റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്നത് ഇന്ത്യക്ക് രാസവള ലഭ്യത കുറയ്ക്കും

റഷ്യ- യുക്രെയ്ന്‍ (Russia-Ukraine War) യുദ്ധം തുടരുന്നതും, റഷ്യ രാസവളങ്ങളുടെ കയറ്റുമതി നിര്‍ത്തലാകുന്നതും ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. 2021 ല്‍ യുക്രെയ്‌നിലെ ഒഡേസ തുറമുഖത്ത് നിന്ന് 2.4 ദശലക്ഷം ടണ്‍ അമോണിയ നമ്മുടെ രാജ്യത്ത് എത്തിയതില്‍ 0.15 ദശലക്ഷം ടണ്ണാണ് യുക്രെയ്‌നില്‍ ഉല്‍പാദിപ്പിച്ചത്, ബാക്കി റഷ്യയുടെ ഉല്‍പ്പന്നമായിരുന്നു .

അമോണിയ, യൂറിയ, പൊട്ടാഷ് തുടങ്ങിയ രാസ വളങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പാദക രാഷ്ട്രമാണ് റഷ്യ. സങ്കീര്‍ണമായ ഫോസ്ഫേറ്റുകളുടെ അഞ്ചാമത്തെ വലിയ ഉല്‍പ്പാദകരാണ് റഷ്യ. അമോണിയയുടെ 23 ശതമാനവും, യൂറിയയുടെ 14 ശതമാനവും, പൊട്ടാഷിന്റെ 21 ശതമാനവും, സങ്കീര്‍ണമായ ഫോസ്ഫേറ്റ്‌സിന്റെ 10 ശതമാനം കയറ്റുമതി വിപണി വിഹിതം റഷ്യക്കാണ്.
കരിങ്കടല്‍ മേഖല രാസവളങ്ങളുടെ പ്രധാന ഉല്‍പ്പാദന വിതരണ ഹബ്ബാണ്.യുദ്ധം ആരംഭിച്ചതോട് പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ നീക്കം തടസപ്പെട്ടു. ഇന്ത്യയിലെ രാസവള ലഭ്യത ഇറക്കുമതിയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ യുദ്ധം തുടരുന്നത് കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കും.
ശരാശരി ഇന്ത്യയിലേക്ക് 5 ദശലക്ഷം ടണ്‍ രാസ വളങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ചൈന,മൊറോക്കോ, സൗദി അറേബ്യ, റഷ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത് കാനഡ, റഷ്യ, ബെലാറസ്, ജോര്‍ദാന്‍, ലിത്വാനിയ, ഇസ്രയേല്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ്.
ലോകത്തിലെ ഏറ്റവും അധികം യൂറിയ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ഒരു വര്‍ഷം 8 മുതല്‍ 9 ദശലക്ഷം ടണ്ണാണ് ചൈന, ഒമാന്‍, യുക്രെയ്ന്‍, ഈജിപ്റ്റ്് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതി വാതകത്തിന്റെ വില വര്‍ധിക്കുന്നത് അമോണിയയുടെ വിലയിലും വര്‍ദ്ധനവ് ഉണ്ടാക്കും. ഗോരഖ്പൂര്‍, ബറൂനി, സിന്‍ഡ്രി എന്നിവിടങ്ങളിലെ രാസ വള ഉല്‍പാദന കേന്ദ്രങ്ങള്‍ പരമാവധി ഉല്‍പാദന ക്ഷമത കൈവരിച്ചാല്‍ മാത്രമേ ലഭ്യത കൂട്ടാന്‍ സാധിക്കൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it