നഷ്ടം ₹4,811 കോടിയായി വാരിക്കൂട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍; ഒന്നാമത് കെ.എസ്.ആര്‍.ടി.സി

കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2022-23ല്‍ 4,811.73 കോടി രൂപയായി വര്‍ധിച്ചു. ഇന്നവതരിപ്പിച്ച 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാള്‍ 1.10 ശതമാനം അധികമാണിത്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ 2022-23ലെ വരുമാനം പക്ഷേ 37,405 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 40,774.07 കോടി രൂപയായി.
ലാഭത്തിലും നഷ്ടത്തിലും
ലാഭത്തിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2021-22ലെ 58 എണ്ണത്തില്‍ നിന്ന് 57 ആയി കുറഞ്ഞു. നഷ്ടത്തിലുള്ളവയുടെ എണ്ണം 66ല്‍ നിന്ന് 59 ആയും കുറഞ്ഞു. 15 കമ്പനികള്‍ക്ക് ലാഭമോ നഷ്ടമോയില്ല.
ലാഭത്തിലുള്ള 57 കമ്പനികള്‍ ചേര്‍ന്ന് 889.15 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 2021-22ല്‍ ലാഭം 855.02 കോടി രൂപയായിരുന്നു.
നഷ്ടത്തിലുള്ള 59 കമ്പനികള്‍ ചേര്‍ന്ന് കുറിച്ചത് 5,700.88 കോടി രൂപയുടെ നഷ്ടമാണ്. 2021-22ലെ 5,614 കോടി രൂപയേക്കാള്‍ 1.54 ശതമാനം അധികമാണിത്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 2022-23ല്‍ നല്‍കിയ ലാഭവിഹിതം 12 കോടി രൂപയില്‍ നിന്ന് 7.97 കോടി രൂപയായി കുറഞ്ഞിട്ടുമുണ്ട്.
നഷ്ടത്തില്‍ മുന്നില്‍ കെ.എസ്.ആര്‍.ടി.സി
കെ.എസ്.ആര്‍.ടി.സിയാണ് ഏറ്റവുമധികം നഷ്ടം കുറിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനം. 2022-23ല്‍ 1,521.82 കോടി രൂപയുമായാണ് കെ.എസ്.ആര്‍.ടി.സി ഒന്നാംസ്ഥാനം നേടിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടത്തില്‍ 26.69 ശതമാനവും കെ.എസ്.ആര്‍.ടി.സിയുടെ സംഭാവനയാണ്. അതേസമയം, 2021-22ലെ 2,010.58 കോടി രൂപയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയുകയാണുണ്ടായത്.
CHART-01 ഏറ്റവുമധികം നഷ്ടത്തിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ

കേരള വാട്ടര്‍ അതോറിറ്റി 1,312.34 കോടി രൂപയുടെ നഷ്ടവുമായി രണ്ടാംസ്ഥാനത്താണ്. മൊത്തം നഷ്ടത്തില്‍ 23.02 ശതമാനമാണ് വാട്ടര്‍ അതോറിറ്റിയുടെ വിഹിതം. മുന്‍വര്‍ഷത്തെ 824.33 കോടി രൂപയില്‍ നിന്നാണ് നഷ്ടം വാട്ടര്‍ അതോറിറ്റി ഉയര്‍ത്തിയത്.
കെ.എസ്.ഇ.ബിക്ക് 1,023.62 കോടി രൂപയുടെ നഷ്ടമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മൊത്തം നഷ്ടത്തില്‍ 17.96 ശതമാനമാണ് കെ.എസ്.ഇ.ബിയുടെ സംഭാവന. 2021-22ല്‍ വെറും 97.66 കോടി രൂപയായിരുന്ന ലാഭമാണ് കെ.എസ്.ഇ.ബി കഴിഞ്ഞവര്‍ഷം കുത്തനെ ഉയര്‍ത്തിയത്. സംസ്ഥാനത്തെ ഏറ്റവുമധികം നഷ്ടം നേരിടുന്ന ആദ്യ 10 പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ക്കായി ചാര്‍ട്ട്-1 നോക്കുക.
ലാഭത്തില്‍ ഒന്നാമത് കെ.എസ്.എഫ്.ഇ
ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയാണ് സംസ്ഥാനത്തെ ഏറ്റവും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനം. 2021-22ലെ 105.49 കോടി രൂപയില്‍ നിന്ന് 2022-23ല്‍ കെ.എസ്.എഫ്.ഇയുടെ ലാഭം 350.87 കോടി രൂപയായി ഉയര്‍ന്നു.
Chart-02 ഏറ്റവുമധികം ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തില്‍ 39.46 ശതമാനവും കെ.എസ്.എഫ്.ഇയുടെ സംഭാവനയാണ്. 85.04 കോടി രൂപയുടെ ലാഭവും 9.56 ശതമാനവും വിഹിതവുമായി ലാഭത്തില്‍ രണ്ടാമത് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സാണ് (KMML). എന്നാല്‍, കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ 226.75 കോടി രൂപയില്‍ നിന്ന് കുത്തനെ ഇടിയുകയാണുണ്ടായത്. ലാഭത്തിലുള്ള ആദ്യ 10 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ക്കായി ചാര്‍ട്ട്-2 നോക്കുക.
വരുമാനത്തിൽ മുന്നില്‍ കെ.എസ്.ഇ.ബി
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം വരുമാനം വാരിക്കൂട്ടുന്നത് കെ.എസ്.ഇ.ബിയാണ്. 2021-22ലെ 15,962 കോടി രൂപയില്‍ നിന്ന് കഴിഞ്ഞവര്‍ഷം കമ്പനിയുടെ വരുമാനം 17,984 കോടി രൂപയായി ഉയര്‍ന്നു. രണ്ടാംസ്ഥാനത്തുള്ള കെ.എസ്.എഫ്.ഇയുടെ വരുമാനം 3,643.03 കോടി രൂപയില്‍ നിന്ന് 4,503.78 കോടി രൂപയായി മെച്ചപ്പെട്ടു.
CHART-03 ഏറ്റവുമധികം വരുമാനം നേടിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ


ബിവറേജസ് കോര്‍പ്പറേഷനാണ് മൂന്നാംസ്ഥാനത്ത്. വരുമാനം 2,714.48 കോടി രൂപയില്‍ നിന്ന് 3,393.77 കോടി രൂപയായി ഉയര്‍ന്നു (ചാര്‍ട്ട്-3 നോക്കുക).

തൊഴിലിലും കെ.എസ്.ഇ.ബി മുന്നില്‍
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത് കെ.എസ്.ഇ.ബിയിലാണ് - 29,579 പേര്‍. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിലെ 22.76 ശതമാനവും കെ.എസ്.ഇ.ബിയിലാണ്.
CHART-04 ഏറ്റവുമധികം ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ

കെ.എസ്.ആര്‍.ടി.സിക്കാണ് രണ്ടാംസ്ഥാനം. 26,528 പേര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു, വിഹിതം 20.41 ശതമാനം. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനാണ് 11,852 ജീവനക്കാരുമായി മൂന്നാംസ്ഥാനത്ത് (ചാര്‍ട്ട്-4 നോക്കുക).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it