ജിഎസ്ടി: ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെയും അപകടം!

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് കച്ചവടക്കാര്‍ പൊതുവേ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാം.


1. ഇ വെ ബില്‍ അപ്്‌ലോഡ് ചെയ്തപ്പോള്‍ ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറില്‍ ചെറിയ പിഴവ് പറ്റി. പ്രശ്‌നമാകുമോ?

നികുതി രംഗത്ത് സുതാര്യത കൊണ്ടുവരുന്നതിലേക്കുള്ള പ്രയാണമാണ് ചരക്ക് സേവന നികുതി. അതായത് ചരക്ക്/സേവന കൈമാറ്റം നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമായിരിക്കണം. നികുതി കൃത്യമായി പിരിച്ച് അടച്ചിരിക്കണം. അതുകൊണ്ടാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തവര്‍ തമ്മില്‍ ചരക്ക്/ സേവന കൈമാറ്റം ചെയ്യുമ്പോള്‍ ഇന്‍വോയ്‌സും 50,000 രൂപയില്‍ കൂടുതലുള്ള ചരക്കാണ് കൈമാറുന്നതെങ്കില്‍ ഇ വെ ബില്ലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടത്. ഇന്‍വോയ്‌സില്‍ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
പലപ്പോഴും ഇ വെ ബില്‍ ധൃതിപ്പെട്ട് അപ്്‌ലോഡ് ചെയ്യുമ്പോള്‍ വാഹന നമ്പര്‍ തെറ്റായി ചേര്‍ക്കാറുണ്ട്. കച്ചവടക്കാരന്‍ ഇന്‍പുട്ട് ടാക്‌സ് ഒക്കെ എടുത്ത് സമാധാനത്തോടെ കഴിയുമ്പോഴാകും ജി എസ് ടിയിലെ ഇന്റലിജന്‍സ് ഓഫീസര്‍ ഇ വെ ബില്ലിലെ വാഹനത്തിന്റെ നമ്പര്‍ വെച്ച് വാഹനമേതെന്ന് പരിശോധിക്കുന്നത്. പത്ത് ടണ്‍ ചരക്ക് കയറ്റിയ വാഹനത്തിന്റെ നമ്പര്‍ ഒരു സ്‌കൂട്ടറിന്റേതായാല്‍ എന്ത് സംഭവിക്കും? ഇന്‍പുട്ട് ടാക്‌സ് നിരസിക്കുമെന്ന് മാത്രമല്ല. നിങ്ങള്‍ അതെടുത്തതിന്റെ പേരില്‍ പലിശയും പിഴയും അടക്കേണ്ടിയും വരും. അതുകൊണ്ട് ഇ വെ ബില്‍ അപ്്‌ലോഡ് ചെയ്യുമ്പോള്‍ വാഹന നമ്പര്‍ ശ്രദ്ധയോടെ ചേര്‍ക്കുക.

2. ഇന്‍വോയ്‌സും ഇ വെ ബില്ലും ഒക്കെയുണ്ടായിട്ടും ജിഎസ്ടി ഉദ്യോഗസ്ഥര്‍ എന്റെ വണ്ടി തടയുന്നു. ഡ്രൈവറെ ചോദ്യം ചെയ്യുന്നു. ഞാന്‍ എന്തുചെയ്യണം?

ചരക്ക് കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇ വെ ബില്ലില്‍ വണ്ടി നമ്പര്‍ മാറിക്കിടന്നാല്‍ അതിന്റെ പേരില്‍ പിഴയിടാനും അവകാശമുണ്ട്. എന്നാല്‍ ഈ പിഴവ് മനഃപൂര്‍വ്വമല്ല സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യം വന്നാല്‍ നാമമാത്രമായ പിഴ അടച്ച് വാഹനത്തിന്റെ മറ്റ് നൂലാമാലകളില്‍ നിന്ന് വിടുതല്‍ കിട്ടും. അല്ലെങ്കില്‍ ജിഎസ്ടി നിരക്ക് എത്രയാണോ തതുല്യമായ തുക നികുതിയായും അതിനുപുറമെ തതുല്യമായ തുക വരെ പെനാല്‍ട്ടിയും ഈടാക്കാം.
ചരക്ക് കൈമാറ്റം നടക്കുമ്പോള്‍ നികുതി ദായകന്റെ പ്രതിപുരുഷന്‍ ആ വണ്ടിയുടെ ഡ്രൈവറാണ്. അയാളുടെ വാക്കുകളാണ് ഉദ്യോഗസ്ഥര്‍ മൊഴിയായി രേഖപ്പെടുത്തുന്നത്. വണ്ടി നമ്പര്‍ തെറ്റായി ചേര്‍ത്തത് മനഃപൂര്‍വ്വമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയുന്നത് അയാളിലൂടെയാണ്. നിങ്ങള്‍ക്ക് പറ്റിയ പിഴവ് മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്തവും നിങ്ങളുടേത് മാത്രമാണ്. അതുകൊണ്ടാണ് വണ്ടി പിടിച്ചെടുക്കുന്നതും മറ്റ് നടപടികളും.

