എണ്ണ വില കൂടുമോ, കുറയുമോ?

എണ്ണവില കഴിഞ്ഞ 3 മാസമായി സമ്മര്‍ദ്ദത്തില്‍ തുടരുകയാണ്. കോവിഡ് കുത്തിവെയ്പിന്റെ വേഗവും ഫലപ്രാപ്തിയും മാത്രമല്ല ഇറാനില്‍ നിന്നുളള എണ്ണ വീണ്ടുമെത്തുന്നതിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും വികസ്വര വിപണികളിലെ കോവിഡ് രണ്ടാം തരംഗവും എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിനു ചേരുന്ന ഒപെക് യോഗം, ആസന്നമായ യുഎസ് - ഇറാന്‍ ആണവ ഉടമ്പടി എന്നിവയുടെ ഫലത്തെ ആശ്രയിച്ചാണ് കാര്യങ്ങള്‍. യുഎസില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തിന്റ കണക്ക്, ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ വേഗത എന്നീ ഘടകങ്ങളും ഹൃസ്വകാലയളവില്‍ എണ്ണവിലകളെ സ്വാധീനിക്കും.

എണ്ണവിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും സപ്ലെ - ഡിമാന്റ് ബലതന്ത്രമാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക. നേരത്തേ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും ലോകമെങ്ങും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും വില താഴോട്ടുപോകാനിടയാക്കിയിരുന്നു. എന്നാല്‍ വിലകളുടെ കുതിപ്പ് പുനരാരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസ് ഡബഌുടിഐ, ബ്രെന്റ് ക്രൂഡോയില്‍ വിലകള്‍ ഏതാണ്ട് ഇരട്ടിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ വീണ്ടെടുപ്പും വാക്‌സിനേഷന്‍ വ്യാപകമായതുമാണ് എണ്ണയുടെ ഡിമാന്റു വര്‍ധിക്കാനിടയാക്കിയത്.

ഡിമാന്റു കുറഞ്ഞതുകാരണം എണ്ണ കെട്ടിക്കിടക്കാനിടയായപ്പോള്‍ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണ ഉല്‍പാദകരും ചേര്‍ന്ന് അതിനു പരിഹാരം കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചുകൊണ്ട് ചരിത്രപരമായൊരു തീരുമാനം അവര്‍ കൈക്കൊണ്ടു. വിപണിയില്‍ എണ്ണ കെട്ടിക്കിടക്കുന്ന പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെട്ടു. ജൂലൈ മാസത്തോടെ പ്രതിദിന ഉല്‍പാദനം 2.1 മില്യണ്‍ ബാരലിലേക്ക് തിരിച്ചെത്തിക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ ഇറാന്‍ 2015ലെ ആണവ ഉടമ്പടിക്കു ശേഷം അമേരിക്കയുടെ ഉപരോധം നേരിടുകയാണ്. ഉപരോധം കാരണം അവര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍ 2015ലെ ഉടമ്പടി പരിഷ്‌കരിക്കുന്നതിനായി ഇറാന്‍ ഏപ്രില്‍ മുതല്‍ ലോക ശക്തികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കയാണ്. വിപണി ഉറ്റു നോക്കുകയാണ് ഈ ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ വിജയിക്കുകയും ഉപരോധം എടുത്തുകളയുകയും ചെയ്താല്‍ ഇറാനില്‍ നിന്നുള്ള എണ്ണ യഥേഷ്ടം ലോക വിപണിയിലെത്തും. കണക്കുകൂട്ടലുകളനുസരിച്ച് ഇറാന് പ്രതിദിനം 10 ലക്ഷം മുതല്‍ 20 ലക്ഷം ബാരല്‍ വരെ എണ്ണ വിപണിയിലെത്തിക്കാനുള്ള കെല്‍പ്പുണ്ട്. എണ്ണയുടെ ഡിമാന്റിലുണ്ടാകാവുന്ന വര്‍ധനവും യുഎസില്‍ നിന്നുള്ള ഷേല്‍ ഗ്യാസിന്റെ ഉല്‍പാദനക്കുറവും കാരണം ഇറാനില്‍ നിന്നുള്ള എണ്ണ പൂര്‍ണമായും വിപണി ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ.

വാക്‌സിനേഷന്‍ വ്യാപകമാവുകയും ലോക്് ഡൗണുകള്‍ അവസാനിക്കുകയും ചെയ്യുന്നതോടെ എണ്ണയുടെ ഡിമാന്റില്‍ കുതിപ്പുണ്ടാകുമെന്നാണ് എസ്ആന്റ്പി ഗ്‌ളോബല്‍ പ്ലാറ്റ്്‌സ്, ഗോള്‍ഡ്മാന്‍ സാക്‌സ് തുടങ്ങിയ ഏജന്‍സികളുടെ നിരീക്ഷണം. യുഎസില്‍ നിന്നുള്ള ഷേല്‍ എണ്ണയുടെ ഉല്‍പാദനത്തിലുണ്ടായ കുറവും വില വര്‍ധനയ്ക്കു കാരണമായിത്തീരും.

വേനല്‍ക്കാല യാത്രാ സീസണുമുമ്പായിത്തന്നെ യുഎസ് കോവിഡ് 19ല്‍ നിന്ന് മിക്കവാറും മുക്തമായത് അവിടെ എണ്ണയുടെ ഡിമാന്റു വര്‍ധിപ്പിക്കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ കോവിഡ് 19 കേസുകളുടെ എണ്ണം തീരെ കുറയുന്നത് യാത്രാ നിയന്ത്രണങ്ങളില്‍ അയവു വരാനിടയാക്കും. എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാം സ്ഥാനക്കാരായ ഇന്ത്യയിലും കോവിഡ് കേസുകള്‍ കുറയുന്നത് യാത്രാ നിയന്ത്രണങ്ങള്‍ കുറയാനും ക്രമേണ എണ്ണയുടെ ഉപഭോഗം വര്‍ധിപ്പിക്കാനും ഇടയാക്കും.

ന്യൂയോര്‍ക്ക്്‌മെര്‍ക്കന്റൈല്‍ ഓഹരി എക്‌സ്‌ചേഞ്ച് എണ്ണവില ബാരലിന് 68 - 57 ഡോളര്‍ ആയിരുന്നു തുടക്കത്തില്‍. ഇതില്‍ ഉണ്ടാകാവുന്ന ഏറ്റക്കുറച്ചില്‍ ഉല്‍പന്ന വിലയ്ക്ക് പുതിയ ദിശാബോധം നല്‍കും. 68 ഡോളറിനു മുകളിലേക്കു വില ഉയര്‍ന്നാല്‍ പിന്നീടത് 75 ഡോളറിലേക്കും 82 ഡോളറിലേക്കും പോകാം.

(ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ്)


Related Articles
Next Story
Videos
Share it