എണ്ണ വില ഉയര്‍ത്തിയ ട്രംപിന്റെ തന്ത്രം പാളി

എണ്ണ വില ഉയര്‍ത്തിയ ട്രംപിന്റെ തന്ത്രം പാളി
Published on

ലോകമാസകലം കൊറോണ ഭീതി തീവ്രമാകുന്നതിനിടയിലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ 'ബിസിനസ് നീക്കം' താല്‍ക്കാലിക വിജയം നേടിയ ശേഷം പാളി. അുത്ത കാലത്തെ ഏറ്റവും വലിയ ഏകദിന നേട്ടം ഇന്നലെ കൈവരിച്ച ശേഷം അന്താരാഷ്ട്ര വില ഇന്ന് വീണ്ടും കൂപ്പുകുത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ്  3 ശതമാനം അഥവാ 9 സെന്റ് കുറഞ്ഞ് 29.05 ഡോളറിലെത്തി.

ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും തമ്മില്‍ കരാറുണ്ടാകാന്‍ താന്‍ ഇടനിലക്കാരനായെന്ന പ്രഖ്യാപനവുമായാണ് ട്രംപ് കഴിഞ്ഞ ദിവസം വിപണിയെ അമ്പരപ്പിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി വ്യാഴാഴ്ച സംസാരിച്ചതായും ട്രംപ് പറഞ്ഞു.ഈ ആശയവിനിമയങ്ങളിലൂടെ എണ്ണ ഉല്‍പാദനം പ്രതിദിനം 10 ദശലക്ഷം മുതല്‍ 15 ദശലക്ഷം ബാരല്‍ വരെ കുറയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെയാണ് ക്രൂഡ് ഓയില്‍ വിപണിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച തോതിലുള്ള വില വര്‍ദ്ധന പെട്ടെന്നുണ്ടായത്. യുഎസ് ക്രൂഡ് വില 41 ശതമാനം വരെ ഉയര്‍ന്നശേഷമാണ് 25 ശതമാനത്തില്‍ ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് വില 18 ശതമാനം കൂടി ബാരലിന് 29.14 ഡോളറിലെത്തി.

യുഎസിന്റെ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ താന്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ട്രംപ് പറഞ്ഞത് വിപണി പിന്നീട് വിശകലനം ചെയ്‌തെന്ന് നിരീക്ഷകര്‍ പറയുന്നു.ഉല്‍പാദന വെട്ടിക്കുറവില്‍ യുഎസ് പങ്കെടുക്കുമെന്നുറപ്പുവരാത്തിടത്തോളം കാലം ക്രൂഡ് വില തല്‍ക്കാലം ഉയരാനിടയില്ലെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.റഷ്യയും സൗദി അറേബ്യയും 15 ദശലക്ഷം ബാരല്‍ വരെ  ഉല്‍പാദനം കുറയ്ക്കാന്‍ സമ്മതിച്ചാലും, സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിപണിയെ സന്തുലിതമാക്കാന്‍ ഇത് പര്യാപ്തമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഒപെക്കും സഖ്യകക്ഷികളും തമ്മില്‍ അടിയന്തര കൂടിക്കാഴ്ചയ്ക്ക് സൗദി അറേബ്യ ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രംപിന്റെ തന്ത്രം മുഖ്യ ചര്‍ച്ചാവിഷയമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.ഇതിനിടെ അമേരിക്കന്‍ ഊര്‍ജ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാജ്യത്തെ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായും  ഉടന്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ട്രംപ്.

സൗദി-റഷ്യ മല്‍സരത്തിനിടെ കനത്ത തിരിച്ചടി നേരിട്ട അമേരിക്കന്‍ ഷെല്‍ ഓയില്‍-വാതക വിപണിയെ ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. സൗദിയുടെ എണ്ണ ഇറക്കുന്നത് കുറയ്ക്കാനാണ് ആലോചന.സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് താരിഫ് ചുമത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരിഫ് കാര്യത്തില്‍ അമേരിക്കയിലെ ഒരു വിഭാഗം വ്യവസായികള്‍ വിയോജിപ്പു പ്രകടിപ്പിക്കുന്നതിനാല്‍ ട്രംപിന്റെ നീക്കം എളുപ്പം നടക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷണമുണ്ട്.

കൊറോണ ഭീതിയില്‍ അമേരിക്കന്‍ സാമ്പത്തിക രംഗം കനത്ത വെല്ലുവിളികളാണ് നേരിടുന്നുത്. ഈ പശ്ചാത്തലത്തിലാണ് സൗദിയും റഷ്യയും നടത്തുന്ന വിപണി പോര് മറ്റൊരു ഭാഗത്ത് മുറുകുന്നത്. അതാകട്ടെ അമേരിക്കന്‍ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ട്രംപിന്റെ പുതിയ നീക്കങ്ങള്‍ക്കു കാരണമായത് ഇതാണ്.കൊറോണ വൈറസ് ഭീതി മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം. ഈ സാഹചര്യത്തില്‍ എണ്ണ ആവശ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ എണ്ണയ്ക്ക് വില കുത്തനെ ഇടിഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഒപെക് കൂട്ടായ്മയില്‍ പ്രധാനിയും സൗദി തന്നെ. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് ലോകത്ത് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാം രാജ്യമായ റഷ്യയാണ്. ഒന്നാം സ്ഥാനത്തുള്ള സൗദിയും രണ്ടാം സ്ഥാനത്തുള്ള റഷ്യയും തമ്മിലുള്ള പോര് കൂട്ടി മുതലെടുക്കാനാണ് ട്രംപിന്റെ നീക്കമെന്ന് നിരീക്ഷകര്‍ പറയുന്നു.

ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ആഭ്യന്തര യുദ്ധം ഒഴിഞ്ഞതോടെ ഇറാഖില്‍ നിന്ന് എണ്ണ കൂടുതലായി അന്താരാഷ്ട്ര വിപണിയിലേക്ക് വരുന്നുണ്ട്. ഐസിസ് പൂര്‍ണമായും ഇല്ലാതാകുകയും എണ്ണ മേഖല ഇറാഖ് സര്‍ക്കാരിന് ലഭിക്കുകയും ചെയ്തതോടെയാണ് ഇറാഖ് അന്താരാഷ്ട്ര വിപണയില്‍ ഇടപെടാന്‍ തുടങ്ങിയത്. ഇറാഖ് കൂടുതല്‍ ഉല്‍പ്പാദനം നടത്തുമെന്ന പുതിയ വിവരം ട്രംപിനെയും സൗദിയെയും റഷ്യയെയും വിഷമിപ്പിക്കുക സ്വാഭാവികം.

വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്. റഷ്യ ഒപെക് രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു.എണ്ണ മേഖല ഒപെക് രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന ഭയമാണ് സൗദി അറേബ്യയ്ക്ക്. വിപണികള്‍ സൗദിക്ക് നഷ്ടമാകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ വില ഇനിയും ഇടിയാന്‍ സാഹചര്യമൊരുക്കി ഏപ്രില്‍ ഒന്ന് മുതല്‍ ഉല്‍പ്പാദനം കൂട്ടിയിരിക്കുകയാണ് സൗദി.

ഇതിന് മുമ്പ് വന്‍തോതില്‍ എണ്ണ വില ഇടിഞ്ഞത് 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധ കാലത്താണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയില്‍ വില കുറഞ്ഞത് ആശ്വാസകരമാണ്. വില കുറയുന്നതോടെ പരമാവധി സംഭരിക്കാം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിലുള്ള പ്രതിഷേധവും രാജ്യത്ത് ശക്തം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com