രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തുമ്പോള്‍ ഓഹരികളെ എങ്ങനെ ബാധിക്കും?

രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ രാവിലെ 23 പൈസ നേട്ടത്തില്‍ 81.09 രൂപയില്‍ ഓപ്പണ്‍ ചെയ്തു. മിനിറ്റുകള്‍ക്കകം വീണ്ടും കയറി 81.22 രൂപയിലെത്തി. പിന്നീടു റിസര്‍വ് ബാങ്ക് ഡോളര്‍ വിപണിയിലിറക്കിയതോടെ ഡോളര്‍ 81.09 വരെ താഴ്ന്നു. പക്ഷേ അതു കാര്യമായ ഫലം ചെയ്തില്ല. ഡോളര്‍ വീണ്ടും കയറി 81.22 രൂപയിലെത്തി.

വീണ്ടും ഡോളര്‍ ഇറക്കിയപ്പോള്‍ 81.05 രൂപയിലേക്കു താണു. ഇന്നലെയാണു ഡോളര്‍ ആദ്യമായി 80 രൂപയ്ക്കു മുകളില്‍ ഓപ്പണ്‍ ചെയ്തതും 80- നു മുകളില്‍ ക്ലോസ് ചെയ്തതും. ഇന്ന് 81 രൂപയ്ക്കു മുകളില്‍ ഉറച്ചു നില്‍ക്കാന്‍ ഡോളര്‍ ശ്രമിക്കുകയാണ്. ആഗാേള ഡോളര്‍ സൂചിക 81.43 ലേക്കു കയറിയതു രൂപയെ വലിച്ചു താഴ്ത്തും.
രൂപ ഇടിഞ്ഞത് ഐടി കമ്പനികളുടെ ഓഹരിവില വര്‍ധിപ്പിച്ചു. ഒന്നര മുതല്‍ മൂന്നു വരെ ശതമാനം നേട്ടമാണ് ഐടി ഓഹരികളില്‍ രാവിലെ ഉണ്ടായത്. ഡോളര്‍ വരുമാനം രൂപയിലാക്കുമ്പോള്‍ നേട്ടം വര്‍ധിക്കുന്നതാണു കാരണം. എന്‍എസ്ഇയുടെ ഐടി സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു.
ടാറ്റാ ഗ്രൂപ്പിലെ മെറ്റല്‍ കമ്പനികള്‍ എല്ലാം ടാറ്റാ സ്റ്റീലില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ വിപണി സ്വാഗതം ചെയ്തു. സംയോജനം വഴി 1500 കോടി രൂപയുടെ വാര്‍ഷികനേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ടാറ്റാ സ്റ്റീല്‍ ഓഹരി ആദ്യം മൂന്നു ശതമാനത്തോളം ഉയര്‍ന്നു. ലയിക്കുന്ന കമ്പനികളുടെ ഓഹരിവില ഇന്ന് താഴ്ന്നു. ലയനത്തില്‍ ലഭിക്കുന്ന ഓഹരികള്‍ കുറവാണെന്നു ടിആര്‍എഫിന്റെയും ടിന്‍പ്ലേറ്റിന്റെയും മെറ്റാലിക് സിന്റെയും ഓഹരി ഉടമകള്‍ കരുതുന്നു. ഇവയുടെ ഓഹരി വില ഇന്നു രാവിലെ താണു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടുകൂടി ഡോളര്‍ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 111.80 ല്‍ ആണ് ഡോളര്‍ ഉള്ളത്. അതേസമയം 998 ന് ശേഷം ആദ്യമായി വിദേശ വിനിമയ വിപണിയില്‍ അധികാരികള്‍ ഇടപെട്ടതിന് ശേഷം ജാപ്പനീസ് കറന്‍സിയായ യെന്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it