2023 ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യ ഭീഷണിയില്‍; വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്

സ്ഥിരമായ പണപ്പെരുപ്പവും, ഉയര്‍ന്ന പലിശനിരക്കും, ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ ആഘാതവും നിക്ഷേപത്തിലെ ഇടിവുമെല്ലാം കണക്കിലെടുത്ത് പല രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക് (WorldBank). പ്രതികൂല ആഘാതങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് (Global Recession) നയിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023 ല്‍ 1.7 ശതമാനം വര്‍ധിക്കുമെങ്കിലും 2009-ലെയും 2020-ലെയും മോശം സാമ്പത്തിക അവസ്ഥയ്ക്ക് ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മൂന്നാമത്തെ മോശം പ്രകടനമായിരിക്കും ഇതെന്നും ലോകബാങ്ക് പറയുന്നു. 2024 ലെയും വളര്‍ച്ചാ പ്രവചനം ലോകബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ വികസനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമാവുകയാണ്. അതിനാല്‍ ആഗോള അഭിവൃദ്ധി നേരിടുന്ന തിരിച്ചടികള്‍ നിലനില്‍ക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലവാരത്തേക്കാള്‍ 6 തമാനം കുറവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാകും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥകളില്‍, വളര്‍ച്ച 2023 ല്‍ 0.5 ശതമാനമായി കുറയും. ഈ വര്‍ഷം ചൈന 4.3 ശതമാനം വികസിക്കുമെന്ന് പ്രവചിച്ചു. ഇത് നേരത്തെ പ്രവചിച്ചതിനേക്കാള്‍ 0.9 പോയിന്റ് കുറവാണ്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കും. 1.5 ദശലക്ഷമോ അതില്‍ താഴെയോ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങള്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും.

പണപ്പെരുപ്പം മിതമായിക്കൊണ്ടിരിക്കുമ്പോള്‍, സമ്മര്‍ദങ്ങള്‍ കൂടുതല്‍ സ്ഥിരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളുണ്ടെന്നും സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ലോക ബാങ്ക് അറിയിച്ചു. മന്ദഗതിയിലുള്ള വളര്‍ച്ച, മോശം സാമ്പത്തിക സാഹചര്യങ്ങള്‍, കടബാധ്യത എന്നിവയെല്ലാം നിക്ഷേപത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരം അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് അടിയന്തിര ആഗോള പ്രവര്‍ത്തനം ആവശ്യമാണെന്നും ബാങ്ക് അറിയിച്ചു.

Related Articles

Next Story

Videos

Share it