3. 50,000 രൂപയ്ക്ക് മുകളിലാണെങ്കിലല്ലേ ഇ വെ ബില്‍ എടുക്കേണ്ടതുള്ളൂ. ഒരു വണ്ടിയില്‍ പല ബില്ലിലായി 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ചരക്ക് കൊണ്ടുപോകാന്‍ ഇ വെ ബില്‍ വേണമോ?

പലരും ഇ വെ ബില്‍ ഒഴിവാക്കാന്‍ 49,500 രൂപയുടെ ഇന്‍വോയ്‌സ് എടുക, 50,000 രൂപയുടെ ബില്‍ പലതായി ഇടുക. തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ജിഎസ്ടി നിയമത്തിലെ പഴുത് നോക്കാനുള്ള വഴികള്‍ കച്ചവടക്കാരെ നിങ്ങള്‍ നോക്കരുത്. ഇന്‍വോയ്‌സ് തുക കുറച്ചുകാട്ടിയാലും പല ബില്ലുകളില്‍ തുക അടിച്ചാലും എപ്പോഴെങ്കിലും പരിശോധനയില്‍ പിടിച്ചാല്‍ വലിയ പിഴ നല്‍കേണ്ടി വരും. ജിഎസ്ടി നിയമത്തിലെ 129 ാം വകുപ്പ് പ്രകാരം വെട്ടിപ്പിനുള്ള സാധ്യതയില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് 129ാം വകുപ്പിലും ബന്ധപ്പെട്ട ചട്ടത്തിലും പ്രതിപാദിക്കുന്ന രേഖകളില്‍ തെറ്റുകളുണ്ടെങ്കില്‍ പോലും നടപടി സ്വീകരിക്കാം.

4. 2017-18, 2018-19 കാലത്തെ ചില ബില്ലുകള്‍ ചേര്‍ക്കാന്‍ വിട്ടുപോയി. അതിന്റെ ഇന്‍പുട്ട് ടാക്‌സ് ഇനി എടുക്കാന്‍ പറ്റുമോ?

നിയമപരമായി എടുക്കാന്‍ പറ്റില്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഏതൊരു നിയമത്തിനും ഒരു അടിസ്ഥാനതത്വമുണ്ട്. ജി എസ് ടിയെ സംബന്ധിച്ചിടത്തോളം ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് അടിസ്ഥാന തത്വങ്ങളില്‍ ഒന്ന്. നിയമത്തിന്റെ അന്തഃസത്ത അതാണെന്നിരിക്കെ Under protest ല്‍ ടാക്‌സ് അടച്ച ശേഷം ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്പീല്‍ അധികാരികള്‍ക്ക് മുന്നില്‍ അപ്പീല്‍ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് വഴി. ഭാവിയില്‍ ഏതെങ്കിലും ഒരു കേസില്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഏതെങ്കിലും കേസില്‍ അനുകൂലമായ വിധി വന്നാല്‍ അതിന്റെ ഗുണം അപ്പീല്‍ പെന്‍ഡിംഗിലായതുകൊണ്ട് നിങ്ങള്‍ക്കും കിട്ടുമല്ലോ. നിയമത്തിന്റെ അടിസ്ഥാന തത്വം പരിശോധിച്ച് ഹൈക്കോടതികള്‍ക്കും സുപ്രിംകോടതിക്കും വിധി പറയാന്‍ സാധിക്കും.

5. ഇന്‍പുട്ട് ടാക്‌സ് എടുത്തതിന്റെ പേരില്‍ 24 ശതമാനം പലിശ ചുമത്തി നോട്ടീസുകള്‍ വരുന്നുണ്ട്. ഇത്രയും കൂടുതല്‍ പലിശ ഈടാക്കാന്‍ വകുപ്പുണ്ടോ?

