വിദേശപണം വരവ് കുറയുന്നു, കേരളം മറ്റൊരു പ്രതിസന്ധിയിലേക്ക്
രാജ്യത്തേക്ക് വിദേശത്തു നിന്ന് പ്രവാസികളയക്കുന്ന പണത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 21 ശതമാനത്തോളം കുറവ് വരാമെന്ന് സ്വിസ് ബാങ്കിംഗ് ഗ്രൂപ്പായ യുബിഎസിന്റെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതും നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവുമൊക്കെ വിദേശ ഇന്ത്യക്കാരുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയതാണ് കുറവിന് കാരണം.
വിദേശത്തു നിന്ന് പ്രവാസികളിലൂടെ ഏറ്റവും കൂടുതല്‍ പണമെത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 7600 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്കെത്തിയ പണം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.7 ശതമാനം വരുമിത്. 150 കോടി ഡോളറിലേറെ എത്തുന്ന കേരളമാണ് വിദേശനാണ്യം സമ്പാദിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ആകെ വരുന്നതിന്റെ 50 ശതമാനത്തോളം പണവും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തെ സംബന്ധിച്ച് വിദേശ പണമില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാലാകുമെന്ന സ്ഥിതിയാണ്.
ബാധിച്ചത് സാധാരണക്കാരെ
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ മലയാളികളടക്കമുള്ള സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമോ ശമ്പളമില്ലാത്ത അവധിയോ നേരിടേണ്ടി വന്നിരിക്കുന്നത് വിദേശത്തു നിന്നുള്ള പണം വരവിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, എണ്ണവിലയില്‍ സമീപകാലത്തുണ്ടായ വിലത്തകര്‍ച്ചയും ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമാക്കിയിട്ടുണ്ട്. യുബിഎസിന്റെ കണക്കനുസരിച്ച് എണ്ണവിലയില്‍ ഉണ്ടാകുന്ന 10 ശതമാനം കുറവ് ഇന്ത്യയിലേക്കുള്ള പണം വരവില്‍ ഏഴു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം തൊഴിലിനെ ബാധിച്ചിരിക്കുന്നത് സാധാരണ തൊഴിലാളികളെയാണ്. മലയാളി പ്രവാസികളില്‍ 90 ശതമാനത്തിലേറെ ഇത്തരം തൊഴിലാളികളാണ്. ലക്ഷക്കണക്കിന് വരുന്ന ഈ തൊഴിലാളികള്‍ ഓരോ മാസവും നേടുന്ന വരുമാനം വീടുകളിലേക്ക് അയക്കുന്നതാണ് കേരളത്തിന്റെ വിദേശ പണം വരവ് വര്‍ധിക്കാന്‍ കാരണം.
നേരേ മറിച്ച് യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കുടിയേറി സ്ഥിരതാമസമുറപ്പിച്ചിരിക്കുന്ന മലയാളികള്‍ കൂടുതല്‍ പണം കേരളത്തിലേക്ക് അയക്കുന്നില്ല. അതുകൊണ്ട് സാധാരണക്കാരുടെ വരുമാനം ഇല്ലാതായത് കേരളത്തിന് വലിയ ആഘാതമാകും.
കേരളത്തിന് ആഘാതം
വിദേശ പണം വരവില്‍ ഉണ്ടാകുന്ന കുറവ് കേരളത്തിലെ വ്യാപാരികളെയും ധനകാര്യ സ്ഥാപനങ്ങളെയുമാകും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ഭുവനേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. 'വിദേശത്തു നിന്നുള്ള പണം വരവ് കുറയുന്നതോടെ പ്രവാസികളുടെ കുടുംബങ്ങള്‍ ചെലവ് ചുരുക്കല്‍ തുടങ്ങിയിട്ടുണ്ട്. വിപണിയില്‍ പലചരക്കുകടകളിലും മെഡിക്കല്‍ ഷോപ്പുകളിലും മാത്രമാണ് ഇപ്പോള്‍ ബിസിനസ് നടക്കുന്നത്. ടെക്‌സ്‌റ്റൈല്‍സുകള്‍ അടക്കമുള്ളവ തുറന്നിട്ടിരിക്കുന്നെണ്ടെങ്കിലും ആളുകള്‍ എത്തുന്നില്ല. ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പോലും നിത്യജീവിതത്തില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രമാണ് വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.' ഭുവനേന്ദ്രന്‍ പറയുന്നു. ബാങ്കുകള്‍ക്ക് വായ്പാ തിരിച്ചടവ് മുടങ്ങുമെന്ന ആധിയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline