'ഗള്‍ഫിലെ പ്രവാസികളെ നാട്ടിലെത്തിക്കല്‍: കേന്ദ്ര സര്‍ക്കാരിന് അധികബാധ്യത വരില്ല ഈ മാര്‍ഗം സ്വീകരിച്ചാല്‍'

യുഎഇയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തതു മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫില്‍ നിന്ന് കോവിഡ് ബാധയില്ലാത്തവരുമായി എത്തുന്ന വിമാനങ്ങള്‍ക്കിറങ്ങാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ഷംസുദ്ദീന്‍. ''കോവിഡ് നെഗറ്റീവായ കുടിയേറ്റക്കാരെ അതത് രാജ്യങ്ങളിലെത്തിക്കാന്‍ എമിരേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ എമിരേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടില്ല. ഇതിന് അനുമതി നല്‍കി കഴിഞ്ഞാല്‍ ആ വിമാനത്തിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി തീരും വരെ താമസിക്കാനുള്ള സൗകര്യമൊരുക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ ഇതര സംഘടനകളും മറ്റ് സാമൂഹ്യ, സാംസ്‌കാരിക, മത, വിദ്യാഭ്യാസ സംഘടനകളും ഇപ്പോള്‍ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് അതൊരു അധിക ബാധ്യതയാകില്ല,'' പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ഷംസുദ്ദീന്‍ പറയുന്നു.

സ്ഥിതി ഗുരുതരം

യുഎഇയിലെ മൊത്തം ജനസംഖ്യ 92 ലക്ഷമാണ്. അതില്‍ 78 ലക്ഷം 150 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. അതില്‍ തന്നെ 34 ലക്ഷം പേര്‍ ഇന്ത്യക്കാരും. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളില്‍ 60 ശതമാനവും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീരെ പാവപ്പെട്ട കുടുംബ സാഹചര്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ അമ്പതു വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിസിറ്റിംഗ് വിസയില്‍ യുഎഇയിലെത്തിയവര്‍ ഇപ്പോള്‍ അവിടെ ധാരാളമുണ്ട്. അതുപോലെ അവിടെയുള്ള ബന്ധുക്കളെ കാണാനെത്തിയവരുമുണ്ട്. ഇവരെല്ലാം പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലും യാത്രാവിലക്കിലും പെട്ട് അവിടെ കുടുങ്ങിപ്പോയി.

കോവിഡ് ബാധയെ തുടര്‍ന്ന് കുറേപ്പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമായിട്ടുണ്ട്. പെട്ടെന്ന് പുതിയൊരു തൊഴില്‍ ഇവര്‍ക്ക് കിട്ടുക എന്നതും പ്രയാസമാണ്. ഇവരും അതിവേഗം നാട്ടിലെത്താനുള്ള വഴി നോക്കുകയാണ്. ഒരു വരുമാനവുമില്ലാതെ അവിടെ കഴിയാന്‍ പ്രയാസമാണ്.

അതുപോലെ ഇന്ത്യയില്‍ വന്ന് ചികിത്സ തേടുന്ന നിരവധി ആളുകളുണ്ട്. അവരുടെ സ്ഥിതിയും ഗുരുതരമാവുകയാണ്.

പല സ്‌കൂളുകളും വരുന്ന വേനല്‍ക്കാല അവധി വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി കഴിഞ്ഞു. അതോടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ജോലിയില്ലാതെയായി. ഇത്തരക്കാരും ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ്. അവിടെയുള്ള പദ്ധതികള്‍ പലതിന്റെയും നിര്‍മാണം നിലച്ചതോടെ കൈത്തൊഴില്‍ ചെയ്തിരുന്നവര്‍ക്കും ജോലിയില്ല.

''കോവിഡ് 19 നെഗറ്റീവാണെന്നുറപ്പായ കുടിയേറ്റക്കാരെ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ സൗകര്യമൊരുക്കാമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒട്ടനവധി രാജ്യക്കാര്‍ ഈ സൗകര്യം വിനിയോഗിച്ചു കഴിഞ്ഞു. മറ്റ് ചിലര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെയും സ്ഥിതി ഇതൊക്കെ തന്നെയാണ്,'' ഷംസുദ്ദീന്‍ പറയുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തയ്യാറാണ്. പക്ഷേ ഇന്ത്യ എമിറേറ്റ്‌സ് എയര്‍ലൈനിന് ഇവിടെ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല.

ഗള്‍ഫിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. അവിടെ നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമൊരുക്കാമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത, വിദ്യാഭ്യാസ സംഘടനകള്‍ അവരുടെ കെട്ടിടങ്ങള്‍ ക്വാറന്റൈന്‍ കെട്ടിടമാക്കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്്.

''ഇന്ത്യ ഗവണ്‍മെന്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്താന്‍ അനുവദിച്ചാല്‍ കേരളത്തിലേതു പോലെ മറ്റ് സംസ്ഥാന സര്‍ക്കാരും അവിടത്തെ സംഘടനകളും സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവരിക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന് അതൊരു അധിക ബാധ്യതയാവില്ല,'' ഷംസുദ്ദീന്‍ വിശദീകരിക്കുന്നു.

യുഎഇയില്‍ നിന്നും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ശക്തമായി വരികയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it