കാലിത്തീറ്റ മുതല്‍ ഹാര്‍ലി ബൈക്ക് വരെ… വ്യാപാര കരാര്‍ ചര്‍ച്ച മുന്നോട്ട്
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി യു.എസുമായുള്ള വ്യാപാര കരാര്‍ രൂപപ്പെടുത്താന്‍ ഇന്ത്യ കരുതലോടെയാണ് ചുവടു വയ്ക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. അതേസമയം അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ക്കായി വിപണി യഥേഷ്ടം തുറന്നുകൊടുക്കാനും ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനും ഇന്ത്യ തയ്യാറാകുന്നതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
യുഎസ് ഉല്‍പാദിപ്പിക്കുന്ന ക്രാന്‍ബെറി, ബ്ലൂബെറി, പെകന്‍ പരിപ്പ്, അവോക്കാഡോ എന്നിവയ്ക്ക് കുറഞ്ഞ ചുങ്കം സഹിതം വിപണി പ്രവേശനം അനുവദിക്കാന്‍ ഡല്‍ഹി സന്നദ്ധമാണ്. കാലിത്തീറ്റ നിര്‍മ്മിക്കാനുപയോഗിക്കുന്ന എഥനോള്‍ ഉപോല്‍പ്പന്നം, പ്രോട്ടീന്‍ സമ്പുഷ്ട വൈക്കോല്‍ ഇനമായ ആല്‍ഫല്‍ഫ ഹേ എന്നിവയുടെ ഇറക്കുമതിക്കുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്.
ഫെബ്രുവരി 24-25 തീയതികളിലെ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ കരാര്‍ എപ്പോള്‍ തയ്യാറാകുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇരുവശത്തും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുമ്പാണ് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഇതിനു മുമ്പു നടന്നത്.
ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ പത്ത് ശതമാനത്തില്‍ താഴെയാക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹാര്‍ലി ബൈക്കുകള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് 50 ശതമാനമാക്കി ചുരുക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയ്യാറായിരുന്നില്ല. ഹാര്‍ലി ബൈക്കുകള്‍ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ 100 ശതമാനമാണ് അവിടെ നികുതി. എന്നാല്‍ അവരുടെ ബൈക്കുകള്‍ ഇങ്ങോട്ട് അയക്കുമ്പോള്‍ ഒരു ടാക്സും ഈടാക്കുന്നില്ലെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
1,600 സി.സിക്ക് മുകളിലുള്ള ബൈക്കുകളുടെ തീരുവ ഒറ്റ അക്കമായി കുറയ്ക്കും. അത്തരം ബൈക്കുകള്‍ക്കായി ഇന്ത്യ ഒരു പുതിയ കോഡ് രൂപീകരിക്കും. ഇന്ത്യയിലെ മോട്ടോര്‍ സൈക്കിളുകളെ 75 സി.സി, 250 സി.സി, 500 സി.സി, 800 സി.സി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ളവ എന്നിങ്ങനെയായാണ് നിലവില്‍ തരംതിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്നതുള്‍പ്പെടെ ഇന്ത്യയ്ക്ക് താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളില്‍ വാഷിംഗ്ടണ്‍ ഇതുവരെ പിടിവാശിയാണു തുടരുന്നത്. ഇന്ത്യന്‍ മുന്തിരി, മാമ്പഴം, മാതളനാരങ്ങ എന്നിവയ്ക്ക് അമേരിക്കയില്‍ കൂടുതല്‍ വിപണി പ്രവേശം നല്‍കുന്നതിന് നിയമങ്ങള്‍ ലഘൂകരിക്കുക, ഈ ഇനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുക എന്നീ ആവശ്യങ്ങളിലും അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ വര്‍ഷം വരെ രണ്ടായിരത്തോളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഡ്യൂട്ടി ഫ്രീ ഇറക്കുമതി സാധ്യമായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കുകയെന്നതാണ് മറ്റൊരാവശ്യം. കുറഞ്ഞ ഉത്പാദന ചെലവുള്ള എതിര്‍ രാജ്യങ്ങളുയര്‍ത്തുന്ന മത്സരം അതിജീവിക്കാന്‍ വിഷമിക്കുന്ന ഇന്ത്യയുടെ അജണ്ടയില്‍ പ്രധാന സ്ഥാനമാണ് ഇതിനുള്ളത്. വാണിജ്യ മന്ത്രാലയ വക്താവ് യോഗേഷ് ബവേജ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഇ-കൊമേഴ്സിനായുള്ള ഇന്ത്യയുടെ നിര്‍ദ്ദിഷ്ട നയവും ഡാറ്റാ പരിരക്ഷണ നിയമ നീക്കവും യുഎസ് കമ്പനികളായ മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവ സര്‍ക്കാര്‍ പിന്തുണയുള്ള റുപേയ്ക്ക് തുല്യമായി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങളിലെ ചര്‍ച്ചകള്‍ തീര്‍പ്പാകുമെന്ന പ്രതീക്ഷ ഇന്ത്യക്കില്ല. പ്രാഥമിക ഉടമ്പടിക്കു ശേഷം ചര്‍ച്ച തുടരാനുള്ള സന്നദ്ധതയാണ് ന്യൂഡല്‍ഹി ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നതെന്നാണു സൂചന.
മിക്കവാറും ഇടക്കാല വ്യാപാര കരാര്‍ സാധിച്ചെടുക്കുകയാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം തന്നെയെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഉല്‍പ്പന്ന കയറ്റിറക്കുമതിയില്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് ചില നഷ്ടങ്ങളുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് അമേരിക്കയിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി. അതുവഴി വ്യാപാരക്കമ്മി കൂടുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇളവുകളുണ്ട്. ഈ പ്രത്യേക പദവി പതിറ്റാണ്ടുകളായി ഇന്ത്യയ്ക്കുമുണ്ടായിരുന്നു. ഇന്ത്യ വികസിത രാജ്യമായിട്ടുമില്ല. പക്ഷേ, വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ മാറ്റി ഇളവുകള്‍ നീക്കുകയായിരുന്നു.
ക്ഷീരോല്‍പ്പന്നങ്ങള്‍, കോഴി മാംസം, ഗോതമ്പ്, ആപ്പിള്‍, വാള്‍നട്ട് തുടങ്ങി നിരവധി ഇനങ്ങളുടെ തീരുവ കുറച്ചു കിട്ടിയാല്‍ 42,000 കോടി രൂപയുടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ഷം തോറും ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് കണക്കാക്കുന്നത്. അത് ഇവിടത്തെ കര്‍ഷകന് പുതിയ പ്രഹരമാകും.
ഒരു വര്‍ഷം ഏകദേശം 16 ബില്യണ്‍ ഡോളറാണ് ഇന്ത്യയ്ക്ക് അമേരിക്കയില്‍ നിന്നുള്ള വ്യാപാര ലാഭം. അമേരിക്കയുടെ ഈ നഷ്ടം നികത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യ അതിന് തയാറല്ല. കൂടുതലായി ആയുധങ്ങളും ഊര്‍ജ വിഭവങ്ങളും അമേരിക്കയില്‍ നിന്ന് വാങ്ങാമെന്നതാണ് ഇന്ത്യയുടെ നിലപാട്. ഈ തര്‍ക്കം പരിഹരിക്കാന്‍ സന്ദര്‍ശന വേളയില്‍ കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline