കുറയുന്ന ജനനം, മരണം, കുടിയേറ്റം കേരളത്തിന് പുതിയ വെല്ലുവിളികള്‍?

ജനസംഖ്യാപരമായി വലിയൊരു മാറ്റത്തിന്റെ പാതയിലാണ് കേരളം

-Ad-

ജനസംഖ്യാപരമായി വലിയൊരു മാറ്റത്തിന്റെ പാതയിലാണ് കേരളം. കേരളത്തിലെ ജനന-മരണ നിരക്കുകള്‍ പരമാവധി കുറഞ്ഞതിനോടൊപ്പം വിദേശ കുടിയേറ്റത്തിനുള്ള അവസരങ്ങള്‍ കുറയുന്നതും കേരളീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാകുമെന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1989ല്‍ കേരളത്തിലെ ശിശു മരണനിരക്ക് 25 ആയിരുന്നത് 2016ല്‍ 10 ആയി കുറഞ്ഞു. ഇന്ത്യയിലിത് 34 ആണ്. കൂടാതെ സംസ്ഥാനത്തെ സ്ത്രീ-പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തിലും വളരെയേറെ വര്‍ധനയുണ്ടായി. മരണനിരക്ക് കുറഞ്ഞതോടൊപ്പം ജനനനിരക്കിലും ഇടിവുണ്ടായി എന്നതാണ് ശ്രദ്ധേയം. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് തന്നെ കുട്ടികളുടെ ജനന നിരക്കില്‍ സംസ്ഥാനത്ത് ഇടിവുണ്ടായി. ഫെര്‍ട്ടിലിറ്റി നിരക്കാകട്ടെ (ഠഎഞ)1.6 ആയി കുറയുകയും ചെയ്തു.

കുടിയേറ്റവും പ്രവാസിപ്പണവും

മലയാളികളുടെ രാജ്യാന്തര കുടിയേറ്റം 2013ല്‍ 24 ലക്ഷമായി ഉയര്‍ന്നെങ്കിലും 2016ല്‍ അത് 22 ലക്ഷമായി കുറഞ്ഞു. അതേസമയം കേരളത്തിലെ രൂക്ഷമായ തൊഴിലാളിക്ഷാമം കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധനയുണ്ടായി. 2013ല്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിയെന്നാണ് കണക്ക്. 2017ല്‍ ഇവരുടെ എണ്ണം 35 മുതല്‍ 40 ലക്ഷം വരെയായി ഉയരുകയുണ്ടായി. എന്നാല്‍ 2017-18ലെ സാമ്പത്തിക മാന്ദ്യം കാരണം അടുത്തകാലത്തായി അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്.

-Ad-

കേരളീയരുടെ വിദേശ കുടിയേറ്റം സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കില്‍ കാര്യമായ കുറവുണ്ടാക്കിയെന്ന് മാത്രമല്ല വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, കൂലി, വില തുടങ്ങിയ സമസ്ത മേഖലകളെയും അത് സ്വാധീനിക്കുകയും ചെയ്തു. കേരളത്തിലെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 36.3 ശതമാനമാണ് 2016ല്‍ വിദേശ മലയാളികള്‍ ഇവിടേക്ക് അയച്ചത്. കേരളത്തിന്റെ പൊതുകടത്തിലെ 60 ശതമാനം വരെ ഒഴിവാക്കാന്‍ കഴിയുന്നത്ര സമ്പത്താണത്. അന്യസംസ്ഥാന തൊഴിലാളികളും കേരളീയ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എല്ലാ മേഖലകളിലുമുള്ള ഇവരുടെ പങ്കാളിത്തത്തിന് പുറമേ അവരുടെ സമ്പാദ്യത്തിന്റെ മൂന്നിലൊന്ന് തുകയോളം ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നു. 2017ല്‍ ഇത് ഏകദേശം 10000 കോടി രൂപയായിരിക്കുമെന്നാണ് നിഗമനം.

കേരളം നേരിടുന്ന പുത്തന്‍ വെല്ലുവിളികള്‍

• സമൂഹത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും അന്യരാജ്യങ്ങളിലേക്ക് കുടിയേറ്റത്തിനുള്ളവരുടെ എണ്ണം കുറയുകയും ചെയ്യും.

• മിഡില്‍ ഈസ്റ്റിലെ ദേശസാല്‍ക്കരണം ഉള്‍പ്പടെയുള്ള വിവിധ നടപടികള്‍ കേരളീയരുടെ കുടിയേറ്റത്തിന് തിരിച്ചടിയാകും

• മലയാളി കുടിയേറ്റക്കാരില്‍ അഞ്ചില്‍ നാലും ഈ മേഖലകളിലായതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരം നിബന്ധനകള്‍ നടപ്പാക്കിയാല്‍ വളരെയേറെ പ്രവാസികള്‍ തിരികെ വരാന്‍ നിര്‍ബന്ധിതരാകും.

• ഇക്കാരണത്താല്‍ വിദേശ മലയാളികള്‍ അയയ്ക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവുണ്ടാക്കുകയും അത് കേരളീയ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

• അന്തര്‍ദേശീയ കുടിയേറ്റം കുറയുമ്പോള്‍ രാജ്യത്തിനകത്തെ മറ്റ് സംസ്ഥാനങ്ങളിലെ പുതിയ സാദ്ധ്യതകള്‍ കേരളീയര്‍ കണ്ടെത്തേണ്ടി വരും.

• കേരളത്തിലെ ജനസംഖ്യാ വളര്‍ച്ച അടുത്ത ഒരു പതിറ്റാണ്ടിനകം നെഗറ്റീവായിത്തീരും.

• വൃദ്ധജനങ്ങളുടെ സംരക്ഷണം, വര്‍ധിക്കുന്ന തൊഴില്‍ ഇല്ലായ്മ, മടങ്ങിവരുന്ന പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസം എന്നിവയ്‌ക്കെല്ലാം ശക്തമായ ഇടപെടലുകള്‍ ആവശ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here