ഡിസ്‌കൗണ്ടില്‍ റഷ്യയെ കടത്തിവെട്ടും; ഇന്ത്യയിലേക്ക് ഒഴുകാന്‍ വെനസ്വേല എണ്ണ

ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയുടെ ക്രൂഡോയില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക നീക്കിയതോടെ 'ലോട്ടറി' അടിക്കുന്നത് ഇന്ത്യക്ക്. നിലവില്‍, റഷ്യയില്‍ നിന്ന് വിപണിവിലയേക്കാള്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടുന്ന ക്രൂഡോയിലാണ് ഇന്ത്യ കൂടുതലായും വാങ്ങിക്കൂട്ടുന്നത്.

വെനസ്വേലയാകട്ടെ, റഷ്യ നല്‍കുന്നതിനേക്കാള്‍ 10 ഡോളര്‍ അധിക ഡിസ്‌കൗണ്ട് ഇന്ത്യക്ക് നല്‍കുമെന്നാണ് സൂചനകള്‍. ഇത്, ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവില്‍ വന്‍ ലാഭം നേടാന്‍ ഇന്ത്യക്ക് സഹായകമാകും. ഫലത്തില്‍, വെനസ്വേലന്‍ എണ്ണ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകാനുള്ള കളമാണൊരുങ്ങുന്നത്.
നിലവില്‍ ആഭ്യന്തര ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയില്‍ ഇറക്കുമതിക്ക് വന്‍തോതില്‍ വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനും ഇടവരുത്താറുണ്ട്.

കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികള്‍ കുറയ്ക്കാനും ആഭ്യന്തര പണപ്പെരുപ്പം പിടിച്ചുനിറുത്താനും ഇന്ത്യക്ക് വെനസ്വേലന്‍ എണ്ണ സഹായകമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേന്ദ്രസര്‍ക്കാരിനും ഇത് നേട്ടമാണ്.

വിലക്കിനെയും മറികടന്ന്
യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ 10-ാം സ്ഥാനത്തായിരുന്നു റഷ്യ. യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണയ്ക്ക് അമേരിക്കയും യൂറോപ്പും വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇന്ത്യക്കും ചൈനയ്ക്കും വന്‍തോതില്‍ ക്രൂഡോയില്‍ നല്‍കി ഈ പ്രതിസന്ധി മറികടക്കാന്‍ റഷ്യ ശ്രമിച്ചു. ഇന്ത്യക്ക് വിപണിവിലയേക്കാള്‍ ഡിസ്‌കൗണ്ടും റഷ്യ വാഗ്ദാനം ചെയ്തു. നിലവില്‍ 40 ശതമാനം വിഹിതവുമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയില്‍ ലഭ്യമാക്കുന്ന രാജ്യമാണ് റഷ്യ.
പഴയ ചങ്ങാതിമാര്‍
ക്രൂഡോയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ അംഗമാണ് വെനസ്വേല. കുറഞ്ഞവിലയ്ക്ക് ലഭ്യമായാല്‍ ഏത് രാജ്യത്തുനിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, 2017-19 കാലയളവില്‍ വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ വീതം ക്രൂഡോയില്‍ വാങ്ങിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവയായിരുന്നു വെനസ്വേലന്‍ എണ്ണയുടെ മുഖ്യ ഉപയോക്താക്കള്‍. അമേരിക്കന്‍ വിലക്കിന് മുമ്പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയില്‍ 28 ശതമാനം വരെ പങ്കുവഹിക്കാന്‍ വെനസ്വേലയ്ക്ക് കഴിഞ്ഞിരുന്നു.
എന്താണ് ഇന്ത്യയുടെ നേട്ടം?
വിദേശനാണയ വരുമാനവും വിദേശ നാണയച്ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. ഇത് കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും.
ഇന്ത്യ ഏറ്റവുമധികം വിദേശനാണ്യം ചെലവിടുന്നത് ക്രൂഡോയില്‍ വാങ്ങാനാണ്. ക്രൂഡോയില്‍ വിലയില്‍ ഓരോ ഡോളര്‍ കുറയുമ്പോഴും കറന്റ് അക്കൗണ്ട് കമ്മിയിലുണ്ടാകുന്ന ആശ്വാസം 140 കോടി ഡോളറാണ്. അങ്ങനെയിരിക്കേ, ബാരലിന് 10-20 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ തയ്യാറായാല്‍ ഏത് വിലക്കിനെ മറികടന്നായാലും വാങ്ങിക്കൂട്ടാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. റഷ്യന്‍ എണ്ണയ്ക്കുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും വിലക്ക് ഇന്ത്യ ഗൗനിക്കാതിരുന്നതിന് പിന്നിലെ കാരണവും വേറെയല്ല.

Related Articles

Next Story

Videos

Share it