പല സംസ്ഥാനങ്ങളിലും മൂന്നിലൊരു ഭാഗം കുടുംബങ്ങളും പട്ടിണി നേരിടുന്നു; സര്‍വേ ഫലം
ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചുവരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും കുടുംബങ്ങളില്‍ മൂന്നിലൊന്നു ഭാഗവും പട്ടിണിയുടെ വക്കിലെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി ഗാര്‍ഹിക സര്‍വേ ഫലം പ്രസിദ്ധീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ വീടുകളിലെ വിഭവങ്ങള്‍ തീര്‍ന്നുപോകുമെന്നും അതിനുശേഷം സഹായമില്ലാതെ വന്നാല്‍ വന്‍ ദുരിതമാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്‍ഹിക വരുമാനം നിലച്ചതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തില്‍ 84% കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നു വ്യക്തമായി.തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ള രാജ്യത്തെ ജനവിഭാഗത്തില്‍ നാലിലൊന്ന് പേരും ഇക്കാലത്ത് തൊഴിലില്ലാത്തവരാണെന്നും കണ്ടെത്തി.തൊഴിലില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ രാജ്യത്തെ 34% വീടുകളിലും ബാഹ്യ സഹായമില്ലാത്ത പക്ഷം ഒരാഴ്ചയ്ക്കുശേഷം ജീവിതം വഴിമുട്ടുമെന്ന് സിഎംഇഇ ചീഫ് ഇക്കണോമിസ്റ്റ് കൗശിക് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
വരുമാന സ്‌പെക്ട്രത്തിന്റെ താഴയെുള്ളവര്‍ക്ക് അടിയന്തിര പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു റിപ്പോര്‍ട്ട്.ഇത്തരം കുടുംബങ്ങളില്‍ പോഷകാഹാരക്കുറവ് കുത്തനെ വര്‍ദ്ധിക്കുന്നു.സിഎംഐഇയുടെ ത്രൈമാസ ഉപഭോക്തൃ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേ (സിപിഎച്ച്എസ്) പ്രകാരം, മെയ് മാസം തൊഴിലില്ലായ്മാ നിരക്ക് 25.5 ശതമാനമായി കുത്തനെ ഉയര്‍ന്നതായി പഠനം കണ്ടെത്തി. 65% നഗര കുടുംബങ്ങള്‍ ഒരാഴ്ചത്തേക്കു വേണ്ടത്ര വിഭവങ്ങള്‍ സമാഹരിച്ചിട്ടുള്ളതായി പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളുടെ കാര്യത്തില്‍ ഇത് 54% മാത്രമാണ്.
ചില സംസ്ഥാനങ്ങളെ ദുരന്തം മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ബാധിച്ചു. ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളില്‍ സ്ഥിതി താരതമ്യേന മെച്ചമാണെങ്കില്‍ ബീഹാര്‍, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കഷ്ടപ്പെടുന്നത്. സിഎംഇഇ ചീഫ് ഇക്കണോമിസ്റ്റ് കൗശിക് കൃഷ്ണന്‍, ഷിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസര്‍ മരിയന്‍ ബെര്‍ട്രാന്‍ഡ്, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹെതര്‍ ഷോഫീല്‍ഡ് എന്നിവരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline