കോവിഡിന് ശേഷം സ്വര്‍ണ കള്ളക്കടത്ത് വര്‍ധിച്ചത് എന്തുകൊണ്ട്? ഇറക്കുമതി തീരുവ കുറയ്ക്കുമോ?

2021 -22 ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റ്റെലിജെന്‍സ് (ഡി ആര്‍ ഐ) 833.07 കിലോ കള്ളകടത്ത് സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റെ വിപണി മൂല്യം 405.35 കോടി രൂപ കണക്കാക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം സമ്പദ് ഘടനകള്‍ പൂര്‍വസ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സ്വര്‍ണ ഇറക്കുമതിയും കള്ളക്കടത്തും വര്‍ധിച്ചത്.

2021 മാര്‍ച്ച്, ആഗസ്റ്റ് മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതി കൂടുതലായിരുന്നു. മാര്‍ച്ചിലും ഒക്ടോബറിലുമാണ് ഏറ്റവും അധികം സ്വര്‍ണ കള്ളക്കടത്ത് പിടിച്ചത്. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരെ ഉപയോഗപ്പെടുത്തിയാണ് വന്‍ കള്ളക്കടത്ത് നടത്തിയത്. ജോലി നഷ്ടപെട്ട അവസ്തയെ ചൂഷണം ചെയ്യുകയായിരുന്നു കള്ളക്കടത്തുകാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തതിലാണ് സ്വര്‍ണ കള്ളക്കടത്തിനെ കുറിച്ചുള്ള കണക്കുകള്‍ നല്‍കിയിരിക്കുന്നത്.

2021 ഒക്ടോബറില്‍ 25 കേസുകളിലായി 44.08 കോടി രൂപ മൂല്യമുള്ള 90 കിലോ സ്വര്‍ണമാണ് കള്ളക്കടത്തായി എത്തിയത്. മാര്‍ച്ചില്‍ 26.56 കോടി രൂപ വിലയുള്ള 50 കിലോ സ്വര്‍ണമാണ് കടത്തിയത്. പേസ്റ്റ്, പൗഡര്‍ രൂപത്തിലും, മെഷിനറികളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൂടുതലും കടത്താന്‍ ശ്രമിച്ചത്. തോര്‍ത്തിലും, ടൗവലിലും സ്വര്‍ണം കടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ മ്യാന്മറില്‍ നിന്ന് റോഡ് മാര്‍ഗം സ്വര്‍ണ കള്ളക്കടത്ത് വര്‍ധിച്ചതായി ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കുമോ?

ജൂലൈ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി. ഇത് കൂടാതെ കാര്‍ഷിക സെസ് 2.5 ശതമാനവും, ജിഎസ്ടി 3 ശതമാനവും കൂടി ചേരുമ്പോള്‍ മൊത്തം തീരുവ 18.45 ശതമാനമായി. ഇതിനെ തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതി ജൂലൈ -സെപ്റ്റംബര്‍ മാസത്തില്‍ 23 ശതമാനം ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇറക്കുമതി തീരുവ കൂടി നിന്നാല്‍ കള്ളക്കടത്ത് വര്‍ധിക്കും. ആഭരണ വ്യവസാത്തെ ബാധിക്കുമെന്നത് കൊണ്ട് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് പിന്‍വലിക്കാനും, ജിഎസ്ടി 3 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമാക്കാന്‍ ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമെസ്റ്റിക്ക് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കാന്‍ നിര്‍ദേശിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ധനമന്ത്രാലയത്തിന് വര്‍ധിക്കുന്ന സ്വര്‍ണ ഇറക്കുമതിയും അതിന് വേണ്ടി കൂടുതല്‍ വിദേശ നാണയം ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ട്. അതിനാല്‍ 2023 -24 ബജറ്റില്‍ ഇറക്കുമതി തീരുവ കുറയ്ക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

Related Articles

Next Story

Videos

Share it