സ്വന്തം കീശയില്‍ നിന്ന് പണംമുടക്കി ചികിത്സ, മുന്നില്‍ കേരളവും

ഇന്ത്യന്‍ ആരോഗ്യ രംഗത്ത് മുടക്കുന്ന ഓരോ 100 രൂപയിലും ഇന്ത്യന്‍ കുടുംബങ്ങളുടെ പങ്ക് 48.2 രൂപയാണ്. 5.9 ട്രില്യണ്‍ രൂപയാണ് 2018-19 കാലയളവില്‍ ഇന്ത്യക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ചത്. തിങ്കളാഴ്ചയാണ് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ്് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

മൂലധനച്ചെലവും വാര്‍ഷിക (current expenditure) ചെലവും ഉള്‍പ്പടുത്തിയാണ് ആകെ തുക കണക്കാക്കിയിരിക്കുന്നത്. ആശുപത്രിക്കിടക്കയുടെ വാടക, മരുന്ന് തുടങ്ങിയവയാണ് കറന്റ് എക്‌സ്‌പെന്‍ഡീച്ചറില്‍ വരുന്നത്. ആശുപത്രികളുടെ നിര്‍മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂലധന വിഭാഗത്തിലാണ്. 2004-05 കാലയളവില്‍ ആകെ ചെലവിന്റെ 69.4 ശതമാനം ആയിരുന്നു പൗരന്മാര്‍ നേരിട്ട് ചെലവാക്കിയിരുന്നത്. ഒരോ വര്‍ഷം ചെല്ലുംതോറും ആരോഗ്യ മേഖലയില്‍ കുടുംബങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കേണ്ട പണത്തിന്റെ വിഹിതം (ചികിത്സാ ഭാരം) കുറഞ്ഞുവരുകയാണ്.

2018-19 കാലയളവില്‍ ജിഡിപിയുടെ 4.2 ശതമാനം ആണ് ഇന്ത്യ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചെലവാക്കിയത്. 2004-05 കാലയളവില്‍ ഇത് 3.2 ശതമാനം ആയിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിശീര്‍ഷ ചെലവും ഇക്കാലയളവില്‍ 2,066ല്‍ നിന്ന് 3,314 രൂപയായി ഉയര്‍ന്നു. സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സുകളും വര്‍ധിച്ചു. എന്നാല്‍ ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഏറെ പിന്നിലാണ്. ആഗോളതലത്തില്‍് ജനങ്ങള്‍ 18.01 ശതമാനം ആണ് നേരിട്ട് മുടക്കുന്നത്.

കൂടാതെ കുടുംബങ്ങള്‍ നേരിട്ട് ചെലവഴിക്കുന്ന തുക സംസ്ഥാനങ്ങള്‍ തോറും വ്യത്യസ്തമാണ്. ചികിത്സയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് ഏറ്റവും അധികം പണം ചെയവഴിക്കുന്നവര്‍ ഉത്തര്‍ പ്രദേശുകാരാണ് (യുപി) . ആകെ ചെലവിന്റെ 71.3 ശതമാനവും യുപിയിലെ ജനങ്ങള്‍ നേരിട്ടാണ് വഹിക്കുന്നത്. പശ്ചിമ ബംഗാള്‍ (68.7 %) ആണ് രണ്ടാമത്. 68.6 ശതമാനം രൂപയും കയ്യില്‍ നിന്ന് നല്‍കേണ്ടിവരുന്ന കേരളത്തിലെ ജനങ്ങളാണ് മൂന്നാമത്.

Related Articles
Next Story
Videos
Share it