പെട്രോള്‍, ഡീസല്‍ അമിതവില: കേരള സര്‍ക്കാരിന്റെ നിലപാട് ശരിയോ?

പെട്രോള്‍, ഡീസല്‍ നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ പാത കേരളം പിന്തുടരില്ലെന്ന് വ്യക്തമാകുമ്പോള്‍ കഷ്ടത്തിലാകുന്നത് സാധാരണ ജനങ്ങള്‍. ഉപതെരഞ്ഞെടുപ്പിലെ അനുഭവങ്ങളും വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ടുകൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ ഇപ്പോള്‍ തയ്യാറായത്.

സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആഹ്വാനം ചെയ്തിരുന്നെങ്കിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇപ്പോള്‍ നികുതി കുറച്ചിരിക്കുന്നത്. കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നികുതി കുറയ്‌ക്കേണ്ടതില്ലെന്നതുതന്നെയാണ് ഇടതുപക്ഷത്തിന്റെയും അഭിപ്രായം.

''നിങ്ങള്‍ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കുറച്ചില്ലേ എന്ന് ചിലര്‍ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂടിയിട്ടില്ല. നികുതി കൂട്ടിക്കൊണ്ടിരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ കുറയ്ക്കുന്നത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവര്‍ കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവര്‍ കുറയ്ക്കുക എന്നതല്ല,'' ഫേസ് ബുക്ക് പോസ്റ്റില്‍ വ്യവസായമന്ത്രി പി. രാജീവ് വ്യക്തമാക്കുന്നു.

വെന്തുരുകി സാധാരണക്കാര്‍

''നിത്യം വൈറ്റില വരെ ബൈക്കിലാണ് പോയിരുന്നത്. അതിരാവിലെ ജോലിക്കെത്തണം. രാത്രി വൈകും. അതുകൊണ്ട് ബസില്‍ പോകാന്‍ സാധിക്കില്ല. പെട്രോള്‍ വില താങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ ജോലി തന്നെ നിര്‍ത്തി. '' ഇത് ഒരു ഇലക്ട്രീഷ്യന്റെ വാക്കുകളാണെങ്കിലും കേരളത്തിലെ ഭൂരിഭാഗം പേരുടെയും സ്ഥിതി ഇതാണ്.

ലോക്ക്ഡൗണ്‍ വന്നതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. കോവിഡിന് മുമ്പ് ദൂരപ്രദേശത്ത് ജോലിക്ക് പോകാന്‍ സ്വകാര്യ ബസ്സുകളെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളും ഷെയര്‍ ഓട്ടോറിക്ഷ, മാരുതി ഓംമ്‌നി എന്നിവയെ ഒക്കെയാണ് ആശ്രയിക്കുന്നത്. ഇന്ധന വില കൂടിയതോടെ യാത്ര ചെലവ് തന്നെ മാസവരുമാനത്തിനൊപ്പമെത്തി.

ഇന്ധന വില വര്‍ധനയ്ക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാരിനെ പഴി ചാരിയിരുന്നവര്‍ ഇപ്പോള്‍ എന്തുകൊണ്ട് നികുതി കുറച്ച് സാധാരണക്കാരുടെ ഭാരം കുറയ്ക്കുന്നില്ല എന്നാണ് ജനം ചോദിക്കുന്നത്.

കൂടുന്നത് യാത്രാക്കൂലി മാത്രമല്ല

പെട്രോള്‍ , ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ കൂടുന്നത് യാത്ര കൂലി മാത്രമല്ല. ഉപ്പ് തൊട്ട് കര്‍പ്പൂരത്തിന്റെ വരെ വില കൂടും. ചരക്കുകൂലി കൂടുന്നത് സമൂഹത്തിലെ എല്ലാവിഭാഗത്തെയും ബാധിക്കും. ജീവിത ചെലവുകള്‍ കൂടും. ബിസിനസ് നടത്തിപ്പ് ചെലവും കൂടും. ജനം ഇതുവരെ ഇതെല്ലാം സഹിക്കുകയായിരുന്നു. ഇപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കുറയ്ക്കാന്‍ തയ്യാറാകുമ്പോള്‍ അതേ പാത പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിവിധ തലങ്ങളിലുള്ളവര്‍ അഭിപ്രായപ്പെടുന്നു.

എന്തുകൊണ്ട് നികുതി കുറയ്ക്കാന്‍ കേരളം മടിക്കുന്നു?

കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഇന്ധന നികുതി. പിന്നെ മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനമാണ് കേരളത്തെ താങ്ങി നിര്‍ത്തുന്നത്.

ഇന്ധന നികുതി കുറയ്ക്കാതിരിക്കുമ്പോഴും മദ്യവില കൂട്ടുമ്പോഴും പോക്കറ്റ് കാലിയാകുന്നത് സംസ്ഥാനത്തെ തീരെ താഴെതട്ടിലുള്ളവരുടേതാണ്. സംസ്ഥാനത്തെ ജനങ്ങളെ ഭാഗ്യന്വേഷികളാക്കി മാറ്റാന്‍ പാകത്തില്‍ സമ്മാന ഘടന കൊണ്ടുവന്ന് ജനങ്ങളില്‍ നിന്ന് ഊറ്റിയെടുക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം മാത്രം സമ്മാനമായി നല്‍കി ലോട്ടറിയും തഴച്ചുവളരുന്നു.

''ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന് ഇതേ പറ്റൂ. ഈ വിധം ഖജനാവ് കാലി ആയത് എന്തുകൊണ്ടാണ്? തെറ്റായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടു മാത്രമാണ്,'' സാമ്പത്തിക വിദഗ്ധന്‍ ജോസ് സെബാസ്റ്റിയന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിക്കുന്നത് ഇങ്ങനെ.

വസ്തുനികുതി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍, ഇലക്ട്രിസിറ്റി തീരുവ, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം, ഖനന റോയല്‍റ്റി എന്നിങ്ങനെ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാനുള്ള പലവിധ വഴികള്‍ ഉണ്ടായിട്ടും അവയില്‍ കാലോചിതമായ വര്‍ധന കൊണ്ടുവരുകയോ കൃത്യമായ നികുതി പിരിവ് ഉറപ്പാക്കുകയോ ചെയ്യാതെ സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇന്ധന നികുതി കുറയ്ക്കാത്തതിനെ ചൂണ്ടിക്കാട്ടി ജോസ് സെബാസ്റ്റിയന്‍ പറയുന്നു.

ഇപ്പോള്‍ ലഭിക്കുന്ന ആശ്വാസം നീണ്ടുനില്‍ക്കുമോ?

അതിനിടെ കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതു കൊണ്ട് പെട്രോള്‍ , ഡീസല്‍ വിലയില്‍ ലഭിച്ച അല്‍പ്പം ആശ്വാസം അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ മൊത്തം ഉപഭോഗത്തിനുവേണ്ട എണ്ണയുടെ 86 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണ വിലയുടെ കടിഞ്ഞാള്‍ നിലവില്‍ ഒരു സര്‍ക്കാരുകളുടെയും കൈയിലല്ല. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും അവയുടെ അനുബന്ധ രാജ്യങ്ങളും ചേര്‍ന്ന ഒപെക് പ്ലസ് സംഘടന എണ്ണ ഉല്‍പ്പാദനത്തെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നു. പെട്രോളും ഡീസലും ഒരുതരം നിയന്ത്രങ്ങളുമില്ലാത്ത കമോഡിറ്റികളാണ്. 2010 ല്‍ മന്‍മോഹന്‍ സിംഗ് ഭരണകൂടം പെട്രോള്‍ വില നിയന്ത്രണം എടുത്തുമാറ്റി. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണവും എടുത്തുകളഞ്ഞു.

അതുകൊണ്ട് തന്നെ ഡിമാന്റ് - സപ്ലെ അന്തരം വരുമ്പോള്‍ വില കൂടുക തന്നെ ചെയ്യും. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ റിന്യൂവബ്ള്‍/ ഗ്രീന്‍ എനര്‍ജി മേഖലയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഓയ്ല്‍ രംഗത്ത് ഗണ്യമായ നിക്ഷേപവും നടത്തുന്നില്ല.

ഒപെക് പ്ലസിന്റെ കാരുണ്യം ഇന്ത്യ തേടിയാലും രക്ഷയില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഇന്ത്യയുടെ ആവശ്യങ്ങള്‍ ഒപെക് പ്ലസ് സമീപകാലത്തൊന്നും ചെവിക്കൊണ്ടിട്ടില്ല. മുന്‍തീരുമാന പ്രകാരം ഡിസംബറിലേ ക്രൂഡ് ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് പ്ലസ് തയ്യാറാകൂ. ആഗോളതലത്തിലെ ഡിമാന്റും സപ്ലെയും മാത്രം നോക്കി, എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ അവരവരുടെ സാമ്പത്തിക സ്ഥിതി തകരാതെ ഉല്‍പ്പാദനം സംബന്ധിച്ച തീരുമാനവുമായി മുന്നോട്ട് പോകുന്നതിനാല്‍ വരും മാസങ്ങളില്‍ ക്രൂഡ് വില ഉയരാനാണ് സാധ്യത.

കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളില്‍ ക്രൂഡ് വില കുത്തനെ ഇടിഞ്ഞപ്പോള്‍ മറ്റെല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി പലവട്ടം കൂട്ടി. എന്നാല്‍ ക്രൂഡ് വില കൂടിയപ്പോള്‍ ഇത് കുറയ്ക്കാന്‍ തയ്യാറായില്ല. പിന്നീട് ഇപ്പോഴാണ് അല്‍പ്പം ആശ്വാസം നല്‍കിയത്.

ഇനി രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കേന്ദ്രം തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. പെട്രോള്‍ , ഡീസല്‍ വില ജി എസ് ടിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ സുതാര്യമായ രീതിയില്‍ വില നിര്‍ണയവും സാധാരണക്കാര്‍ക്ക് ആശ്വാസവും ലഭിക്കുകയുള്ളൂവെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it