എല്‍പി ജി സബ്‌സിഡി കിട്ടാതായതോടെ അടുക്കളകള്‍ നീറിപ്പുകയും

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് അടുക്കളകളില്‍ വീട്ടമ്മമാര്‍ വീണ്ടും അടുക്കളകളില്‍ നീറിപ്പുകഞ്ഞ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതോടെ എല്‍ പി ജി സിലിണ്ടര്‍ മാറ്റിവെച്ച് പരമ്പരാഗത വിറകടുപ്പുകളിലേക്ക് തിരിയുകയാണ് ദരിദ്ര ഗ്രാമീണര്‍. നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ എല്‍ പി ജി വിപ്ലവത്തിന്റെ ബാക്കിപത്രത്തിലേക്ക് കോവിഡാനന്തര ഇന്ത്യന്‍ ഗ്രാമങ്ങളിലെ അടുക്കളകളില്‍ നിന്നുയരുന്ന പുകച്ചുരുളുകളുടെയും അതിലെരിയുന്ന കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരിന്റെയും കഥകളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ എല്‍ പി ജി ഭക്ഷ്യ വാതകത്തിനുള്ള സബ്‌സിഡി മുന്‍ വര്‍ഷത്തെ 25,500 കോടി രൂപയില്‍ നിന്ന് 12,480 കോടി രൂപയായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന്റെ അനന്തര ഫലം ഗ്രാമീണ അടുക്കളകളില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പുകച്ചുരുളുകളുടെയും കണ്ണീരിന്റെയും രൂപത്തില്‍ എത്തിക്കഴിഞ്ഞു, ബ്ലൂംബെർഗ് വാർത്ത ഏജൻസി ഒരു റിപ്പോർട്ടിൽ പറയുന്നു.

പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ എക്കൗണ്ടില്‍ എത്തിയിരുന്ന സബ്‌സിഡി ഇപ്പോള്‍ കിട്ടുന്നില്ല. അതിനാല്‍ നാട്ടില്‍ സുലഭമായി കിട്ടുന്ന ചാണക വരളി, വിറക് തുടങ്ങിയവയാണ് ഇപ്പോള്‍ അടുക്കളയില്‍ പാചകത്തിനായി ഉപയോഗിക്കന്നത്- ഉത്തര്‍പ്രദേശിലെ അല്ലാവുദ്ദീന്‍നഗര്‍ ഗ്രാമത്തിലെ വീട്ടമ്മ ലക്ഷ്മി കിഷോര്‍ പറയുന്നു. കോവിഡ് മഹാമാരി താറുമാറാക്കിയ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കണ്ണ് നീറിയാലും പുകയടുപ്പ് തന്നെയാണ് ഇത്തരം കുടുംബിനികള്‍ക്ക് ഇനി ആശ്രയം.

