രാജ്യത്തെ ബാങ്കുകളുടെയും കമ്പനികളുടെയും റേറ്റിംഗും മൂഡീസ് വെട്ടിക്കുറച്ചു
ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് താഴ്ത്തിയതിനു പിന്നാലെ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എക്സിം ബാങ്ക് എന്നിവയുടെയും ഇന്‍ഫോസിസ്, ടിസിഎസ് ഉള്‍പ്പെടെ എട്ട് പ്രമുഖ കമ്പനികളുടെയും റേറ്റിംഗ് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് വെട്ടിക്കുറച്ചു. സര്‍ക്കാരിനും ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും ഫണ്ട് സമാഹരണം ചെലവേറിയതാക്കുന്ന ഈ നടപടി ഇന്ത്യന്‍ ഓഹരി വിപണിയിലും ചലനമുണ്ടാക്കും.കോവിഡ് ബാധ മൂലമുള്ള പ്രശ്‌നങ്ങളും പരമാധികാര റേറ്റിംഗിന്റെ തരംതാഴ്ത്തലുമാണ് ഇതിലേക്കു നയിച്ച പ്രധാന കാരണങ്ങളെന്ന് മൂഡീസ് പറയുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെയും എസ്ബിഐയുടെയും ദീര്‍ഘകാല പ്രാദേശിക, വിദേശ കറന്‍സി നിക്ഷേപ റേറ്റിംഗുകളെ ബിഎഎ 2 ല്‍ നിന്ന് ബിഎഎ 3 ലേക്ക് മൂഡീസ് താഴ്ത്തി. നെഗറ്റീവ് കാഴ്ചപ്പോടോടെയാണ് എക്സിം ബാങ്കിന്റെ ദീര്‍ഘകാല ഇഷ്യു റേറ്റിംഗ് ബിഎഎ 2 ല്‍ നിന്ന് ബിഎഎ 3 ലേക്ക് കുറച്ചിരിക്കുന്നത്. ഈ ബാങ്കുകളുടെ നിക്ഷേപ റേറ്റിംഗുകള്‍ ഇന്ത്യയുടെ ബിഎഎ 3 പരമാധികാര റേറ്റിംഗിന്റെ അതേ തലത്തിലാണ്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അടിസ്ഥാന ക്രെഡിറ്റ് അസസ്‌മെന്റിനെ (ബിസിഎ) ബിഎഎ 2 ല്‍ നിന്ന് ബിഎഎ 3 ലേക്ക് താഴ്ത്തി.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ദീര്‍ഘകാല പ്രാദേശിക, വിദേശ കറന്‍സി നിക്ഷേപ റേറ്റിംഗുകളും ബിസിഎയും മൂഡീസ് താഴ്ത്തിയിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡിന്റെ ദീര്‍ഘകാല പ്രാദേശിക, വിദേശ കറന്‍സി നിക്ഷേപ റേറ്റിംഗുകളെ നെഗറ്റീവ് വീക്ഷണത്തോടെയാണ് തരംതാഴ്ത്തിയിട്ടുള്ളത്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പെട്രോനെറ്റ് എല്‍എന്‍ജി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് എന്നീ എട്ട് ധനകാര്യ ഇതര കമ്പനികളുടെ ദീര്‍ഘകാല ഇഷ്യു റേറ്റിംഗ് തരംതാഴ്ത്തിയിരിക്കുന്നത് റേറ്റിംഗുകളെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപ്പാട് രേഖപ്പെടുത്തിക്കൊണ്ടാണ്.കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ എന്‍ടിപിസി, എന്‍എച്ച്ഐഐ, ഗെയ്ല്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കമ്പനികളുടെയും ഐആര്‍എഫ്സി, ഹഡ്കോ എന്നിവയുടെയും ഇഷ്യു റേറ്റിംഗുകള്‍ കുറച്ചു.അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇഷ്യു റേറ്റിംഗ് മൂഡീസ് സ്ഥിരീകരിച്ചെങ്കിലും കാഴ്ചപ്പാടിനെ സ്ഥിരതയില്‍ നിന്ന് നെഗറ്റീവ് ആയി പരിഷ്‌കരിച്ചു.
ഇന്ത്യയുടെ കാര്യത്തില്‍ എന്നും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന രാജ്യാന്തര ഏജന്‍സിയായ മൂഡീസ്, രാജ്യത്തിന്റെ പരമാധികാര റേറ്റിംഗിനെ 22 വര്‍ഷത്തിനിടെ ആദ്യമായി ബിഎഎ 3 ആയാണ്്് താഴ്ത്തിയത്. മൂഡീസിന്റെ താഴ്ന്ന റേറ്റിംഗിലൊന്നാണിത്. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെയും സര്‍ക്കാരിന്റെ ധനസ്ഥിതിയുടെയും മോശം സ്ഥിതിയെയാണ് പരമാധികാര റേറ്റിംഗ് തുറന്നു കാട്ടുന്നത്. ഇന്ത്യ ഘടനാപരമായി നേരിടുന്ന വെല്ലുവിളിയാണ് റേറ്റിംഗ് താഴ്ത്തിയതിനു പിന്നിലുള്ള മുഖ്യ കാരണമെന്ന സൂചനയും മൂഡീസ്് നല്‍കിയിരുന്നു. റേറ്റിംഗ് താഴ്ന്നതോടെ രാജ്യത്തിന്റെ ബോണ്ടുകള്‍ക്ക് മുന്‍പെന്നത്തേക്കാള്‍ റിസ്‌ക് കൂടി. രാജ്യത്തിന്റെ കടം തിരിച്ചടവും മോശമാകുമെന്ന സൂചനയാണ് താഴ്ന്ന റേറ്റിംഗ് നല്‍കുന്നത്. ബാങ്കുകളുടെയും കമ്പനികളുടെയും കാര്യത്തിലും റേറ്റിംഗ് താഴുന്നതു മൂലം ഇതേ പ്രശ്‌നങ്ങളുണ്ടാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline