരോക്ഷ നികുതികളാണല്ലോ സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. ഇത്രമാത്രം പ്രതിസന്ധി രൂക്ഷമായിട്ടും 2024-25 ബജറ്റില്‍ നമ്മുടെ ധനമന്ത്രി ലക്ഷ്യമിട്ടത് 1,067 കോടി അധിക വിഭവ സമാഹരണം മാത്രം. ഇതിനര്‍ത്ഥം മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞുവെന്നല്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍ 1972-73ലെ നിരക്കില്‍ എങ്കിലും വര്‍ധിപ്പിച്ചാല്‍ 2,714.06 കോടി രൂപ സമാഹരിക്കാം. വൈദ്യുതി തീരുവയാണ് വര്‍ധിപ്പിക്കാവുന്ന മറ്റൊരിനം.
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇപ്പോള്‍ ചുമത്തി വരുന്ന വസ്തു നികുതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ആധുനിക ജിപിഎസ് സംവിധാനത്തിലൂടെ നികുതി ചുമത്തി പിരിക്കുകയാണെങ്കില്‍ അധികമായി 15,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് എന്റെ ഒരു ഏകദേശ കണക്ക്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതി ശാസ്ത്രീയമായി പിരിച്ചെടുക്കാനുള്ള സംവിധാനങ്ങളില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത് ഏറ്റെടുത്ത് പിരിക്കുമ്പോള്‍ ഇവയ്ക്കുണ്ടാകുന്ന നഷ്ടത്തിനു പുറമേ പത്തു ശതമാനം കൂടുതല്‍ നല്‍കാമെന്ന് ഒരു കരാര്‍ ഉണ്ടാക്കാവുന്നതേയുള്ളൂ.

കിഫ്ബി കേരളത്തിന്റെ കഴുത്തില്‍ കെട്ടിയ കല്ലാവും!

കടമെടുപ്പിനെ ന്യായീകരിക്കുന്നവര്‍ പറയുന്ന യുക്തി ഇതാണ്; കടം വര്‍ധിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനവും (GSDP) വര്‍ധിച്ചില്ലേ? പക്ഷേ വര്‍ധിച്ചആഭ്യന്തര വരുമാനത്തിന് ആനുപാതികമായി നികുതി വരുമാനം വര്‍ധിച്ചിരുന്നെങ്കില്‍ കടമെടുപ്പ് ക്രമാനുഗതമായി കുറഞ്ഞു വരേണ്ടതായിരുന്നു. പക്ഷേ സന്നദ്ധമായ നികുതി നല്‍കല്‍ സംസ്‌കാരംവേണ്ടത്ര വളരാത്ത ഒരു സമൂഹത്തില്‍ ജിഎസ്ഡിപി വര്‍ധിച്ചതു കൊണ്ടു മാത്രം നികുതി വരുമാനം വര്‍ധിക്കില്ല.

ഈ സത്യം മനസിലാക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു കിഫ്ബി.

ഓരോ വര്‍ഷവും എടുക്കുന്ന കടത്തില്‍ സിംഹഭാഗവും റവന്യു ചെലവുകള്‍ക്കായി മാറ്റിവെയ്ക്കേണ്ടി വന്നപ്പോള്‍ മൂലധന ചെലവ് അതിന്റെ നെല്ലിപ്പലക കണ്ടു. 10 ശതമാനത്തിന് താഴെപ്പോയപ്പോള്‍ ബജറ്റിന് പുറത്ത് കടമെടുത്ത് മൂലധന ചെലവ് വര്‍ധിപ്പിക്കാനായി തുടങ്ങിയതാണ് കിഫ്ബി.

വന്‍ പലിശയ്ക്ക് കടമെടുത്ത് കിഫ്ബി ചെയ്യുന്നത് എന്താണ്? 1960കളിലും എഴുപതുകളിലും റവന്യു എക്കൗണ്ടിലുള്ള മിച്ചം കൊണ്ട് ചെയ്തുവന്നിരുന്ന റോഡ്, പാലങ്ങള്‍, കലുങ്കുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ. കിഫ്ബിയുടെ മുതല്‍മുടക്കുകളില്‍ ഭാവിയില്‍ വരുമാനമുണ്ടാക്കുന്നതായി 25 ശതമാനം പോലുമില്ല. കിഫ്ബി സംസ്ഥാനത്തിന്റെ കഴുത്തില്‍ കെട്ടിയ വലിയ കല്ലായി മാറാന്‍ അധിക സമയം വേണ്ട.

