'സമ്പന്ന രാജ്യങ്ങളുടെ സഹായങ്ങള്‍ക്ക് പിന്നിലെ കാണാച്ചരടുകള്‍'

ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങളിലെ ദാരിദ്ര്യം 'തുടച്ചുനീക്കാന്‍' സമ്പന്ന രാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറുകളും വമ്പന്‍ സഹായങ്ങളും നല്‍കുമ്പോള്‍ സമ്പന്നന്റെ നല്ല മനസായി കാണുന്നവരാണ് ഏറെ പേരും. എന്നാല്‍ വാസ്തവം അതാണോ? അല്ലെന്ന് സമര്‍ത്ഥിക്കുകയാണ് നരവംശ ശാസ്ത്രജ്ഞനായ ജേസണ്‍ ഹിക്കലിന്റെ ഏറ്റവും പുതിയ പുസ്തകമായ 'The divide. A brief guide to global inequality and its solutions.

സ്വന്തം രാജ്യത്തിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം വികസ്വര രാജ്യങ്ങള്‍ മാത്രമല്ലെന്ന് ഇദ്ദേഹം വാദിക്കുന്നു. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടാന്‍ സമ്പന്ന രാജ്യങ്ങള്‍ ആത്മാര്‍ത്ഥമായി താല്‍പ്പര്യപ്പെടുന്നില്ലെന്നതിന് നിരവധി വാദങ്ങള്‍ ഇദ്ദേഹം പുസ്തകത്തില്‍ നിരത്തുന്നുണ്ട്.

വികസ്വര രാജ്യങ്ങള്‍ സാമ്പത്തികമായി ഉന്നമനം നേടിയാല്‍ വികസിത രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ വേതനനിരക്കില്‍ തൊഴിലാളികളും വിഭവ സമ്പത്തും ലഭിക്കാത്ത സാഹചര്യം വരും. ഇത് കോര്‍പ്പറേറ്റുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് മതിയായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജേസണ്‍ ഹിക്കല്‍ പറയുന്നു.

സഹായമെന്ന പൊടിക്കൈ

അര്‍ത്ഥവത്തായ വികസനം സാധ്യമാകാത്ത വിധത്തിലാണ് ആഗോള സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂട്. പാശ്ചാത്യ സമ്പന്ന രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന വിപണി ഉദാരവല്‍ക്കരണം പോലും വികസനം വളര്‍ത്തുന്നതല്ല മുരടിപ്പിക്കുന്നതാണ്. ''സമ്പദ്‌വ്യവസ്ഥ ചുരുങ്ങും. വരുമാനം കുത്തനെ ഇടിയും. ദശലക്ഷക്കണക്കിനാളുകള്‍ പ്രാന്തവല്‍ക്കരിക്കപ്പെടും. ദാരിദ്ര്യത്തിന്റെ തോത് കുത്തനെ ഉയരും.'' ഗ്രന്ഥകാരന്‍ പറയുന്നു.

ദരിദ്ര രാജ്യങ്ങള്‍ക്കായുള്ള സമ്പന്ന രാജ്യങ്ങളുടെ ഔദ്യോഗിക വികസന സഹായം 2017ല്‍ 145 ബില്യണ്‍ ഡോളറാണെങ്കിലും അത് കണ്ണില്‍ പൊടിയിടാനുള്ള തുക മാത്രമാണെന്ന് ഹിക്കല്‍ ചൂണ്ടിക്കാട്ടുന്നു. കടത്തിന്റെ പലിശ, വിദേശ നിക്ഷേപകരുടെ വരുമാനം, കോര്‍പ്പറേറ്റുകളുടെ ലാഭം, ഓഹരികളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള നേട്ടം എന്നീ ഇനങ്ങളിലായി ഇതിലേറെ തുക വികസ്വര രാജ്യങ്ങളില്‍ നിന്ന് സമ്പന്ന രാജ്യങ്ങളിലേക്ക് ഒഴുകുന്നുണ്ട്. ഇതിനു പുറമേ വളരെയേറെ തുക തെറ്റായ ഇന്‍വോയ്‌സിംഗിലൂടെയും അന്യായമായ നടപടി ക്രമങ്ങളിലൂടെയും ദരിദ്ര രാജ്യങ്ങളുടെ കൈകളില്‍ നിന്ന് ലോകശക്തികളിലേക്ക് എത്തുന്നുമുണ്ട്.

കോളനിവല്‍ക്കരണത്തില്‍ നിന്ന് ആഗോളവല്‍ക്കരണത്തിലേക്ക് എത്തുമ്പോഴും സമ്പന്ന രാജ്യങ്ങളുടെ ലക്ഷ്യം തൊഴിലാളികളുടെ വേതന നിരക്കും വിഭവങ്ങളുടെ നിരക്കും ഏറ്റവും താഴെ നിര്‍ത്തുക എന്നതാണ്.

മനുഷ്യ സൃഷ്ടിയായ ദാരിദ്ര്യം ലോകത്തുനിന്ന് തുടച്ചുമാറ്റാന്‍ നിര്‍ണായകമായ അഞ്ച് ഇടപെടലുകള്‍ നടത്തണമെന്ന് ഇദ്ദേഹം പറയുന്നു.

കടക്കെണിയില്‍ നിന്ന് മോചനം: വികസ്വര രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയിന്മേല്‍ നിയന്ത്രണം നേടണം. കടക്കെണിയില്‍ നിന്ന് തലയൂരി മികച്ചൊരു സാമ്പത്തിക നയം സ്വയം സ്വീകരിക്കണം.

ആഗോള ജനാധിപത്യം: ആഗോള ഭരണക്രമത്തിലെ പ്രമുഖ ഇന്‍സ്റ്റിറ്റിയൂഷനുകളായ ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി എന്നിവ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം. സമ്പന്ന രാജ്യങ്ങള്‍ ആസ്വദിക്കുന്ന 60 ശതമാനം വോട്ടിംഗ് പവര്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. ദരിദ്ര രാജ്യങ്ങളില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണം.

ഫെയര്‍ ട്രേഡ്: ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ അടിസ്ഥാനപരമായി എല്ലാ അംഗരാജ്യങ്ങള്‍ക്കും നീതിയുക്തമാക്കണം. ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ട മെച്ചം ഉറപ്പാക്കണം.

ആഗോളാടിസ്ഥാനത്തില്‍ മിനിമം വേതനം:തൊഴില്‍ നിലവാരത്തില്‍ ആഗോളതലത്തില്‍ മാനദണ്ഡം കൊണ്ടുവരണം. രാജ്യാന്തര അടിസ്ഥാനത്തില്‍ മിനിമം വേതനം ഉറപ്പാക്കണം

സാധാരണക്കാരെ ശാക്തീകരിക്കുക: ഭൂമി കുത്തകയാക്കുന്നതിനെ അനുവദിക്കാതിരിക്കുക. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കും വിധം ഭൂപരിഷ്‌കരണ നടപടികള്‍ ശക്തമാക്കുക.

പ്രകൃതി സമ്പത്തിനെ അമിതമായി ചൂഷണം ചെയ്തു കൊണ്ടു കൂടി സാധ്യമാക്കുന്ന ജിഡിപി നിരക്കിലെ വര്‍ധനയിലൂടെ വികസനത്തെ അളക്കുന്ന രീതി മാറണമെന്നും നല്ല ജീവിത നിലവാരമാകണം വികസനത്തിന്റെ അളവുകോലെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കടപ്പാട്: ഡെവലപ്‌മെന്റ് ആന്‍ഡ് കോ-ഓപ്പറേഷന്‍ മാഗസിന്‍ എഡിറ്റോറിയലംഗം Sabine Balk ന്റെ ലേഖനം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it