പതഞ്ജലിയുടെ സ്വദേശി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം - 'ഓര്‍ഡര്‍മീ'
ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള വന്‍ കമ്പനികള്‍ക്കു ബദലായി സ്വദേശി ഇ-കൊമേഴ്സ് വിപണിക്കു തുടക്കമിടുന്നു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി. പതഞ്ജലിയുടെ സ്വന്തം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ മറ്റ് സ്വദേശി വസ്തുക്കളും സേവനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന 'ഓര്‍ഡര്‍മീ' രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനക്ഷമമായേക്കുമെന്നാണു സൂചന.
പതഞ്ജലിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയായ ന്യൂഡല്‍ഹിയിലെ ഭരുവ സൊല്യൂഷന്‍സ് ആണ് ഓണ്‍ലൈന്‍ റീട്ടെയിലിനായുള്ള പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പ്രാദേശിക ഉല്‍പന്നങ്ങള്‍ അംഗീകരിക്കാനും വാങ്ങാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ആചാര്യ ബാല്‍കൃഷ്ണന്‍ അറിയിച്ചു.
വെബ്സൈറ്റിലെ ഓര്‍ഡറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സൗജന്യമായി വീടുകളിലെത്തിക്കാനാണുദ്ദേശിക്കുന്നത്. എല്ലാ പ്രാദേശിക ചില്ലറ വ്യാപാരികളെയും ചെറുകിട ഷോപ്പ് ഉടമകളെയും സ്വദേശി ഇ-കൊമേഴ്സ് വിപണിയുമായി ബന്ധിപ്പിക്കും. കൂടാതെ, പതഞ്ജലിയിലെ 1,500 ഡോക്ടര്‍മാരില്‍ നിന്ന് മുഴുവന്‍ സമയത്തും സൗജന്യ വൈദ്യോപദേശവും യോഗ പാഠവും വാഗ്ദാനം ചെയ്യുന്നു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി ബാല്‍കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline