രാജ്യത്തെവിടേയും സഞ്ചരിക്കാൻ ഇനി ഒറ്റ കാർഡ്
രാജ്യത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നതിന് ഇനി ഒറ്റ കാര്‍ഡ് മതിയാവും. 'വൺ നേഷൻ, വൺ കാർഡ്' പദ്ധതിയുടെ ഭാഗമായ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) അഹമ്മദാബാദില്‍ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. രാജ്യത്തെ എല്ലാവിധ ഗതാഗതസംവിധാനങ്ങൾക്കും ഈ കാർഡ് ഉപയോഗിച്ച് പണം നൽകാം.
ബാങ്കുകള്‍ നല്‍കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാതൃകയിലുള്ള ഇഎംവി-ചിപ്പ് അധിഷ്ഠിത 'ഓപ്പൺ ലൂപ്പ്' സ്മാര്‍ട്ട് കാര്‍ഡാണിത്. രാജ്യത്തെ 25 പ്രധാന ബാങ്കുകൾ വഴി ലഭിക്കുന്ന പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഈ സംവിധാനം ഉൾപ്പെടുത്തും. ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനുകളിൽ ഇതുപയോഗിക്കാനാവും. മന്ത്ലി പാസുകളും സീസൺ ടിക്കറ്റുകളും ഇതുവഴി എടുക്കാം.
നിലവില്‍ ഡല്‍ഹി മെട്രോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശീയമായി വികസപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൗണ്ടറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
'റൂപേ' ഡെബിറ്റ് കാർഡ് ശൃംഖലയിൽ പ്രവർത്തിക്കുന്ന കാർഡ് മെട്രോ റെയിൽ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിംഗ് സ്മാർട്ട് സിറ്റി, റീറ്റെയ്ൽ ഷോപ്പിംഗ് എന്നിവിടങ്ങളിലും ഉപയോഗിക്കാം.