മൂഡീസിനെ അനുകരിക്കാതെ എസ് ആന്റ് പി; ഇന്ത്യയുടെ റേറ്റിംഗ് നില നിര്‍ത്തി

ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് & പുവേഴ്സ് (എസ് ആന്റ് പി) ഇന്ത്യയുടെ ' ബി.ബി.ബി നെഗറ്റീവ് ' റേറ്റിംഗ് നിലനിര്‍ത്തി. കോവിഡ് -19 ആഘാതം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ പാതയില്‍ നിര്‍ണായക വെല്ലുവിളിയാണെങ്കിലും വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പദ് സ്ഥിതി ദീര്‍ഘകാലത്തേക്ക് 'സ്ഥിരത' പുലര്‍ത്തുന്നതാണെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി.

നടപ്പു വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 5 ശതമാനം വരെ ഇടിഞ്ഞേക്കാം. എന്നാല്‍, 2021-22ല്‍ പോസിറ്റീവ് 8.5 ശതമാനത്തിലേക്ക് വളരുമെന്നും എസ് ആന്‍ഡ് പി വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാരുകളുടെ ധനസ്ഥിതി അവലോകനം ചെയ്തു നല്‍കുന്ന റേറ്റിംഗാണിത്. മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ റേറ്റിംഗ് ഒരു സ്ഥാനം താഴ്ത്തിയതിന് പിന്നാലെയാണ് എസ് ആന്റ് പി യുടെ റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം അഞ്ച് ശതമാനം ചുരുങ്ങുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് നിരീക്ഷിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയും ധനസ്ഥിതിയും മെച്ചപ്പെടുമെന്നും സര്‍ക്കാര്‍ ആരംഭിച്ച പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലമുണ്ടാക്കുമെന്നും എസ് ആന്റ് പിയും പറയുന്നു.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനക്കമ്മി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 11 ശതമാനം വരെ സാമ്പത്തിക വര്‍ഷം 21 ല്‍ വര്‍ധിക്കുകയും അടുത്ത സാമ്പത്തിക വര്‍ഷം 8.5 ശതമാനമായി കുറയുകയും ചെയ്യും. 2020-21ല്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.1 ശതമാനമായിരിക്കുമെന്നും അടുത്ത വര്‍ഷം ഇത് 0.5 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.എങ്കിലും, ഈ സാമ്പത്തിക വര്‍ഷത്തിലെ ആഴത്തിലുള്ള സങ്കോചത്തെത്തുടര്‍ന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമായ വീണ്ടെടുക്കല്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയുള്‍പ്പെടെ ചില സംസ്ഥാന സര്‍ക്കാരുകളും നിയന്ത്രിത തൊഴില്‍ വിപണി നിയമങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുള്ളത് ഗുണകരമാകുമെന്ന് റേറ്റിംഗ് ഏജന്‍സി കരുതുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തോടെ ഈ നടപടികള്‍ കൂടുതല്‍ ശാശ്വതമായി മാറുകയാണെങ്കില്‍, ഈ നീക്കം കാലക്രമേണ തൊഴില്‍ വിപണിയിലെ അവസ്ഥയില്‍ അര്‍ത്ഥവത്തായ പുരോഗതിക്ക് കാരണമാകുമെന്നാണു വിലയിരുത്തല്‍. ഈ പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും.

ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ നിരക്കിന്റെ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നിലവിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നന്നായി നടപ്പിലാക്കുകയാണെങ്കില്‍, രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് എസ് ആന്റ് പി വിലയിരുത്തുന്നതെന്ന് ഡാല്‍ട്ടണ്‍ ക്യാപിറ്റല്‍ ഇന്ത്യ ഡയറക്ടര്‍ യു.ആര്‍ ഭട്ട് നിരീക്ഷിച്ചു. എന്നിരുന്നാലും, പകര്‍ച്ചവ്യാധി എത്തുന്നതിനുമുമ്പു തന്നെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ദുര്‍ബലമായ സാമ്പത്തിക മേഖല, കര്‍ക്കശമായ തൊഴില്‍ വിപണി, സ്ഥിരമായി ദുര്‍ബലമായ സ്വകാര്യ നിക്ഷേപം എന്നിവ ഉള്‍പ്പെടെയുള്ള നിലവിലുള്ള കേടുപാടുകള്‍ സജീവമായി പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വീണ്ടെടുക്കല്‍ തടസപ്പെടുമെന്ന് ഏജന്‍സി പറഞ്ഞിട്ടുള്ള കാര്യവും ഭട്ട് ചൂണ്ടിക്കാട്ടുന്നു.

എസ് ആന്റ് പി ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പക്വമായ ധാരണയാണ് പുലര്‍ത്തുന്നതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. അതേസമയം നിക്ഷേപ ഗ്രേഡിന്റെ ഏറ്റവും താഴെയാണു രാജ്യമെന്ന കാര്യം എസ് ആന്റ് പി യും മൂഡിയും ഫിച്ചുമെല്ലാം ഊന്നിപ്പറഞ്ഞിട്ടുള്ളതായി മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രണബ് സെന്‍ ചൂണ്ടിക്കാണിച്ചു. മൂന്ന് പ്രധാന റേറ്റിംഗ് ഏജന്‍സികളും ഇന്ത്യക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് റേറ്റിംഗ് തന്നെയാണു നല്‍കിയിട്ടുള്ളത്. എന്നാല്‍ മൂഡിയുടെ കാഴ്ചപ്പാട് നെഗറ്റീവ് ആണെന്നതും മറ്റ് രണ്ട് ഏജന്‍സികളുടേതും 'സ്ഥിര'മാണെന്നതുമാണ് നേരിയ വ്യത്യാസം.അതേസമയം, വിപണിയില്‍ പുതിയ റേറ്റിംഗ് ചലനമുണ്ടാക്കില്ലെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ ട്രഷറി മേധാവി ജയേഷ് മേത്ത പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it