ഇതാണ് ഡെൻമാർക്കിനെ ലോകത്തെ ഏറ്റവും മികച്ച തൊഴിലിടമാക്കിയത്!

ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടനുസരിച്ച് തൊഴിൽ ചെയ്യാൻ ഏറ്റവും മികച്ച രാജ്യം ഡെന്മാർക്കാണ്. എങ്ങനെയാണ് യൂറോപ്പിലെ ഈ കൊച്ചു രാജ്യം ഈ നേട്ടം കൈവരിച്ചത്? ലോകത്തിലേറ്റവും നിരപ്പായ അധികാര ശ്രേണിയാണ് ഡെന്മാർക്കിന്റെ വിജയ രഹസ്യം.

തൊഴിൽ പദവികളോ പ്രവൃത്തി പരിചയമോ കണക്കാക്കാതെ എല്ലാ ജീവനക്കാരെയും തുല്യരായിക്കാണുന്നതാണ് ഇവരുടെ രീതി. പരസ്പര ബഹുമാനം സൂക്ഷിക്കുമ്പോഴും വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നത്.

ഇതുകൊണ്ടുതന്നെ വിദേശീയർക്ക് ഈ രാജ്യത്തെ ഇഗാലിറ്റേറിയൻ സമീപനം പലപ്പോഴും ഒരു കൾച്ചറൽ ഷോക്കായി മാറാറുണ്ട്.

ഏതു തട്ടിലുള്ള ജീവനക്കാരനും സിഇഒയ്ക്ക് മുന്നിൽ നേരിട്ട് തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാം. ആവശ്യമെങ്കിൽ മാനേജർ തലത്തിലുള്ളവരെ വിമർശിക്കാൻ ജൂനിയർ ജീവനക്കാർക്ക് ഭയമോ മടിയോ ഇല്ല. ആശയങ്ങൾ പങ്കുവെക്കുന്നതിൽ സ്വാതന്ത്രമേറെയാണ്. അധികാരം പങ്കുവയ്ക്കുന്ന കാര്യത്തിൽ ഏറ്റവും സമർത്ഥർ ഈ രാജ്യക്കാരാണ്.

ഇതൊക്കെയുണ്ടെങ്കിലും, നിങ്ങൾ നന്നായി ജോലി ചെയ്തില്ലെങ്കിൽ പറഞ്ഞുവിടാൻ സാധ്യതയേറെയാണ്. പക്ഷെ, പേടിക്കേണ്ട; തൊഴിൽ രഹിതർക്ക് സർക്കാർ നൽകുന്ന ശക്തമായ പിന്തുണയും സംരക്ഷണവുമുണ്ട്.

വർക്ക് കൾച്ചർ പോലെതന്നെ വ്യത്യസ്തമാണ് ഡെന്മാർക്കിലെ ലേബർ മാർക്കറ്റും. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വളരെക്കുറവാണിവിടെ. തൊഴിലാളികൾക്കും അതുപോലെതന്നെ കമ്പനികൾക്കും 'ഫ്ലെക്സെക്യൂരിറ്റി' നൽകണമെന്നതാണ് ഗവൺമെന്റിന്റെ ലക്ഷ്യം. ഫ്ലെക്സിബിലിറ്റി, സെക്യൂരിറ്റി എന്നീ രണ്ട് കാര്യങ്ങൾ ഒത്തിണങ്ങിയതാണ് ഈ ആശയം.

തൊഴിൽ സുരക്ഷ കുറവാണെങ്കിലും തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ വലുതാണ്. കമ്പനികൾക്ക് മികച്ച വർക്ക് ഫോഴ്സിനെ ലഭിക്കാനാണ് തൊഴിൽ സുരക്ഷ വർധിപ്പിക്കാത്തത്.

എന്നാൽ നിങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടാൽ, അനുകൂല്യങ്ങൾക്കൊപ്പം തൊഴിൽ അന്വേഷിക്കാനുള്ള സഹായവും ജോലിയിൽ തിരികെഏതാനും സ്‌കിൽ ട്രെയിനിങ്ങും സർക്കാർ തന്നെ ലഭ്യമാക്കും.

കർക്കശമായി അധികാര ശ്രേണികൾ പിന്തുടരുന്ന ഏഷ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ആശയങ്ങൾ തുറന്നു പറയാനും ചർച്ചചെയ്യാനും തൊഴിലാളികൾ തയ്യാറാകുന്നില്ല. ഇത് ഇവരുടെ ക്രിയാത്മകതയെ പ്രതികൂലമായി ബാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it