സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഇന്ന് തുടങ്ങുന്നു; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

2020- 21 സാമ്പത്തിക വര്‍ഷത്തെ ഒന്‍പതാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (എസ്ജിബി) വില്‍പ്പന ഇന്ന് ആരംഭിച്ച് 2021 ജനുവരി ഒന്നിന് അവസാനിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇത്തവണ സ്വര്‍ണ്ണ ബോണ്ടുകളുടെ ഇഷ്യു വില ഗ്രാമിന് 5,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നത്തെയും പോലെ ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ രീതിയില്‍ പണമടക്കുന്നവര്‍ക്ക് 50 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. അവര്‍ക്ക് ഇഷ്യു വില ഗ്രാമിന് 4950 രൂപ ആയിരിക്കും.

സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ (ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ചത്) അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. അതായത് ഡിസംബര്‍ 22 മുതല്‍ 24 വരെയുള്ള സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയാകും ഒമ്പതാം ഘട്ടത്തിലെ വിലനിലവാരം. അടുത്ത തവണ ഇത് വ്യത്യാസപ്പെട്ടേക്കാം.

എസ്ജിബിയുടെ പ്രധാനകാര്യങ്ങള്‍ അറിയാം

  • കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.

  • ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മെച്യുരിറ്റി കാലാവധി എട്ട് വര്‍ഷമാണ്. അഞ്ചാം വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പുറത്തു കടക്കാനും സാധിക്കും.

  • അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വര്‍ണവും സബ്സ്‌ക്രിപ്ഷന്റെ പരമാവധി പരിധി 4 കിലോയും ആണ്.

  • സ്വര്‍ണ്ണ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് 2.50% വാര്‍ഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

  • സ്വര്‍ണ്ണ ബോണ്ടുകള്‍ ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (എന്‍എസ്ഇ, ബിഎസ്ഇ) എന്നിവയിലൂടെയാണ് വില്‍ക്കുക.

  • ബോണ്ട് ഇഷ്യൂ ചെയ്ത് മെച്യുരിറ്റി നേടിയാല്‍ ഇവ പണയം വയ്ക്കാനും സൗകര്യമുണ്ട്.

  • ഇന്ത്യയിലെ താമസക്കാരായ മുഴുവന്‍ ആളുകള്‍ക്കും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാനാകും.

  • എച്ച്‌യുഎഫ്, ട്രസ്റ്റുകള്‍, സര്‍വ്വകലാശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും എസ്ജിബി വാങ്ങിക്കാം.

  • വ്യക്തികള്‍ക്കും ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്കും ഒരുമിച്ച് വാങ്ങാനാകും എന്നതാണ് എസ്ജിബിയുടെ പ്രത്യേകത.


Related Articles
Next Story
Videos
Share it