1) ചെലവിനങ്ങളിലെ പൊളിച്ചെഴുത്ത്
അധിക വിഭവ സമാഹരണത്തിലൂടെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ലെങ്കില്‍ ചെലവു ചുരുക്കല്‍ മാത്രമേ മാര്‍ഗമുള്ളൂ. ഏറ്റവും വലിയ ഇനം ശമ്പള-പെന്‍ഷന്‍ ചെലവുകളാണ്. അവസാന കണക്കുകള്‍ ലഭ്യമായ 2021-22ല്‍ ഏറ്റവും കൂടുതല്‍ ഈ ഇനത്തില്‍ ചെലവാക്കുന്നതു കേരളമാണ്. മൊത്തം വരുമാനത്തിന്റെ 62.42 ശതമാനം.
ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 41.11 ശതമാനം മാത്രം. ഈ രണ്ട്് ഇനങ്ങളിലാണ് ചെലവ് ചുരുക്കല്‍ നടപ്പിലാക്കേണ്ടത് എന്ന് വരുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ 10 ലക്ഷം വരും. അവരെ ആശ്രയിച്ചു കഴിയുന്നവര്‍ 30 ലക്ഷം കൂടി വരും എന്ന് കണക്കാക്കിയാല്‍ പോലും മൊത്തം 40 ലക്ഷമേ വരൂ. എന്നു പറഞ്ഞാല്‍ കേരളത്തിന്റെ 357 ലക്ഷം വരുന്ന ജനസംഖ്യയുടെ 11.20 ശതമാനം മാത്രം. മൊത്തം വരുമാനത്തിന്റെ 62.42 ശതമാനം 11.0 ശതമാനത്തിന് പോകുന്ന ഒരു വ്യവസ്ഥയെ അതുപോലെ നിലനിറുത്താനാണ് ഈ പെടാപ്പാടെല്ലാം എന്നോര്‍ക്കണം. ഇതിനെ ചോദ്യം ചെയ്യുകയും പൊളിച്ചെഴുതുകയുമല്ലേ ഒരു പുരോഗമനാത്മക സമൂഹം ചെയ്യേണ്ടത്?
ശമ്പളച്ചെലവ് മൊത്തം വരുമാനത്തിന്റെ 39.36 ശതമാനമാണ്. ഇത് 17 പ്രധാന സംസ്ഥാനങ്ങളുടേത് 28.14 ശതമാനം. ഈ ശരാശരിയിലേക്ക് കുറയ്ക്കാനായാല്‍ പ്രതിസന്ധി തന്നെ ഇല്ലാതാവും. ഇത് ഉടനടി സാധിക്കാവുന്നതല്ല. പക്ഷേ അടുത്ത പത്തു വര്‍ഷത്തിനകം ഈ ലക്ഷ്യം കൈവരിക്കാനാകണം. വിവര സാങ്കേതിക വിദ്യയും നിര്‍മിത ബുദ്ധിയുമൊക്കെ ഇക്കാര്യത്തില്‍ നമുക്ക് വഴികാട്ടിയാണ്.
2) വിതയ്ക്കാതെയുള്ള കൊയ്ത്ത് അഥവാ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍
പ്രധാന സംസ്ഥാനങ്ങള്‍ മൊത്തം വരുമാനത്തിന്റെ 12.89 ശതമാനം പെന്‍ഷനു വേണ്ടി ചെലവാക്കുമ്പോള്‍ കേരളത്തിന്റേത് 23.06 ശതമാനമാണ്. സമൂഹത്തിലെ വെറും രണ്ടു ശതമാനം പേര്‍ക്ക് മൊത്തം വരുമാനത്തിന്റെ 23 ശതമാനം പോകുന്ന ഈ വ്യവസ്ഥ പൊളിച്ചെഴുതാതെ കേരളത്തിന് ഒരു കാലത്തും രക്ഷയില്ല. ഇക്കൂട്ടര്‍ നിരന്തരം ഖജനാവ് കാലിയാക്കി കൊണ്ടിരിക്കുന്നതു മൂലം സാധാരണക്കാര്‍ 1,600 രൂപയ്ക്ക് വേണ്ടി ആറു മാസം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ആരംഭിച്ച കാലത്ത് 32 വയസായിരുന്നു ആയുര്‍ദൈര്‍ഘ്യം. ഏറിയാല്‍ അഞ്ച് അല്ലെങ്കില്‍ ഏഴു വര്‍ഷം ഒക്കെയേ പെന്‍ഷന്‍ നല്‍കേണ്ടി വരികയുള്ളൂ എന്ന കണക്കു കൂട്ടലില്‍ ആരംഭിച്ചതാണിത്. മാത്രമല്ല, ശമ്പളവും ശമ്പളക്കാരുമൊക്കെ അന്നു കുറവായിരുന്നു. ഒരു പൈസ പോലും ശമ്പളത്തില്‍ നിന്നും പിടിക്കാതെ അവസാന ശമ്പളത്തിന്റെ പകുതി പെന്‍ഷനായി കൊടുക്കുന്ന വ്യവസ്ഥിതിയുടെ യുക്തി ഇതായിരുന്നു. ഇന്ന് ആയുര്‍ദൈര്‍ഘ്യം 73 വയസാണ്. അവസാന ശമ്പളത്തിന്റെ അഞ്ചും ആറും ഇരട്ടിയാണ് ഇന്ന് പെന്‍ഷനായി ചിലര്‍ വാങ്ങുന്നത്.
പരിഷ്‌കൃത സമൂഹങ്ങളിലൊക്കെ കര്‍മനിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ സ്വന്തം ശമ്പളത്തില്‍ നിന്നും പിടിച്ചു മാറ്റിവെച്ച് പെന്‍ഷന്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ആനുപാതികമായാണ് പെന്‍ഷന്‍. ഇവിടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുമാറ്റി വെച്ചതാണ് എന്ന് സങ്കല്‍പ്പിച്ചു കൊണ്ട് ഇന്നത്തെ വരുമാനത്തില്‍ നിന്നും മുപ്പth 40 വര്‍ഷമൊക്കെ പെന്‍ഷന്‍ കൊടുക്കുകയാണ്. വിതയ്ക്കാതെയുള്ള ഈ കൊയ്ത്ത് പെന്‍ഷന്‍ അല്ല, ശമ്പളം തന്നെയാണ്.
3) വേണം ആവശ്യാധിഷ്ഠിത സാര്‍വത്രിക പെന്‍ഷന്‍
പെന്‍ഷന്‍ എന്ന പേരിലുള്ള ഈ ശമ്പളം കൊടുപ്പ് നിറുത്തലാക്കിയാല്‍ എല്ലാവര്‍ക്കും മാന്യമായി ജീവിച്ചു മരിക്കാനുള്ള പെന്‍ഷന്‍ കൊടുക്കാനുള്ള പൊതു വിഭവങ്ങള്‍ ഇവിടെയുണ്ട്്. ഏകദേശം ആറു ലക്ഷം പേര്‍ക്കായി 30,000 കോടി രൂപയാണ് ഇന്നത്തെ പെന്‍ഷന്‍ ചെലവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കെഎസ്ഇബി, കെഎസ്ആര്‍ടിസി, യൂണിവേഴ്സിറ്റി ജീവനക്കാര്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
പൊതുവിഭവങ്ങള്‍ പരിമിതമാണെന്നും എല്ലാവരും കൂടി സ്വരൂപിച്ചിട്ടുള്ളതാണെന്നും അവയുടെ മേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഉള്ള വസ്തുത അംഗീകരിക്കപ്പെടണം. അതില്‍ നിന്ന് സമ്മര്‍ദ്ദങ്ങളിലൂടെ ഒരു കൂട്ടര്‍ കൂടുതല്‍ ഊറ്റിയെടുത്താല്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞുപോകും. നൈതികതയില്‍ അധിഷ്ഠിതമായ ആവശ്യാധിഷ്ഠിത സാര്‍വത്രിക പെന്‍ഷന്‍ എന്ന ഈ ലേഖകന്‍ വികസിപ്പിച്ചെടുത്ത ആശയത്തെ കുറിച്ച് ഏറെ പറയാനുണ്ട്്. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പരിസരങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കുന്ന ആശയമാണിത്. വിദേശ പരിഷ്‌കൃത സമൂഹങ്ങളിലുള്ള പെന്‍ഷനിലേയ്ക്കുള്ള ആദ്യ പടിയാണിത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷനും പങ്കാളിത്ത പെന്‍ഷനും ഇല്ലാതാക്കിയാല്‍ മാത്രമേ ഈ ആശയം നടപ്പിലാക്കാനാവുകയുള്ളൂ.
സാധാരണക്കാരുടെ പെന്‍ഷന്‍ ഇന്നത്തെ 1,600 രൂപയില്‍ നിന്ന് 5,000 രൂപയ്ക്ക് മേല്‍ ഉയര്‍ത്താന്‍ ഈ ആശയം വഴി കഴിയും. ഇന്നത്തെ ശരാശരി പെന്‍ഷന്‍ 40,000 രൂപയോളമാണ്. 75,000 രൂപ മുതല്‍ 1.5 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആയിരക്കണക്കിന് വരും.
വൃദ്ധജനങ്ങള്‍ ഉപഭോഗത്തില്‍ നിന്ന് ഏറെക്കുറെ പിന്‍വാങ്ങിയവരാണ്. അവരുടെ കൈകളിലെത്തുന്ന തുകയില്‍ ശരാശരി 25 ശതമാനം പോലും വിപണിയില്‍ തിരിച്ചെത്തുന്നില്ല. നേരേ മറിച്ച് ആവശ്യാധിഷ്ഠിത സാര്‍വത്രിക പെന്‍ഷന്‍ നടപ്പിലാക്കിയാല്‍ വര്‍ധിക്കുന്ന പെന്‍ഷന്‍ തുക ഉടന്‍ തന്നെ വിപണിയിലെത്തി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കും. കേരള സമ്പദ് വ്യവസ്ഥയിലെ മരവിപ്പ് മാറാന്‍ ഇതിനേക്കാള്‍ നല്ല ഒറ്റമൂലിയില്ല. ഭൂപരിഷ്‌കരണത്തിനു ശേഷം കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ സാമൂഹിക വിപ്ലവമായിരിക്കും ഇത്.
(ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവും 'കേരള ധനകാര്യം; ജനപക്ഷത്തു നിന്ന് ഒരു പുനര്‍വായന' എന്ന കൃതിയുടെ കര്‍ത്താവുമാണ് ലേഖകന്‍)
Jose Sebastian
Jose Sebastian  

Related Articles

Next Story

Videos

Share it