കുതിപ്പില്‍ തന്നെ സ്വര്‍ണം; പവനു വില 39,200 രൂപ

റെക്കോര്‍ഡ് തകര്‍ത്തുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് സ്വര്‍ണ വില. 39,200 രൂപയാണ് പവന് ഇന്നു വില. 600 രൂപ ഒരു ദിനത്തിനകം കൂടി. ഗ്രാമിന് വില 4900 രൂപയായി. ഇന്നലത്തേക്കാള്‍ 75 രൂപ ഉയര്‍ന്നു.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 52,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേക്കാണ് ഉയര്‍ന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വര്‍ധന.ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. സുരക്ഷിത താവള ആസ്തികള്‍ക്ക് മുന്‍ഗണന കൂടുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കോവിഡ് വ്യാപനവും സ്വര്‍ണ വിപണിയെ ബാധിച്ചു.

സ്വര്‍ണ്ണ വിലയില്‍ 2011 കാലത്തുണ്ടായ റെക്കോര്‍ഡ് കുതിപ്പ് മറികടക്കാന്‍ ഇനിയും ദിവസങ്ങളേ വേണ്ടിവരൂ എന്ന്് ഒരാഴ്ച മുമ്പത്തെ സിറ്റിഗ്രൂപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോവിഡിനു പുറമേ കുറഞ്ഞ പലിശനിരക്ക്, ആഗോള വ്യാപാര രംഗത്തെ കലഹം, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന പ്രക്ഷുബ്ധത എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.സ്വര്‍ണ വില 10 ഗ്രാമിന് 50,000 രൂപ കടക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ) പി ആര്‍ സോമസുന്ദരം അഭിപ്രായപ്പെട്ടു.

മഞ്ഞ ലോഹത്തിന്റെ കുതിപ്പ് ഇതിലും ഉയരത്തിലേക്കായിരിക്കുമെന്ന് എയ്ഞ്ചല്‍ ബ്രോക്കിംഗിലെ കമ്മോഡിറ്റീസ് ആന്‍ഡ് കറന്‍സി റിസര്‍ച്ച് വിഭാഗം വിദഗ്ധന്‍ അനുജ് ഗുപ്ത പറഞ്ഞു.അതേസമയം, സ്വര്‍ണത്തിനു സമാന്തരമായി ഇതേ പ്രവണത വെള്ളിയുടെ വിപണിയിലും പ്രകടമാകുന്നുണ്ടെന്ന് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ആനന്ദ് രാഥിയിലെ ഗവേഷണ അനലിസ്റ്റ് ജിഗാര്‍ ത്രിവേദി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണിയില്‍ ഒരു വര്‍ഷത്തിനകം 30 ശതമാനം മൂല്യ വര്‍ദ്ധനയുണ്ടാക്കാന്‍ കഴിഞ്ഞു ഏറ്റവും മികച്ച സുരക്ഷിത ആസ്തികളില്‍ ഒന്നെന്ന ഖ്യാതിയുറപ്പിച്ച് സ്വര്‍ണ നിക്ഷേപത്തിന്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2000 ഡോളര്‍ നിലവാരത്തിലേക്കടുക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഇക്കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനിലുണ്ടായ വില വര്‍ദ്ധന 9 ശതമാനം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കമ്മിറ്റിയുടെ നാളെ ചേരുന്ന യോഗം പലിശ നിരക്കു വീണ്ടും കുറയ്ക്കുമെന്ന നിരീക്ഷണം വ്യാപകമായതും സ്വര്‍ണ നിക്ഷേപമുയര്‍ത്താന്‍ കാരണമായി.നാണയപ്പെരുപ്പം കൂടി കണക്കാക്കുമ്പോള്‍ അമേരിക്കയിലേതുള്‍പ്പെടെ സര്‍ക്കാര്‍ ബോണ്ടുകള്‍ നെഗറ്റീവ് വരുമാനത്തിലേക്കു പോകുന്നതായുള്ള നിഗമനവും ഏറിവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it