പ്രതിശീര്‍ഷ വരുമാനം; കോവിഡിന് മുന്‍പുള്ള നിലയിലേക്ക് കേരളത്തിന് എത്താനായില്ല

പ്രതിശീര്‍ഷ വരുമാനത്തില്‍ (Per Capita Income) കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്താനാവാതെ കേരളം (Kerala) ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തിറക്കിയ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ 2021-22ല്‍ 3.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 201-20ല്‍ 149,675 രൂപയായിരുന്നു സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം. കോവിഡ് പിടിമുറുക്കിയ 2020-21 കാലയളവില്‍ അത് 138,191 രൂപയായി ഇടിഞ്ഞു.

2021-22ല്‍ പ്രതിശീര്‍ഷ വരുമാനം 146,047 ആയി ഉയര്‍ന്നെങ്കിലും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തിയില്ല. കോവിഡിനെ തുടര്‍ന്ന് ടൂറിസം മേഖല തളര്‍ന്നതും പ്രവാസികളുടെ മടങ്ങിവരവും ആണ് കേരളത്തിന്റെ വരുമാനച്ചെ ബാധിച്ച പ്രധാന ഘടകങ്ങള്‍. കേരളത്തെ കൂടാതെ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മേഘാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും സമാന സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഇതില്‍ പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നിവ കേരളത്തെ പോലെ തന്നെ ഒരു ലക്ഷത്തിന് മുകളില്‍ പ്രതിശീര്‍ഷ വരുമാനം ഉള്ളവയാണ്.

ഉത്തര്‍പ്രദേശ് -40,432 രൂപ, ജാര്‍ഖണ്ഡ്- 55,126 രൂപ, മേഘാലയ- 60,606 രൂപ, പഞ്ചാബ്- 118,341 രൂപ, ഉത്തരാഖണ്ഡ്- 146,047 രൂപ, പുതുച്ചേരി- 150,454 എന്നിങ്ങനെയാണ് 2021-22ലെ പ്രതിശീര്‍ഷ വരുമാനം. ഗുജറാത്ത് ഉള്‍പ്പടെയുള്ള 13 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിശീര്‍ഷ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അതേ സമയം 14 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിശീര്‍ഷ വരുമാനം 2019-20 കാലയളവിനെക്കാള്‍ ഉയര്‍ന്നു. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തിലാണ്.

2021-22 കാലയളവില്‍ പ്രതിശീര്‍ഷ വരുമാനക്കണക്കില്‍ സിക്കിമാണ് ഒന്നാമത്. 2.56 ലക്ഷം രൂപയാണ് സിക്കിമിലെ പ്രതിശീര്‍ഷ വരുമാനം. ഹരിയാന (1.79 ലക്ഷം), കര്‍ണാടക ( 1.68 ലക്ഷം) എന്നിവയാണ് പിന്നാലെ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2.63 ലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനമുള്ള ഡല്‍ഹിയാണ് ഒന്നാമത്. ബിഹാറും (30,779) ഉത്തര്‍പ്രദേശും (40,432 ) ആണ് പ്രതിശീര്‍ഷ വരുമാനം കുറഞ്ഞ സംസ്ഥാനങ്ങള്‍. ഇക്കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നത് 8.7 ശതമാനം ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it