24 ശതമാനം പലിശ ഈടാക്കി നോട്ടീസ് അയക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. പരമാവധി 18 ശതമാനം പലിശയാണ് ഇപ്പോഴത്തെ നിയമമനുസരിച്ച് സാധാരണ നിലയില്‍ ഈടാക്കാന്‍ പറ്റുകയുള്ളൂ. ഇവിടെയും കച്ചവടക്കാര്‍ Under protest ല്‍ പലിശ അടച്ചശേഷം അപ്പീല്‍ നല്‍കാവുന്നതാണ്.

6. നാട്ടില്‍ ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായി ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തു. പക്ഷേ പച്ച പിടിച്ചില്ല. വീണ്ടും ഞാന്‍ പ്രവാസിയായി. ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തത് പുലിവാലാകുമോ?

ധനത്തില്‍ മുമ്പൊരു ലക്കത്തില്‍ ഈ വിഷയം വിശദമായി പറഞ്ഞിരുന്നു. അക്കാര്യം വീണ്ടും ചുരുക്കി പറയാം. ജി എസ് ടി രജിസ്‌ട്രേഷന്‍ കുട്ടിക്കളിയല്ല. ബാങ്ക് വായ്പയ്ക്കായി അഡീഷണല്‍ രേഖയ്ക്കായും മറ്റും ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ പോലും നമ്മുടെ നാട്ടിലുണ്ട്. പലരും ഒരു ഇ മെയ്ല്‍ വിലാസവും മൊബീല്‍ നമ്പറും ഒക്കെ നല്‍കി രജിസ്‌ട്രേഷന്‍ എടുക്കും. പിന്നീട് കച്ചവടം പച്ചപിടിക്കാതെ ആകുമ്പോള്‍, അതൊക്കെ ഉപേക്ഷിച്ച് വിദേശത്ത് പോകും. ജി എസ് ടി റിട്ടേണ്‍ സമര്‍പ്പണവും മറ്റും കൃത്യമായി നടക്കാതെ വരുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബീല്‍ നമ്പറിലേക്കും മെയ്‌ലിലേക്കും സന്ദേശങ്ങള്‍ വരും. പക്ഷേ വിദേശത്തുള്ള ആള്‍ ഇതൊന്നും അറിയണമെന്നില്ല. അപ്പീല്‍ പോകാനുള്ള കാലാവധിയും കഴിഞ്ഞ് ലക്ഷങ്ങള്‍ പിഴയാകുമ്പോഴാണ് പലരും കാര്യമറിയുന്നത്. ഇതിലുള്ള മറ്റൊരു അപകടം നികുതി അടവില്‍ വീഴ്ച വരുത്തിയ വ്യക്തിയുടെ പേരിലുള്ള ആസ്തികളുടെ രേഖകളില്‍ വരെ അത് കാണും. അതായത്, ജി എസ് ടി സംബന്ധമായ കാര്യത്തില്‍ വീഴ്ച വരുത്തി, വലിയ പിഴ അടക്കാനുണ്ടെങ്കില്‍ സ്വന്തം പേരിലുള്ള സ്ഥലം പോലും വില്‍ക്കാന്‍ പറ്റില്ല. നിങ്ങള്‍ അതില്‍ നിന്ന് വിടുതല്‍ നേടിയെന്ന രേഖ കൊടുത്താല്‍ മാത്രമേ ഇത്തരം നൂലാമാലകളില്‍ നിന്ന് ഒഴിയാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് എന്തെങ്കിലും കാരണവശാല്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് കാന്‍സല്‍ ചെയ്ത രേഖ സൂക്ഷിക്കുകയും ജിഎസ്ടി വകുപ്പില്‍ നിന്നും രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് 'ഫൈനല്‍ റിട്ടേണ്‍' ഫയല്‍ ചെയ്യാനുള്ള അറിയിപ്പ് വന്ന് ആ അറിയിപ്പിന്റെ മറുപടിയായി ഫൈനല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ബന്ധപ്പെട്ട രജിസ്‌ട്രേഷനുമായുള്ള സകല കാര്യങ്ങളും അവസാനിച്ചുവെന്ന 'ഫൈനല്‍ റിട്ടേണി'ന്റെ രസീത് സൂക്ഷിച്ച് വെയ്‌ക്കേണ്ടതും അനിവാര്യമാണ്.


Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles
Next Story
Videos
Share it