ജിസിസി രാജ്യങ്ങള്‍ മുഖം വീര്‍പ്പിച്ചാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കും, സാമ്പത്തിക രംഗം വഷളാകുമോ?

പതിറ്റാണ്ടുകളായി ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തിവരുന്നവരാണ് ജിസിസി രാജ്യങ്ങള്‍. സാമ്പത്തി-നയതന്ത്ര രംഗങ്ങളിലുമെല്ലാം ശക്തമായബന്ധം നിലനിര്‍ത്തിപോരുന്ന ഇന്ത്യക്കും ജിസിസി രാജ്യങ്ങള്‍ക്കിടയിലും അടുത്തിടെയുണ്ടായ വിവാദം ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രചാരണങ്ങള്‍ ജിസിസി രാജ്യങ്ങളില്‍ ശക്തമാകുന്നതിനിടെ. കുവൈത്തിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. കൂടാതെ, നടപടികള്‍ ശക്തമാക്കി സാമ്പത്തിക രംഗത്തും വിവാദങ്ങള്‍ പ്രതിഫലിച്ചേക്കുമെന്ന് ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി പ്രകടമാക്കുന്ന കണക്കുകള്‍ ഒന്ന് നോക്കാം.

ജിസിസി രാജ്യങ്ങളിലായി ആകെ 81 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎഇയില്‍ മാത്രം ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യയില്‍നിന്നുള്ളവരാണ്. യുഎഇ ജനസംഖ്യയുടെ 34.6 ശതമാനം അഥവാ 34 ലക്ഷവും ഇന്ത്യക്കാരാണ്. സഊദി അറേബ്യയില്‍ 25 ലക്ഷം (7.5 ശതമാനം), കുവൈത്തില്‍ 10.29 ലക്ഷം (24.1 ശതമാനം), ഒമാനില്‍ 7.8 ലക്ഷം (15.3 ശതമാനം), ബഹ്‌റൈനില്‍ 3.26 ലക്ഷം (19.2 ശതമാനം) ഇന്ത്യക്കാരും താമസിച്ച് വരുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവിടങ്ങളിലൊക്കെയും റസ്‌റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തിവരുന്നവരില്‍ വലിയൊരു വിഭാഗവും ഇന്ത്യയില്‍നിന്നുള്ളവരാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് തുടരുന്നത് കനത്ത തിരിച്ചടിയാകും.

ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ പകുതിയോളം വരുന്നത് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. 2018ല്‍ അയച്ച പണത്തിന്റെ പകുതിയും യുഎഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നാണ്. ഇവിടങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമെത്തുന്നത് കേരളത്തിലേക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഡല്‍ഹിയുടെ വിഹിതം സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്നു. യുപിയും ബിഹാറും ഗണ്യമായ വളര്‍ച്ച കൈവരിച്ചു.

കയറ്റുമതി രംഗം

യുഎസ് കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് യുഎഇ. യുഎഇയുടെ കയറ്റുമതിയില്‍ 9.2 ശതമാനവും ഇന്ത്യയില്‍നിന്നാണ്. അതായത്, 28,853.6 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് യുഎഇ ഒരു വര്‍ഷം ഇന്ത്യയില്‍നിന്ന് നടത്തുന്നത്. സഊദി അറേബ്യ (2 ശതമാനം) 6,236 മില്യണ്‍ ഡോളറിന്റെയും ഒമാന്‍ (0.7 ശതമാനം) 2,261 മില്യണ്‍ ഡോളറിന്റെയും ഖത്തര്‍ 1,286 മില്യണ്‍ ഡോളറിന്റെയും കയറ്റുമതി പ്രതിവര്‍ഷം ഇന്ത്യയില്‍നിന്ന് നടത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അരി, എരുമ മാംസം, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര എന്നിവയെല്ലാം ഇന്ത്യയില്‍നിന്നാണ് പ്രധാനമായും എത്തുന്നത്.

എണ്ണ ഇറക്കുമതി

ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 60 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. ഇറാഖ്, സഊദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും അസംസ്‌കൃത എണ്ണ എത്തുന്നത്. രാജ്യത്ത് പ്രതിദിനം 5 ദശലക്ഷം ബാരല്‍ എണ്ണ ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ 60 ശതമാനവും ഗള്‍ഫില്‍ നിന്നാണ് വരുന്നതെന്നും ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Next Story

Videos

Share it