70 കടന്ന് രൂപ: നിങ്ങളെ എങ്ങനെ ബാധിക്കും?
രൂപയുടെ മൂല്യം 70 കടന്ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തി നിൽക്കുകയാണ്. ടർക്കിയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പിന്നിലെ പ്രധാന ഘടകം.
കാരണങ്ങൾ എന്തുമാകട്ടെ, രൂപയുടെ നിരന്തരമുള്ള മൂല്യത്തകർച്ച സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നുറപ്പാണ്. ഈ വർഷം ഇതുവരെ 7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച കറൻസി ഇപ്പോൾ രൂപയാണ്.
സമ്പദ് വ്യവസ്ഥയെ എപ്രകാരം ബാധിക്കും?
രൂപയുടെ മൂല്യം ഇടിയുന്നതോടെ, ഇറക്കുമതിച്ചെലവ് ഉയരും. അങ്ങനെ അസംസ്‌കൃത എണ്ണ, രാസവളങ്ങൾ, വാഹനങ്ങൾ, ഇരുമ്പയിര്, വ്യാവസായിക ആവശ്യത്തിനുള്ള മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിങ്ങനെ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും കൂടുതൽ പണം മുടക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ, ആഭ്യന്തര വിപണിയിൽ ഈ ഉല്പന്നങ്ങൾക്കെല്ലാം വില കൂടും. ഇറക്കുമതിച്ചെലവ് വർധിക്കുന്നതോടെ ധനക്കമ്മി ഉയരും.
ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളിൽ പലതും നമ്മൾ ദിവസേന ഉപയോഗിക്കുന്നതല്ലെങ്കിലും അവയുടെ വിലവർധന നമ്മുടെ കുടുംബ ബഡ്ജറ്റിനെ പരോക്ഷമായി ബാധിക്കും.
ഉദാഹരണത്തിന്, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കൂടുമ്പോൾ രാജ്യത്തെ ഇന്ധന റീറ്റെയ്ൽ വില കൂടും. ഇന്ധന വില ഗതാഗത ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, രാജ്യത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് ഉയരും. ഇത് സാധനങ്ങളുടെ വിലവർധനയിലയ്ക്ക് നയിക്കും. അസംസ്‌കൃത പദാർത്ഥങ്ങളുടെ വിലക്കയറ്റം ഇൻപുട് കോസ്റ്റുകളുടെ രൂപത്തിൽ കമ്പനികളുടെ മാർജിനെ സമ്മർദ്ദത്തിലാക്കും.
കമ്പനികൾ തങ്ങൾക്കുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാൻ നിർബന്ധിതരാകും. അങ്ങനെ അവശ്യസാധങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ, വാഹനങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വിലക്കയറ്റം പ്രകടമാകും. ഇത് രാജ്യത്തെ പണപ്പെരുപ്പ തോത് വീണ്ടും ഉയർത്തും.
രൂപയുടെ ഇടിവും പണപ്പെരുപ്പവും കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്കെത്തിയാൽ അവർ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങും. തൊഴിൽ, വേതനം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ തോത് കുറക്കുകയും ചെയ്യും.
എങ്ങിനെ ഗുണം ചെയ്യും?
രൂപ താഴ്‍ന്ന നിലയിലെന്നാൽ കയറ്റുമതി മേഖലയ്ക്ക് മെച്ചം ഉണ്ടാകും. എല്ലാ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾക്കും ഇതിൽ നിന്ന് നേട്ടമുണ്ടാകും. ഉദാഹരണത്തിന്, ഐറ്റി, ഫാർമ കമ്പനികളുടെ വരുമാനത്തിന്റെ സിംഹഭാഗവും വിദേശത്തുനിന്നായതിനാൽ രൂപ താഴുന്നത് അവരുടെ വരുമാനം മെച്ചപ്പെടും.