നരേന്ദ്രമോഡി സര്‍ക്കാര്‍ കുക്കിംഗ് ഗ്യാസ് സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന പരിപാടി പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കാന്‍ പോകുകയാണെന്ന് പറഞ്ഞത് അഞ്ച് വര്‍ഷം മുമ്പാണ്. അവരെ പുകയില്‍ നിന്നും അടുക്കളയിലെ ദുരിതത്തില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിക്കാനും അന്തരീക്ഷ മലിനീകരണം പിടിച്ചു നിര്‍ത്താനുമുള്ള മോഡിയുടെ ക്യാംപെയ്ന്‍ രാജ്യം ഏറ്റെടുത്തു. എല്‍ പി ജി കണക്ഷന് ക്യാഷ് റിബേറ്റ്, ആദ്യ സിലിണ്ടറിനും സ്റ്റൗവിനും വായ്പ തുടങ്ങിയ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് സ്ത്രീകള്‍ വിറകടുപ്പ് ഉപേക്ഷിച്ച് പാചകവാതകത്തിലേക്ക് മാറി. കഴിഞ്ഞ ജനുവരി ഒന്നു വരെയുള്ള കണക്കനുസരിച്ച് എട്ടു കോടി ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് ഈ പാക്കേജ് പ്രകാരം എല്‍ പി ജി കണക്ഷന്‍ എടുത്തത്. വിദൂര ഗ്രാമങ്ങളിലുള്ള ഒരു കോടി വീടുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് ലോക്ക്്ഡൗണ്‍ സമയത്ത് മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഫ്രീ റിഫില്ലിംഗ് നല്‍കിയിരുന്നു. എല്‍ പി ജി ഉപയോഗം കുതിച്ചുയര്‍ന്നതോടെ 2020ല്‍ ചരിത്രത്തില്‍ ആദ്യമായി എല്‍ പി ജി ഉപയോഗം പെട്രോള്‍ ഉപയോഗത്തെ മറികടന്നു. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫിനാന്‍സ് ഡയറക്ടര്‍ കഴിഞ്ഞ മാസം ഒരു കാര്യം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ എല്‍ പി ജി ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നു. അതിവിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്തി. ഇതോടൊപ്പം എല്‍ പി ജി വില രാജ്യത്ത് കുതിച്ചുയരുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഒരു സിലിണ്ടറിന്റെ വിലയില്‍ 40 ശതമാനത്തിന്റെ വര്‍ധന കഴിഞ്ഞ നവംബറിലുണ്ടായി.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഫ്‌ളാഗ്ഷിപ്പ് പ്രോജക്ടായ കുക്കിംഗ് ഗ്യാസ് സബ്‌സിഡി, ഭവനരഹിതര്‍ക്ക് വീടും ശൗചാലയവും നിര്‍മിക്കുന്നതിനും നടത്തിയ ക്യാംപെയ്ന്‍ പോലെ വന്‍ വിജയമായ പരിപാടിയാണ്. പക്ഷെ കോവിഡ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചാണ് മോഡി സര്‍ക്കാര്‍ ഖജനാവില്‍ പണം കണ്ടെത്തിയത്.
വീട്ടമ്മമാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിറകടുപ്പുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍. ഇന്ത്യയിലെ ഗുരുതരമായ അന്തരീക്ഷ മലിനീകരണം തടഞ്ഞു നിര്‍ത്തുന്നതില്‍ എല്‍ പി ജി വഹിക്കുന്ന പങ്ക് വളരെ നിര്‍ണായകമാണ്്. എന്നാല്‍ എല്‍ പി ജി സബ്‌സിഡി പിന്‍വലിച്ചതോടെ വീട്ടമ്മമാര്‍ പഴയ രീതികളിലേക്ക് തിരിച്ചു പോകുന്നത് പരിസ്ഥിതിക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് ഊര്‍ജനയരൂപീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അശോക്് ശ്രീനിവാസ് പറഞ്ഞു. ഇത് ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വലുതായിരിക്കും.നിരന്തരം പുകശ്വസിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, ഹൃദ്രോഗം സ്്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 66 കോടി ഇന്ത്യക്കാര്‍ ഇനിയും എല്‍ പി ജിയിലേക്ക് മാറിയിട്ടില്ലെന്ന യാഥാര്‍ഥ്യം ഒരുവശത്ത് നില്‍ക്കുന്നു. സബ്‌സിഡി കുറച്ചതോടെ ഇനി പുതിയ ആളുകള്‍ എല്‍പിജിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യത കുറവാണ്. ലോകത്തെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നിലനില്‍ക്കുന്ന 20 രാജ്യങ്ങളില്‍ 14-ാമത് നില്‍ക്കുന്ന ഇന്ത്യയില്‍ എല്‍ പി ജി ഉപേക്ഷിച്ച് കുടുംബങ്ങള്‍ വിറകടുപ്പിലേക്ക് നീങ്ങുന്നതിന്റെ പ്രത്യാഘാതം ഒട്ടും കുറച്ചു കാണാനാകില്ലെന്ന് അശോക് ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നു.


Related Articles

Next Story

Videos

Share it