മടങ്ങി വന്ന പ്രവാസികളില്‍ പലരുടെയും തിരിച്ച് പോക്ക് പ്രതിസന്ധിയില്‍; ഇന്ത്യയിലേക്കുള്ള പണം വരവ് കുറയുമെന്ന് ലോകബാങ്ക്

ആഗോള സാമ്പത്തിക മാന്ദ്യത്തിന് പുറമെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഒമ്പതു ശതമാനം കുറവുണ്ടായേക്കുമെന്ന് ലോകബാങ്ക്. 2020-ല്‍ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നാണ് ലോകബാങ്കിന്റെ അനുമാനം. ലോക ബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കോവിഡ് മഹാമാരി വളരെ പരോക്ഷമായി തന്നെ ബാധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇനി ഏറെ കാലം ഈ സ്ഥിതി തുടരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മൈഗ്രേഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂര്‍ത്തി സൂചിപ്പിക്കുന്നു.

എന്നാല്‍ ഇന്ത്യയിലേക്കുള്ള പണം വരവ് കുറയുമ്പോഴും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിദേശത്തുനിന്നുള്ള പണംവരവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയായിരിക്കുമത്രെ. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്റ്റ് എന്നിങ്ങനെയായിരിക്കും അടുത്ത നാലു സ്ഥാനക്കാരുടെ പട്ടിക.
2021-ല്‍ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ആഗോളതലത്തില്‍ സാമ്പത്തിക ഘടനയില്‍ അടുത്ത വര്‍ഷം സ്ഥിതി രൂക്ഷമായിരിക്കും. കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറന്‍സിയുടെ മൂല്യശോഷണവും തൊഴിലാളികള്‍ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്.

നിലവിലുള്ള കണക്കു പ്രകാരം വിദേശത്തു ജോലിചെയ്തിരുന്ന ആറ്‌ലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവര്‍ മടങ്ങിയ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യത കുറഞ്ഞതിനാല്‍ പകുതിയിലധികം പേര്‍ക്കും തിരികെ പോകാന്‍ കഴിഞ്ഞേക്കില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it