രൂപ തിളങ്ങുന്നു! 

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസി എന്ന പേര് തൽക്കാലം മാറ്റിവെക്കുകയാണ് രൂപ. അടുത്തെങ്ങും കണ്ടിട്ടില്ലാത്ത ഒരു ശക്തിപ്രകടനത്തിനാണ് ഈയാഴ്ച്ച വിപണി സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ അഞ്ച് വർഷത്തിലെ ഏറ്റവും വലിയ നേട്ടമാണ് ചൊവ്വാഴ്ച്ച രൂപ കൈവരിച്ചത്. 112 പൈസയുടെ വർധന. ബുധനാഴ്ചയും രൂപ കയറ്റം തുടർന്നു.

70 പൈസ ഉയർന്ന് ഡോളറിനെതിരെ 69.89 എന്ന നിലയിലാണ് ഇപ്പോൾ.

ഡിസംബർ 17ന് (തിങ്കളാഴ്ച) രൂപ 34 പൈസ വർധിച്ച് 71.56 ൽ എത്തിയിരുന്നു.

എണ്ണവിലയിലുള്ള തുടർച്ചയായ ഇടിവാണ് രൂപയ്ക്ക് താങ്ങാവുന്നത്. മാത്രമല്ല, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിന് മുന്നോടിയായി ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സഹായമായി.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഇന്നലെ 14 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. റഷ്യയും യുഎസും ഉൽപാദനം കൂട്ടിയതാണ് ഇതിന് കാരണം. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് വില 4 ശതമാനം കുറഞ്ഞ്‌ 57.29 ഡോളറിൽ എത്തി. പിന്നീട് അൽപം ഉയർന്നെങ്കിലും ബുധനാഴ്ച വീണ്ടും കുറഞ്ഞ്‌ 56.45 എന്ന നിലയിലെത്തി.

രാജ്യത്തിൻറെ എണ്ണ ഇറക്കുമതിചെലവ് കുറയുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് ശക്തിപകരുന്നത്. ഇതോടെ കറന്റ് എക്കൗണ്ട് കമ്മി കുറയും. ഇറക്കുമതിയ്ക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾക്ക് അയവ് വരുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണവിലയിലുള്ള കുറവിനനുസരിച്ച് ആഭ്യന്തര ഇന്ധനവിലയിലുണ്ടാകുന്ന ഇടിവ് ജനങ്ങൾക്കും ആശ്വാസം പകരുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it