താഴ്ചയിലും തളരാതെ ഇന്ത്യ; ലോക രാജ്യങ്ങളേക്കാൾ മുന്നിൽ

ഇന്ത്യയടക്കം ലോകത്തെ പ്രമുഖ രാജ്യങ്ങളുടെയെല്ലാം ജി.ഡി.പി വളർച്ചാനിരക്ക് 2023ൽ കുത്തനെ താഴുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധി (ഐ.എം.എഫ്) പ്രവചിച്ച് കഴിഞ്ഞു. ലോകമാകെ ഈ വർഷം സാമ്പത്തികമാന്ദ്യത്തിന്റെ കാറ്റും ആഞ്ഞടിക്കും.

എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും മറ്റ് രാജ്യങ്ങളെയെല്ലാം ആശ്ചര്യപ്പെടുന്ന തിളക്കം ഇന്ത്യയ്ക്കുണ്ടാകുമെന്ന് ഐ.എം.എഫ് വ്യക്തമാക്കുന്നു. 2023ൽ ഏറ്റവും ഉയർന്ന അതിവേഗ ജി.ഡി.പി വളർച്ച നേടുന്ന വലിയ (മേജർ) രാജ്യം ഇന്ത്യ ആയിരിക്കും. സാമ്പത്തികമാന്ദ്യം ഏറ്റവും കുറഞ്ഞതോതിൽ മാത്രം ബാധിക്കുന്ന രാജ്യവും ഇന്ത്യയായിരിക്കുമെന്ന് ബ്ലൂംബെർഗും ചൂണ്ടിക്കാട്ടുന്നു.

വളർച്ചയിൽ മുന്നിൽ ഇന്ത്യ

2023ൽ 5.9 ശതമാനമായിരിക്കും ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക്. 5.2 ശതമാനം വളരുന്ന ചൈന രണ്ടാംസ്ഥാനം നേടും. 5 ശതമാനം വളർച്ചയുമായി ഇൻഡോനേഷ്യയായിരിക്കും മൂന്നാമത്. സൗദി അറേബ്യ (3.1 ശതമാനം), മെക്സിക്കോ (1.8 ശതമാനം) എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രണ്ട് രാജ്യങ്ങൾ.

അമേരിക്ക 1.6 ശതമാനമേ വളരൂ. ജപ്പാന്റെ പ്രതീക്ഷ 1.3 ശതമാനം. ബ്രസീൽ 0.9 ശതമാനവും റഷ്യ, ഫ്രാൻസ്, ഇറ്റലി എന്നിവ 0.7 ശതമാനം വീതവും ദക്ഷിണാഫ്രിക്ക 0.1 ശതമാനവും വളർന്നേക്കും. അതേസമയം, ജർമ്മനി നെഗറ്റീവ് 0.1 ശതമാനത്തിലേക്കും ബ്രിട്ടൻ 0.3 ശതമാനത്തിലേക്കും തളരുമെന്ന് ഐ.എം.എഫിന്റെ 'വേൾഡ് എക്കണോമിക് ഔട്ട്ലുക്ക്" റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാന്ദ്യമില്ലാത്ത ഇന്ത്യ

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകം മെല്ലെ കരകയറുന്നതിനിടെയാണ് യുക്രെയിനുമേൽ റഷ്യ അധിനിവേശം തുടങ്ങിയത്. അതോടെ,​ ലോക രാജ്യങ്ങൾക്കിടയിലെ ഐക്യത്തിന്റെ ഫോർമുല പൊളിഞ്ഞു. ഉത്പാദന,​ വിതരണശൃംഖലയുടെ താളംതെറ്റി.

പണപ്പെരുപ്പവും പലിശഭാരവും കുതിച്ചുകയറി. അമേരിക്കയും യൂറോമേഖലയുമടക്കം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന്റെ അലയൊലികൾ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും വീശിയടിച്ചു. ഏറ്റവുമൊടുവിൽ അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് മേഖലവരെ തളരുന്ന കാഴ്ച ലോകം കണ്ടു.

ഈ പ്രതിസന്ധികളെല്ലാം 2023 അവസാനമാകുമ്പോഴേക്കും ലോക രാജ്യങ്ങളെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ,​ ഇതൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. ഇന്ത്യയിൽ മാന്ദ്യക്കാറ്റ് വീശാനുള്ള സാദ്ധ്യത വെറും പൂജ്യമാണെന്ന് ബ്ലൂംബെർഗിന്റെ 'റിസഷൻ മീറ്റർ" റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.

മാന്ദ്യത്തിലേക്ക് വീഴാനുള്ള ബ്രിട്ടന്റെ സാദ്ധ്യത 75 ശതമാനമാണെന്ന് റിപ്പോർട്ടിലുണ്ട്. ന്യൂസിലൻഡ് (70 ശതമാനം)​,​ അമേരിക്ക (65 ശതമാനം)​,​ ജർമ്മനി,​ ഇറ്റലി,​ കാനഡ (60 ശതമാനം വീതം)​,​ ഫ്രാൻസ് (50 ശതമാനം)​,​ ചൈന (12.5 ശതമാനം)​ എന്നിങ്ങനെയാണ് മറ്റ് പ്രമുഖ രാജ്യങ്ങളുടെ മാന്ദ്യ സാദ്ധ്യത.

സൗദി അറേബ്യയുടെ സാദ്ധ്യത 5 ശതമാനം. ഇൻഡോനേഷ്യയുടേത് 2 ശതമാനം. ഇന്ത്യയുടേത് പൂജ്യം.

ഇനി വരുന്നത് ഇന്ത്യയുടെ കാലം

സാമ്പത്തിക വിശ്വാസം (Economic Confidence) പരിഗണിച്ചാൽ ഈ ദശാബ്ദം ഇന്ത്യയുടേതായിരിക്കുമെന്നാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സ്ഥാപകൻ നിഖിൽ കാമത്ത് പറയുന്നത്.

അമേരിക്കയിൽ പഠിക്കുകയും അവിടെ ജോലി നേടുകയും ചെയ്‌ത നിരവധി ഇന്ത്യക്കാരുണ്ട്. അവർ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ഇവിടെ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാണ് അനുയോജ്യമായ സമയമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വെറും ഒന്നും രണ്ടും ശതമാനം ജി.ഡി.പി വളർച്ച നേടുന്ന വിദേശ രാജ്യങ്ങളേക്കാൾ എന്തുകൊണ്ടും അനുയോജ്യം ഇന്ത്യയായിരിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. 2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നാണ് പ്രവചനങ്ങൾ. ഇതും വരുംതലമുറയ്ക്ക് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it