തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു: സിഎംഐഇ
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറഞ്ഞതായും പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നതായും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ട്. ജൂണ്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 11.63 ശതമാനമാണ്. ലോക്ക്ഡൗണ്‍ വരുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് 22 ന് അവസാനിച്ച ആഴ്ചയില്‍ 8.41 ശതമാനമാണു രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഓഫീസുകള്‍, ഷോപ്പുകള്‍, സ്വയം തൊഴില്‍ മാര്‍ഗങ്ങള്‍ എന്നിവ വീണ്ടും തുറന്നതാണ് പുരോഗതിക്ക് കാരണം. ഇപ്പോള്‍ നടക്കുന്ന വേനല്‍ വിള നടീല്‍ സീസണും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഗ്രാമങ്ങളിലെ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി. തന്മൂലം, ഗ്രാമീണ തൊഴില്‍ നഷ്ടനിരക്ക് മൊത്തത്തിലുള്ള തൊഴിലില്ലായ്മ കണക്കുകളേക്കാള്‍ കുത്തനെ ഇടിഞ്ഞതായി സിഎംഇഇ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ 17.71 ശതമാനത്തില്‍ നിന്ന് ജൂണ്‍ 14 വരെയുള്ള ആഴ്ചയില്‍ ഇത് 10.96 ശതമാനമായി കുറഞ്ഞു. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഗ്രാമീണ ഇന്ത്യയില്‍ തൊഴില്‍ നഷ്ട നിരക്ക് 8.29 ശതമാനവും ദേശീയതലത്തില്‍ 8.41 ശതമാനവുമായിരുന്നു.
നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമീണ, മൊത്തത്തിലുള്ള തൊഴില്‍ നഷ്ട നിരക്കിനേക്കാള്‍ കൂടുതലാണെന്നും സിഎംഇഇ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും വേതന ജോലികളും ഔപചാരിക മേഖലയിലെ ജോലികളും വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline