നോട്ട് നിരോധനം: നോട്ട് പിടിച്ചെടുക്കലായിരുന്നില്ല ലക്ഷ്യമെന്ന് അരുൺ ജെയ്റ്റ്‌ലി

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിലും ഭരണ-പ്രതിപക്ഷ പാർട്ടികളുടെ വാഗ്വാദങ്ങൾ തുടരുകയാണ്. മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ പ്രതികരണമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.

"കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയാറുള്ളത്. എന്നാൽ നോട്ട് നിരോധനത്തിന്റെ മുറിവുകൾ കാലം കഴിയുന്തോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ മുഴുവൻ ഫലവും നാം ഇനിയും അനുഭവിക്കാനും മനസ്സിലാക്കാനും ഇരിക്കുന്നതേയുള്ളൂ," നോട്ടു നിരോധനത്തിന്‍റെ രണ്ടാം വാർഷികത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്‍മോഹൻ സിംഗ് ഈ മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ ചെറുകിട – ഇടത്തരം വ്യവസായങ്ങൾ നോട്ടുനിരോധത്തിന്‍റെ തിരിച്ചടികളിൽനിന്ന് ഇനിയും മുക്തമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ, ബാങ്കിംഗ്, ഓഹരിവിപണി, രൂപയുടെ മൂല്യം എന്നീ മേഖലകളിലെല്ലാം ഇതിന്റെ പ്രഭാവം പ്രകടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണു നോട്ട് നിരോധനമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

എന്നാൽ, അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നും ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നു എന്നുമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചത്. "നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ വിമര്‍ശനമായി എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളിൽ ഭൂരിപക്ഷവും ബാങ്കുകളില്‍ തിരിച്ചെത്തി എന്നതാണ്. എന്നാൽ നോട്ടു പിടിച്ചെടുക്കൽ ആയിരുന്നില്ല ലക്ഷ്യം. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള മാറ്റവും ജനങ്ങളെ നികുതി അടക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു," ജെയ്റ്റ്‌ലി പറഞ്ഞു.

കറൻസി ഉപയോഗം പഴയനിലയിൽ

നോട്ട് നിരോധനത്തിന്റെ പ്രധാന ഉദേശങ്ങളിലൊന്ന് കറൻസിയുടെ ഉപയോഗം കുറക്കുക എന്നുള്ളതായിരുന്നു. എന്നാൽ ആ ലക്ഷ്യം നിറവേറിയോ?

ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനം കഴിഞ്ഞു രണ്ടാം വർഷം സമ്പദ് വ്യവസ്ഥയിൽ ഉപയോഗത്തിലുള്ള കറൻസിയുടെ അളവ് (M3 money supply) 2014, 2015 കാലഘട്ടത്തിലേതിന് തുല്യമായി എന്നാണ് പഠനം വ്യക്തമാക്കുന്നത്.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുപ്രകാരം, നോട്ട് നിരോധനത്തിന് തൊട്ടുമുൻപുള്ള മാസം, അതായത്, 2016 ഒക്ടോബറിന് പൊതുജനങ്ങളുടെ കൈവശം ഉണ്ടായിരുന്ന കറൻസി M3 യുടെ 13.77 ശതമാനമായിരുന്നു. 2016 നവംബർ 8 ലെ ഡിമോണെറ്റൈസേഷന് ശേഷം ഇത് കുത്തനെ ഇടിഞ്ഞു. 2016 ഡിസംബറിൽ M3 യുടെ 6.55 ശതമാനമായിരുന്നു കറൻസി ഉപയോഗം.

രണ്ട് വർഷത്തിന് ശേഷം 2018 ഒക്ടോബർ 12 ന് ഇത് 12.99 ശതമാനമായി. അതായത്, 2015 ലേയും 2014 ലേയും നിലയിൽ. 2014 ഒക്ടോബറിൽ 12.85 ശതമാനമായിരുന്നു സർക്കുലേഷനിലുള്ള കറൻസി.

കറൻസിയുടെ ഉപയോഗം കുറക്കാൻ നോട്ട് നിരോധനത്തിന് സാധിച്ചില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it