സര്‍ക്കാരിന്റെ ചെലവില്‍ 39 ശതമാനവും ശമ്പളത്തിനും പെന്‍ഷനും; ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ മുന്തിയ പങ്കും ശമ്പളത്തിനും പെന്‍ഷനും. ഇതാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും ഏറ്റവും ഉയര്‍ന്നതും. ബിസിനസ്‌ലൈന്‍ 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേരളം ശമ്പളത്തിനും പെന്‍ഷനുമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം വരുമിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും കേരളം ചെലവിടുന്നത് ശമ്പളവും പെന്‍ഷനും
നല്‍കാന്‍ മാത്രം.

ഇതിനോടൊപ്പം വായ്പകള്‍ക്കുള്ള പലിശയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം തുക 94,258 കോടി രൂപയാകും. അതായത് മൊത്തം ചെലവിന്റെ 54 ശതമാനം. ഇതുകൊണ്ടു തന്നെ മൂലധന ചെലവ് ഉള്‍പ്പെടെയുള്ള പ്രൊഡക്ടീവായ കാര്യങ്ങള്‍ക്കായി കേരളത്തിന് അധികം ചെലവിടാനാകുന്നില്ല. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൂലധന ചെലവഴിക്കല്‍ 66,278 കോടി രൂപയാണ്.

യു.പി തൊട്ടു പിന്നില്‍

കേരളത്തിന്റെ തൊട്ടടുത്ത് തന്നെ ഉത്തര്‍പ്രദേശുമുണ്ട്‌. ചെലവുകളുടെ 38 ശതമാനമാണ് ശമ്പളത്തിനും പെന്‍ഷനുമായി ഉത്തര്‍പ്രദേശ് നീക്കിവയ്ക്കുന്നത്. ശമ്പളത്തിന് 1.66 ലക്ഷം കോടിയും പെന്‍ഷന് 82,422 കോടിയും നീക്കിവയ്ക്കുന്നുണ്ട്. എന്നാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ യു.പിയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണിത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും എണ്ണം ഏകദേശം 27 ലക്ഷത്തോളം വരും. കേരളത്തില്‍ അഞ്ച് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണുള്ളത്. മഹാരാഷ്ട്രയില്‍ 17 ലക്ഷവും തമിഴ്‌നാട്ടിലിത് 16 ലക്ഷവുമാണ്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ ഈ വര്‍ഷങ്ങളിലേത് ലഭ്യമല്ലാത്തതിനാല്‍ താരതമ്യത്തിനായി എടുത്തിട്ടില്ല.
ഭരണ നിര്‍വഹണ ശേഷി
ഭരണനിര്‍വഹണരംഗത്ത് കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശേഷിയുമായി ബന്ധപ്പെടുത്തിയാണ് ശമ്പള ബാധ്യത കാണേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ യു.പിയുടെ ബാധ്യത ഒരു ജീവനക്കാരന്‍/പെന്‍ഷനര്‍ക്ക് 9.1 ലക്ഷമാണ്. അതേസമയം കേരത്തിലിത് 13.3 ലക്ഷമാണ്. മധ്യപ്രദേശിലിത് 12.1 ലക്ഷവും മഹാരാഷ്ട്രയില്‍ 11.7 ലക്ഷവുമാണ്.
2024 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ശമ്പളത്തിലും പെന്‍ഷനിലും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നതും ഉത്തര്‍പ്രദേശാണ്. ഇക്കാലയളവില്‍ യു.പിയുടെ പെന്‍ഷന്‍ പേയ്‌മെന്റ് 38 ശതമാനവും ശമ്പളം 28 ശതമാനവും വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും സംസ്ഥാനങ്ങളുടെ യഥാര്‍ത്ഥ ചെലവുകള്‍ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കുറയാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതായത് ശമ്പള ബാധ്യത 2.13 ലക്ഷമാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും ഫലത്തില്‍ 1.57 ലക്ഷമായി കുറഞ്ഞേക്കാം.

തനത് വരുമാനത്തിന്റെ 61.32 ശതമാനവും

ഇന്ത്യയിലെ 17 പ്രധാന സംസ്ഥാനങ്ങള്‍ എടുത്താല്‍ ശമ്പള പെന്‍ഷന്‍ ബാധ്യത ഏറ്റവും കൂടുതല്‍ കേരളത്തിനാണെന്ന് സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ.ജോസ് സെബാസ്റ്റ്യൻ പറയുന്നു. 2021-22 ലെ കണക്കുകള്‍ പ്രകാരം ശമ്പള-പെന്‍ഷന്‍ ബാധ്യതകളുടെ കാര്യത്തില്‍ 17 സംസ്ഥാനങ്ങളുടെ ആകെ ശരാശരി 40.63 ശതമാനമാണ്. എന്നാല്‍ കേരളത്തിലിത് മൊത്ത വരുമാനത്തിന്റെ 61.32 ശതമാനമാണ്. 17 സംസ്ഥാനങ്ങളുടെ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിന്റെ ബാധ്യത. അതായത് തനത് വരുമാനത്തിന്റെ 61.32 ശതമാനവും ശമ്പള പെന്‍ഷന്‍ ചെലവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Next Story

Videos

Share it