എൽപിജി വില 59 രൂപ കൂടി; പക്ഷെ സർക്കാരിന്റെ കയ്യിലുണ്ട് വിലകുറക്കാനുള്ള വഴി
പെട്രോൾ, ഡീസൽ വിലയോടൊപ്പം രാജ്യത്തെ പാചകവാതക ഇന്ധന വിലയും മുകളിലേക്ക്. സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന് 59 രൂപ കൂടി.
അന്താരാഷ്ട്ര എണ്ണ വില ഉയർന്നതും രൂപയുടെ വിനിമയ നിരക്കിലുള്ള ഇടിവും കാരണമാണ് എൽപിജി വില വർധിച്ചതെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിശദീകരണം.
സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറിന് 2.89 രൂപ കൂടി.
ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് നൽകുന്ന സബ്‌സിഡി ഒക്ടോബർ മുതൽ സിലിണ്ടർ ഒന്നിന് 376.60 രൂപയാക്കും. സെപ്റ്റംബറിൽ സബ്സിഡിയായി ബാങ്കിലെത്തിയിരുന്ന തുക 320.49 രൂപയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ മാസത്തേക്കാൾ 56.11 രൂപ അധികം സബ്‌സിഡിയായി ബാങ്ക് എക്കൗണ്ടിൽ എത്തുന്നത് മൂലം സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറിന് ഉപഭോക്താവിന് വെറും 2.89 രൂപ മാത്രമേ അധികം നൽകേണ്ടി വരികയുള്ളൂ.
അതേസമയം, നീതി ആയോഗ് എൽപിജി വില കുറക്കാനുള്ള ഒരു നിർദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പാചകവാതകത്തിനൊപ്പം 20 ശതമാനം മെഥനോൾ കൂട്ടിച്ചേർക്കണമെന്നാണ് നിർദേശം. പല രാജ്യങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.
ഇത്തരത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ വരെ വില കുറക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
എൽപിജി സബ്‌സിഡി നൽകുന്നതിലൂടെ സർക്കാരിന് 20000 കോടി രൂപയാണ് അധിക ബാധ്യത. പുതിയ രീതി അവലംബിച്ചാൽ ഈ ചെലവ് 30 ശതമാനം കുറക്കാൻ കഴിയും.
ഇതുവഴി 2030 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി ചെലവ് 100 ബില്യൺ ഡോളർ വരെ കുറക്കാമെന്ന് നീതി ആയോഗ് അവകാശപ്പെടുന്നു. കൽക്കരിയിൽ നിന്നും മറ്റ് ജൈവ വിഭവങ്ങളിൽ നിന്നും മെഥനോൾ ഉല്പാദിപ്പിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.