Begin typing your search above and press return to search.
ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കില്ല, നിയന്ത്രണങ്ങള്‍ വന്നേക്കും
ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പാര്‍ലമെൻ്റിൻ്റെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായം. നിയന്ത്രണങ്ങളാണ് വേണ്ടതെന്നും ബിജെപി എംപി ജയന്ത് സിന്‍ഹ നേതൃത്വം നല്‍കിയ യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ക്രിപ്‌റ്റോ ഇടപാടുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടന്ന രണ്ടാംദിനമാണ് ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയത്.
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിലെ സുരക്ഷിതത്വം, ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിലവിലെ നികുതി വ്യവസ്ഥകള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്ന് യോഗത്തിന് ശേഷം ജയന്ത് സിന്‍ഹ പ്രതികരിച്ചു. അസറ്റ്, സെക്യൂരിറ്റി, കമ്മോഡിറ്റി, പേയ്‌മെൻ്റ് സിസ്റ്റം എന്നിവയായി ക്രിപ്‌റ്റോയെ ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഏത് രീതിയില്‍ ക്രിപ്‌റ്റോയെ നിര്‍വചിക്കണം എന്നതില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ജയന്ത് സിന്‍ഹ അറിയിച്ചു.
ബ്ലോക്ക് ചെയിന്‍ ആൻ്റ് ക്രിപ്‌റ്റോ അസറ്റ് കൗണ്‍സില്‍(ബിഎസി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ഐഐഎം അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ വര്‍ധിച്ചുവരുന്ന ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞിരുന്നു.
വരുന്ന ശീതകാല സമ്മേളനത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ബില്‍ പാര്‍ലമെൻ്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് വിവിധ തലങ്ങളിലെ യോഗങ്ങള്‍. നേരത്തെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്, ആഭ്യന്തര മന്ത്രാലയം, ധന മന്ത്രാലയം എന്നിവര്‍ രാജ്യത്തെയും വിദേശത്തെയും വിദഗ്ദരുടെ അഭിപ്രായം തേടിയിരുന്നു. ബില്‍ അവതരിപ്പിക്കുമ്പോള്‍ ക്രിപ്‌റ്റോയെ ഒരു പേയ്‌മെൻ്റ് സംവിധാനമായി സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതും അവസാനിപ്പിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ ഇടപാടുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നികുതി വ്യവസ്ഥയും ആയിരിക്കും ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ എല്‍ സാല്‍വദോര്‍ മാത്രമാണ് നിയമപരമായ ഇടപാടിനായി( ലീഗല്‍ ടെന്‍ഡര്‍) ക്രിപ്‌റ്റോ അംഗീകരിച്ച( ബിറ്റ്‌കോയിന്‍) ഏകരാജ്യം.
Next Story
Videos