ടിനി ഫിലിപ്പ് എഴുതുന്നു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴുള്ള പാക്കേജുകള്‍ താങ്ങാകില്ല - Part 4
കോവിഡ് മൂലം രാജ്യത്തുണ്ടാകാനിടയുള്ള ചില കാര്യങ്ങളെ കുറിച്ചെല്ലാം നമുക്ക് വ്യക്തയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് മൂലമുണ്ടാകാനിടയുള്ള ചില പ്രത്യാഘാതങ്ങളെന്തൊക്കെയെന്ന് നോക്കാം. (read Part 3)
നമുക്ക് ആദ്യം തന്നെ ഏറ്റവും മികച്ചൊരു സാഹചര്യം മനസില്‍ കാണാം. അതായത് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ കോവിഡ് ബാധയുടെ വ്യാപനം കുറയുകയും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് പോവുകയും ചെയ്യുമെന്ന് വിചാരിക്കുക. എന്നിരുന്നാല്‍ പോലും മൂന്നാഴ്ചത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഇന്ത്യയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാവും തള്ളിയിടുക.
മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാളും 2016ലെ നോട്ട് പിന്‍വലിക്കലിനേക്കാളും തീവ്രമായ ഡിസ്‌റപഷനാണ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സപ്ലൈയും ഡിമാന്റും ഒരു പോലെ ലോക്ക്ഡൗണ്‍ കാലത്ത് സ്തംഭിച്ചു.
രാജ്യത്തെ ദരിദ്രജനകോടികളെ ലോക്ക്ഡൗണ്‍ അതിരൂക്ഷമായിട്ടാകും ബാധിക്കുക. കാര്‍ഷിക മേഖലയിലൊഴികെയുള്ള മറ്റെല്ലാ രംഗത്തെയും തൊഴിലാളികള്‍ക്ക് 21 ദിവസമായി വേതനമില്ല. വലിയ തോതിലുള്ള ഇടപെടല്‍ ഇല്ലാതെ വന്നാല്‍ ദാരിദ്ര്യം രൂക്ഷമാകും. ലോക്ക്ഡൗണ്‍ മൂലം ഉല്‍പ്പാദനവും വിതരണവും സ്തംഭിച്ചിരിക്കുകയാണ്. ഇതിനര്‍ത്ഥം എല്ലാതരത്തിലുമുള്ള ദൗര്‍ലഭ്യം വരാം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉപഭോഗം. ജനങ്ങളുടെ വരുമാനം കുറയുന്നതോടെ കണ്‍സെപ്ഷന്‍ ഡിമാന്റും കുത്തനെ ഇടിയും.
ലോക്ക്ഡൗണ്‍ കാലത്തെ വരുമാന നഷ്ടം താങ്ങാനാകാത്ത ഒട്ടനവധി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടപ്പെടും. ഇതിനകം തന്നെ വലിയ എന്‍പിഎ പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്ന നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവ് ഇനിയും മുടങ്ങുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നത്തിലാകും. ലോക്ക്ഡൗണിന് മുമ്പേ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിരുന്നതാണ് ഈ പ്രശ്‌നങ്ങളെ രൂക്ഷമാക്കാന്‍ കാരണമാകുന്നത്.
മുന്‍ കോളങ്ങളില്‍ ഞാന്‍ വ്യക്തമാക്കിയതുപോലെ കോവിഡിനു മുമ്പേ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരുന്നു. ഫിഗര്‍ 12ല്‍ കാണുന്നത് പോലെ രാജ്യത്തിന്റേത് നെഗറ്റീവ് ഗ്രോത്തായിരുന്നു.
ഫിഗര്‍ 12:
അന്ന് എന്റെ നിഗമന പ്രകാരം, ജിഡിപിയുടെ 55 ശതമാനം സംഭാവന ചെയ്യുന്ന സംഘടിതമേഖലയുടെ വളര്‍ച്ചാ നിരക്ക് രണ്ടുശതമാനവും ജിഡിപിയുടെ 45 ശതമാനം സംഭാവന ചെയ്യുന്ന അസംഘടിത മേഖലയുടെ വളര്‍ച്ചാ നിരക്ക് മൈനസ് അഞ്ച് ശതമാനമായിരിക്കും എന്നായിരുന്നു. അപ്പോള്‍ മൊത്തം സമ്പദ് വ്യവസ്ഥ 1.15 ശതമാനം ചുരുങ്ങും.
ലോക്ക്ഡൗണ്‍ കൊണ്ട് കോവിഡ് ബാധയുടെ വ്യാപനം കുറയ്ക്കാനായേക്കുമെങ്കിലും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകില്ല. വൈറസ് ബാധ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം വരെയോ വാക്‌സിന്‍ വികസിപ്പിച്ചെടുക്കും വരെയോ തുടരാം.
ഇക്കാലയളവില്‍ സമ്പദ് വ്യവസ്ഥ നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്നുമില്ല. കാരണം വൈറസ് ബാധ നിയന്ത്രിക്കാന്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഭാഗിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചേക്കാം. സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായാല്‍ ദേശീയ ലോക്ക്ഡൗണും വന്നേക്കാം.
സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ക്ഷതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വളരെ ബൃഹത്തായ പിന്തുണ അനിവാര്യമായ സമയമാണിത്. കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.
ദൗര്‍ഭാഗ്യവശാല്‍, ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണങ്ങളെല്ലാം, എന്താണോ ഇപ്പോള്‍ ആവശ്യം അതിന്റെ ഏഴയലത്ത് പോലും എത്താത്തതുമാണ്. മാര്‍ച്ച് 26ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 23 ബില്യണ്‍ ഡോളറിന്റെ പാക്കേജ് ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ മതിയാകില്ല. ഈ പാക്കേജിലെ വലിയൊരു ശതമാനം തുകയും നിലവിലുള്ള പദ്ധതികളെ പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചതാണ്. കോവിഡ് ബാധയില്ലെങ്കിലും ആ തുക ചെലവിടേണ്ടതായിരുന്നു.
ആ പാക്കേജിലെ പുതിയ വിഹിതം കോവിഡ് ബാധ മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം നികത്താന്‍ മാത്രം പര്യാപ്തവുമല്ല. ജിഡിപിയുടെ 0.5 ശതമാനം തുകയാണ് ഇപ്പോള്‍ അതിനായി വകയിരിത്തിയിരിക്കുന്നത്. മറ്റ് ചില സര്‍ക്കാരുകള്‍ ജിഡിപിയുടെ 32 ശതമാനവും അതിലധികവും സമാശ്വാസ, ഉത്തേജക പാക്കേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫിഗര്‍ 13
കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അത്യാവശ്യം വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും അതിനെ മാത്രമായി നമുക്ക് ്ആശ്രയിക്കാനാവില്ല. ഫണ്ട് ദൗര്‍ബല്യം തന്നെയാണ് കാരണം. കേന്ദ്ര സര്‍ക്കാര്‍ അവരുടെ ചെലവിടലുകള്‍ ഉയര്‍ത്തുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, അവര്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കായി ഫണ്ട് ലഭ്യമാക്കുകയും വേണം. ഈ ദിശയിലേക്ക് വേണ്ട ചില കാര്യങ്ങള്‍ ഇതൊക്കെയാണ്.
a. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള തുക കുടിശിക തീര്‍ത്ത് നല്‍കുക. തൊഴിലുറപ്പ് പദ്ധതിയുടെ വേതനയിനത്തിലും ജിഎസ്ടി സമാഹരണത്തിന്റെ വിഹിതത്തിന്റെ കാര്യത്തിലുമുള്ള തുകയും കുടിശികയും നല്‍കണം.
b. ഓരോ സംസ്ഥാനത്തെയും അതിഥി തൊഴിലാളികള്‍ക്കും കയറിക്കിടക്കാന്‍ വീടില്ലാത്തവര്‍ക്കും താമസവും ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കുന്നതിനുമുള്ള പണവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം.
c. മൂന്നുമാസത്തേക്ക് ഓരോ കുടുംബത്തിനും അഞ്ച് കിലോ അരിയോ/ഗോതമ്പോ, ഒരു കിലോ പയറുവര്‍ഗങ്ങളോ നല്‍കുമെന്നതാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും ഉപകാരപ്രദമായ പ്രഖ്യാപനങ്ങളിലൊന്ന്. ഇത് വളരെ കുറഞ്ഞ അളവാണ്. അതുകൊണ്ട് ഇത് ഇരട്ടിയാക്കണം.
d. ധനമന്ത്രാലയം പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായവും വളരെ കുറവാണ്. തൊഴിലെടുക്കാന്‍ പോകാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ ഒന്നിനും തികയില്ല ആ തുക. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്നുമാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി, മറ്റ് പെന്‍ഷന്‍ പദ്ധതികള്‍, ഇതര പദ്ധതികളിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 6000 രൂപയെങ്കിലും നല്‍കണം.
e. റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് സ്വയം തീരുമാനമെടുക്കാം. ഈ മോറട്ടോറിയം രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ എടുത്തവര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന കാര്യം റിസര്‍വ് ബാങ്ക്് പരിശോധിച്ച് ഉറപ്പാക്കണം. മാത്രമല്ല, ഇക്കാലയളവിലെ പലിശ ഇളവ് നല്‍കാനും തയ്യാറാകണം. എസ് എം ഇ രംഗത്തെ ആഘാതം, അല്ലെങ്കില്‍ തകര്‍ച്ച തന്നെ ചെറുക്കാന്‍ അതാണ് വഴി.
സംസ്ഥാന സര്‍ക്കാരുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം
കേന്ദ്ര സര്‍ക്കാരിന് പുറമേ റിസര്‍വ് ബാങ്കും സംസ്ഥാന സര്‍ക്കാരുകളും മതിയായ നടപടികള്‍ അതിവേഗം സ്വീകരിക്കണം. രാജ്യത്ത് സപ്ലൈ കുത്തനെ കുറഞ്ഞിരിക്കുകയാണ്. ദൗര്‍ലഭ്യം തലപൊക്കാം. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിക്കും. ഇതിനോട് ബന്ധപ്പെട്ട് ലഹളകളും സാമൂഹ്യ അസ്വസ്ഥതകളും കൂടും.
ഇത് ധനക്കമ്മിയെ കുറിച്ച് വേവലാതി പെടേണ്ട സന്ദര്‍ഭമല്ല. അതെല്ലാം വരുംപോലെ വരട്ടേ. അപ്പോള്‍ നേരിടാം. ഇതൊരു അസാധാരണമായ പ്രതിസന്ധിയാണ്. അതില്‍ നിന്ന് കരകയറാനുള്ള വഴിയാണ് നോക്കേണ്ടത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നതും അതാണ്.
കേന്ദ്രസര്‍ക്കാരും ഇതുപോലെ ചിന്തിക്കണം. നമ്മുടെയൊക്കെ ആയുസ്സില്‍ തന്നെ ഒരിക്കല്‍ മാത്രം കടന്നുവന്നേക്കാവുന്ന ദുര്‍ഘടമായ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വഴികള്‍ ആലോചിച്ച് നടപ്പാക്കണം.
ഫിഗര്‍ 14ല്‍ കാണുന്നതുപോലെ ലോക്ക്ഡൗണിന്റെ പ്രത്യാഘാതം വളരെ രൂക്ഷമായിരിക്കും. കോവിഡ് ബാധ എത്രമാത്രം ഫലപ്രദമായി ചെറുക്കുന്നു, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ എന്തെല്ലാം തരത്തിലെ ഉത്തേജക പാക്കേജുകള്‍ അവതരിപ്പിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും ഇതുമൂലമുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ ദൈര്‍ഘ്യവും.
ഫിഗര്‍ 14: