കോവിഡ് 19 ഇംപാക്ട് കമ്പനികള്‍ ചൈന വിടുന്നു, പക്ഷേ ഇന്ത്യയിലേക്കല്ല വിയറ്റനാമിലേക്ക്!

കോവിഡ് വ്യാപനവും അതിന്റെ പ്രത്യാഘാതവും മൂലം ചൈനയില്‍ നിന്ന് നിരവധി കമ്പനികളാണ് വിട്ടുപോകുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇങ്ങോട്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ ഗവണ്‍മെന്റ്. യുവജന സംഖ്യയില്‍ മുന്നിലാണെന്നതും കൂലിച്ചെലവ് കുറവാണെന്നതുമായിരുന്നു അനുകൂല ഘടകങ്ങളായി എടുത്തുകാട്ടിയിരുന്നത്. എന്നാല്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റുന്ന 56 കമ്പനികളെ കുറിച്ച്് നോമുറ ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നത് ഇതില്‍ വെറും മൂന്നു കമ്പനികള്‍ മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നതെന്നാണ്.

വിയ്റ്റാനാമിലേക്കാണ് കൂടുതല്‍ കമ്പനികളും കണ്ണു വച്ചിരിക്കുന്നത്. 26 കമ്പനികള്‍!. 11 കമ്പനികള്‍ തായ്‌വാനിലേക്കും എട്ട് കമ്പനികള്‍ തായ്‌ലന്റിലേക്കുമാണ് തങ്ങളുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ മാറ്റുന്നത്.

ഇന്ത്യയുടെ പ്രതീക്ഷ മങ്ങുന്നുവോ?

1000 ത്തോളം വിദേശ കമ്പനികള്‍ ഇന്ത്യയില്‍ മാനുഫാക്ചറിംഗ് ഹബ് തുടങ്ങുന്നതിനായി അധികാരികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അതില്‍ 300 കമ്പനികളെങ്കിലും ഇവിടേക്കെത്തുമെന്നും കുറച്ചു ദിവസം മുന്‍പാണ്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് നോമുറയുടെ ഈ പുതിയ പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് പല പരിഷ്‌കാര നടപടികളും കൈക്കൊള്ളുന്നുണ്ട്. ഇതിന്റഎ ഭാഗമായാണ് കോര്‍പ്പറേറ്റ് ടാക്‌സ് 25.27 ശതമാനത്തിലേക്കും വീണ്ടും പുതിയ മാനുഫാക്‌റിംഗ് കമ്പനികള്‍ക്ക് ഇത് 17 ശതമാനമാക്കിയും മാറ്റിയിട്ടുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എന്തുകൊണ്ട് വിയറ്റ്‌നാം?

ഈ കമ്പനികളില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലേക്ക് മാറാനുള്ള കാരണമെന്താണ്? പുതിയ കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ഏകദേശം 10 കോടി ജനസംഖ്യയുള്ള രാജ്യത്തെ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. തെക്കന്‍ ചൈനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന വിയറ്റ്‌നാമിന് ചൈനയുമായി ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സാമീപ്യമുണ്ട്, രാഷ്ട്രീയ വ്യവസ്ഥ പോലും സമാനമാണ്- ചൈനയെ പോലെ ഒറ്റ കക്ഷി കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണിത്. ബ്യൂറോക്രാറ്റിക് അലസതയും ജനാധിപത്യ ചുവപ്പു നാടകളും ഇല്ലാത്ത സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയാണ് കമ്പനികള്‍ ഇഷ്ടപ്പെടുന്നത്.

1990 കളില്‍ വിയറ്റ്‌നാമും ഇന്ത്യയെപ്പോലെ തന്നെ സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കാന്‍ തുടങ്ങി, അതിനുശേഷം രാജ്യം ശരാശരി 6-7 ശതമാനത്തിന് മുകളില്‍ വളര്‍ന്ന., ഇന്ത്യയോട് സമാനമായ വളര്‍ച്ച കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍, ശരാശരി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അത് ഇന്ത്യയെ മറികടന്നിരുന്നില്ല, എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ചെറിയ രാജ്യം പെട്ടെന്നു കുതിച്ചുയരുകയാണ്. ചൈനയുമായുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യമാണ് ഇതിന് സഹായിച്ചത്

ചുവപ്പു നാടകളില്‍ കുരുങ്ങിക്കിടക്കുന്നത് കുറച്ചത്, അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ ശരിയായ പല നടപടികളും വിയറ്റ്‌നാം കൈക്കൊണ്ടട്ടുണ്ട്. 1986 ലാണ് രാജ്യം സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിത്. അതായത് ചൈന ആരംഭിച്ച് കൃത്യം ഒരു ദശാബ്ദത്തിനുശേഷം. അന്നു മുതല്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ വളരെയധികം നിക്ഷേപം നടത്തി. പ്രത്യേകിച്ചും നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തില്‍. അതുകൊണ്ടു തന്നെ ശരാശരി വിയറ്റ്‌നാംകാരന്‍ ശരാശരി ഇന്ത്യക്കാരനേക്കാള്‍ കഴിവുള്ളവനാണ്. അസ്ഥിരത കുറവാണ് രാജ്യത്തിന്റെ കറന്‍സിക്ക്. മാത്രമല്ല ലോക ബാങ്കിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുമായി തൊട്ടടടുത്ത് മത്സരിക്കുന്നു. ഇതെല്ലാം ഇന്ത്യയേക്കാള്‍ വിയ്റ്റ്‌നാമിനെ തെരഞ്ഞെടുക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.

കമ്പനികളെ എങ്ങനെ ആകര്‍ഷിക്കാം?

വിയ്റ്റ്‌നാമിന്റെ പ്രധാന നേട്ടം ചൈനയുമായും അതിന്റെ വ്യവസ്ഥയുമായും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സാമ്യമാണ്. പക്ഷേ, ഇന്ത്യ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ഭൂമി, തൊഴില്‍, മൂലധനം, ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ എന്നിവയിലേക്ക് സര്‍ക്കാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണം.

രാഷ്ട്രീയ വ്യവസ്ഥയുടെ സ്വേച്ഛാധിപത്യ സ്വഭാവം കണക്കിലെടുത്ത് ചൈനയെപ്പോലെ അനുയോജ്യമായ ഒരു അന്തരീക്ഷം രാജ്യത്ത് കണ്ടെത്തുമെന്ന് വിയറ്റ്‌നാമിലേക്ക് മാറുന്ന കമ്പനികള്‍ക്ക് അറിയാം. വിയറ്റ്‌നാമില്‍, കോടതിയും എക്‌സിക്യൂട്ടീവും തുല്യമല്ല, മറിച്ച് നിയമസഭയുടെ കീഴിലാണ്, അത് ഒറ്റ പാര്‍ട്ടി അംഗങ്ങള്‍ മാത്രം നിറഞ്ഞതാണ്. അതിനാല്‍, നിയമനിര്‍മ്മാണസഭ ഒരു പദ്ധതിക്ക് അംഗീകാരം നല്‍കിയാല്‍ പിന്നീട് അധിക തടസങ്ങളൊന്നുമില്ല.

അതേ സമയം, ഇന്ത്യയില്‍, സര്‍ക്കാര്‍ ഒരു പദ്ധതിക്ക് അനുമതി നല്‍കിയാല്‍ പോലും കമ്പനികള്‍ ഫാക്ടറി തുടങ്ങാനുള്ള ഭൂമിയ്ക്കായി കൃഷിക്കാര്‍ മുതല്‍ അലസരും അഴിമതി നിറഞ്ഞതുമായ അധികാരികള്‍, പ്രാദേശിക മാഫിയകള്‍, എന്‍ജിഒകള്‍, പ്രാദേശിക ട്രേഡ് യൂണിയനുകള്‍, സര്‍ക്കാരിന്റെ കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ എന്നിങ്ങനെ പല പോരാട്ടങ്ങളും നടത്തേണ്ടതുണ്ട്.

അടുത്തിടെ യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം(USISPF) പ്രസിഡന്റ് മുകേഷ് അഗി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ലോകത്തിന്റെ മാനുഫാക്‌റിംഗ് ഹബ് എന്ന സ്ഥാനത്തേക്ക് ഇന്ത്യക്ക് കടന്നു ചെല്ലാനുമുള്ള മികച്ച അവസരമാണ് കോവിഡ് 19 നല്‍കിയിരിക്കുന്നതെന്നാണ്. 100 കണക്കിന് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് താന്‍ ഉറച്ച് വിശ്വസിക്കുന്നതെന്നും ആഗി പറഞ്ഞു.

ഇത് തൊഴിലവസരങ്ങള്‍ ഉയര്‍ത്തുകയും നിക്ഷേപം കൊണ്ടു വരികയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക രംഗം ഉത്തേജിക്കപ്പെടുകയും ചെയ്യും.
ഇതുപോലുള്ള ഒരു സുവര്‍ണ്ണാവസരം ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ലെങ്കില്‍, ചൈനയില്‍ നിന്ന് പലായനം ചെയ്യുന്ന കമ്പനികള്‍ വിയറ്റ്‌നാമിലേക്കല്ല, ഇന്ത്യയിലേക്കാണ് നീങ്ങുന്നതെന്ന് ഉറപ്പാക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഭൂമി, തൊഴില്‍, മൂലധനം, ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ എന്നിവ കണ്ടെത്തണം. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചിരുന്നു. ഇത് ആകര്‍ഷകമായൊരു കാര്യമാണ്. അതേ പോലെ തൊഴില്‍ നിയമങ്ങളിലും ഭൂനിയമങ്ങളിലും രാജ്യം പരിഷ്‌കരണം കൊണ്ടു വരേണ്ടതുണ്ട്. 5 ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തണമെങ്കില്‍ വര്‍ഷം ഏകദേശം 100 യുഎസ് ഡോളര്‍ നിക്ഷേപമെങ്കിലും ആകര്‍ഷിച്ചേ മതിയാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it