എന്തിനാണ് ബജറ്റിന്റെ തലേദിവസം സാമ്പത്തിക സര്‍വേ?- പ്രധാന്യം അറിയാം

കേന്ദ്ര ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി, തലേദിവസം സാമ്പത്തിക സര്‍വേ പാര്‍ലമെന്റ് ടേബിളില്‍ വെക്കും. എല്ലാ വര്‍ഷവും തുടര്‍ന്നുപോരുന്ന ഈ നടപടി ഇപ്രാവശ്യവും നടന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ ഓരോ മേഖലയുടെയും പ്രകടനം വിലയിരുത്തുകയും ഭാവി നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതാണ് സാമ്പത്തിക സര്‍വേ.

ബജറ്റിനു മുന്നോടിയായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സാമ്പത്തിക സര്‍വേ ടേബിളില്‍ വെച്ചത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ചയാണ് ഇപ്രാവശ്യത്തെ സാമ്പത്തിക സര്‍വേയില്‍ പ്രവചിക്കുന്നത്.
ആരാണ് സാമ്പത്തിക സര്‍വേ നടത്തുന്നത്?
ബജറ്റിനോളം പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന സാമ്പത്തിക സര്‍വേ സാധാരണ തയ്യാറാക്കുന്നത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. പക്ഷേ, കഴിഞ്ഞ ഡിസംബറില്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഈ സ്ഥാനത്ത് ആരും ഇല്ലാതിരുന്നതിനാല്‍, ഇപ്രാവശ്യം പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവും സഹായികളായ ഉദ്യോഗസ്ഥരുമാണ് തയ്യാറാക്കിയത്. പുതിയ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി. ആനന്ദ നാഗേശ്വരനെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിയമിച്ചത്.
എന്തിനാണ് ബജറ്റിന്റെ തലേദിവസം?
സ്വാതന്ത്ര്യാനന്തരം ഒരു പതിറ്റാണ്ടിലേറെ കാലം ബജറ്റിന്റെ കൂടെ തന്നെയാണ് സാമ്പത്തിക സര്‍വേയും അവതരിപ്പിച്ചിരുന്നത്. 1964ലാണ് ഇവ രണ്ടും വേര്‍തിരിച്ച്, ബജറ്റിന്റെ തലേദിവസമാക്കിയത്. ബജറ്റിന്റെ സാഹചര്യം എന്തായിരിക്കുമെന്ന ധാരണ തരുന്നതിനാല്‍ ഈ കീഴ്‌വഴക്കം തുടരുന്നു.
സര്‍വേ അവതരിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ മേല്‍ നിര്‍ബന്ധമില്ല. അതുപോലെ, സര്‍വേ ശുപാര്‍ശങ്ങള്‍ നടപ്പിലാക്കേണ്ട ബാധ്യതയും സര്‍ക്കാരിനില്ല.
എന്താണിത്ര പ്രാധാന്യം?
വരുന്ന സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി പ്രതീക്ഷ പങ്കുവെക്കുന്നതാണ് പ്രധാന കാര്യം. കൂടാതെ, രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള ഉള്‍ക്കാഴ്ചയും സര്‍വേയിലൂടെ ലഭിക്കും. കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന പ്രത്യാശയാണ് ഇപ്രാവശ്യത്തെ സാമ്പത്തിക സര്‍വേ പ്രധാനമായും പങ്കുവെക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it