Begin typing your search above and press return to search.
പച്ചക്കൊടി വീശി പ്രധാനമന്ത്രി; വന്ദേ ഭാരത് ട്രാക്കിലായി
കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശി ഫ്‌ളാഗ് ഓഫ് ചെയ്തു. 16 കമ്പാര്‍ട്ട്‌മെന്റുകളായി ആകെ 1,128 സീറ്റുകളാണ് ട്രെയിനിലുള്ളത്. ഇന്ന് തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാരുമായി ട്രെയിന്‍ കാസര്‍കോട്ടേക്ക് പോകും.
ട്രെയിനിലെ സി വണ്‍ കോച്ചിലെത്തിയ പ്രധാനമന്ത്രി ഈ കോച്ചില്‍ സഞ്ചരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുന്നില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, വി.ഐ.പികള്‍, സ്ഥിരം ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ തുടങ്ങിയവരാണ് ട്രെയിനിലുള്ളത്.
സര്‍വീസ് നാളെ മുതല്‍
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഇന്ന് ഫ്‌ളാഗ് ഓഫിന് ശേഷം കാസര്‍കോട്ടേക്ക് പുറപ്പെട്ട ട്രെയിന്‍ 14 സ്‌റ്റേഷനുകളില്‍ നിര്‍ത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവയാണ് സ്‌റ്റോപ്പുകള്‍.
ഔദ്യോഗിക സര്‍വീസ് ആരംഭം നാളെ കാസര്‍കോട്ട് നിന്നാണ്. വ്യാഴാഴ്ച സര്‍വീസ് ഇല്ല. തലസ്ഥാനത്ത് നിന്നുള്ള ആദ്യ സര്‍വീസ് വെള്ളിയാഴ്ചയാണ്. ട്രെയിനില്‍ ആദ്യ സര്‍വീസിലെ ടിക്കറ്റ് ഏതാണ്ട് പൂര്‍ണമായും വിറ്റഴിഞ്ഞിട്ടുണ്ട്.
Next Story