എന്താണ് സാമ്പത്തിക സർവേ?​ ബജറ്റിന് മുമ്പ് സർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവിടുന്നതെന്തിന്?​

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ഫെബ്രുവരി ഒന്നിന് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ,​ ഇത് ഇടക്കാല ബജറ്റ് മാത്രമായിരിക്കും. എങ്കിലും,​ വോട്ട് ഉന്നമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിക്കാൻ ധനമന്ത്രി ശ്രമിച്ചേക്കും.

ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് ധനമന്ത്രാലയം മറ്റൊരു നിര്‍ണായക രേഖ പാര്‍ലമെന്റില്‍ അവതരിപ്പിക്കാറുണ്ട്. അതാണ് സാമ്പത്തിക സര്‍വേ (ഇക്കണോമിക് സര്‍വേ ഓഫ് ഇന്ത്യ) റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡ് എന്ന് ഇതിനെ വിളിക്കാം. കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം,​ കേന്ദ്രത്തിന്റെ ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്.

സമഗ്രമായ അവലോകനം

ഇന്ത്യയില്‍ 1950-51ലാണ് ആദ്യ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സര്‍വേ പിന്നീട് 1965 മുതല്‍ ബജറ്റില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോർട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ വാര്‍ഷികാടസ്ഥാനത്തിലുള്ള കണക്കാണെന്ന് പറയാം. അതായത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനം.

റിപ്പോർട്ടിൽ എന്തെല്ലാം

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇത് സാമ്പത്തിക വളര്‍ച്ചയിലെ മേഖല തിരിച്ചുള്ള പ്രവണതകള്‍ എടുത്തുകാണിക്കുന്നു. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ് വിശദമാക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താനും വരുന്ന സാമ്പത്തിക വര്‍ഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെ ദിശയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാനും റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു.മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങള്‍ സാമ്പത്തിക സര്‍വേയിലുണ്ടാകും.

കൂടാതെ വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള ഒരു വീക്ഷണവും നല്‍കുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നല്‍കുകയും തുടര്‍ന്നുള്ള ബജറ്റിന്റെ പ്രധാന അടിത്തറയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക സര്‍വേക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തില്‍ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുടെ അവലോകനവും ഉണ്ടാകും. അതേസമയം, രണ്ടാം ഭാഗത്തില്‍ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങിയ പ്രത്യേക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

സാമ്പത്തിക സര്‍വേയുടെ പ്രാധാന്യം

കൃഷി, സേവനങ്ങള്‍, വ്യവസായങ്ങള്‍, പൊതു ധനകാര്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളുടെ പ്രകടനം വിലയിരുത്തുന്നതില്‍ ഇന്ത്യയുടെ സാമ്പത്തിക സര്‍വേ നിര്‍ണായക പങ്ക് വഹിക്കുന്നു. സാമ്പത്തിക നയത്തിനുള്ള ശുപാര്‍ശകളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ഒരു അവലോകനം നല്‍കുന്നതിലൂടെ, വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വെല്ലുവിളികളും പ്രതിബന്ധങ്ങളും തിരിച്ചറിയാന്‍ സര്‍വേയില്‍ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ പോളിസി നിര്‍മ്മാതാക്കള്‍ പ്രയോജനപ്പെടുത്തുന്നു. ഇത് മെച്ചപ്പെട്ട നയരൂപീകരണത്തിന് ഏറെ സഹായിക്കുന്നു.

സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു രേഖ കൂടിയാണിത്. സാമ്പത്തിക സര്‍വേ റിപ്പോർട്ട് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം നല്‍കുകയും സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ട രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it