1400 കോടി രൂപ വാരിവിതറി തെരഞ്ഞെടുപ്പ് പ്രചാരണം, സാധാരണക്കാരെ ഇത് കരകയറ്റുമോ?

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സമ്പദ് വ്യവസ്ഥക്കുണ്ടായിട്ടുള്ള തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണം സഹായിക്കുമോ? വിപണി ഉറ്റുനോക്കുന്നത് അതാണ്.

സജീവമായിക്കഴിഞ്ഞ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണ വിപണിയിലേക്ക് ഏകദേശം 1400 കോടി രൂപയെങ്കിലും ഒഴുകിയെത്തുമെന്നാണ് തെരഞ്ഞെടുപ്പ് സാമ്പത്തിക രംഗങ്ങളിലെ സ്വതന്ത്ര നിരീക്ഷകര്‍ കണക്കാക്കുന്നത്. ഒരു മണ്ഡലത്തില്‍ ശരാശരി 10 കോടി രൂപ ചെലവഴിക്കപ്പെടുമെന്ന് അവര്‍ പറയുന്നു.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാമ്പത്തിക മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വിനു തുടക്കമിടാന്‍ പണത്തിന്റെ ഈ പ്രവാഹത്തിന് കഴിയുമെന്ന് അവര്‍ വിലയിരുത്തുന്നു.

''140 മണ്ഡലങ്ങളിലായി 2.67 കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഏറെ ചെലവേറിയ ഒന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ചെലവഴിക്കപ്പെടുന്ന തുകയുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള തുക 30.8 ലക്ഷം രൂപയാണ്. എന്നാല്‍ ഇതിന്റെ എത്രയോ മടങ്ങ് തുകയാണ് ഓരോ പാര്‍ട്ടിയും, സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്നത്. ജയം വേണോ? പണം എറിഞ്ഞേ മതിയാകൂ. ഇതൊരു നെസ്സസ്സറി ഈവിള്‍ ആണ്,'' മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ സ്ഥാനാര്‍ത്ഥിയുടെ കാമ്പയിന്‍ മാനേജര്‍ പറയുന്നു.

''അമിതച്ചെലവ് നിയമവിരുദ്ധമാണ്, അത് നിയന്ത്രിക്കണം എന്ന് പറയുമ്പോഴും ഈ പണപ്രവാഹം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പോസിറ്റിവായ മാറ്റം പകലുപോലെ വ്യക്തമാണ്. എല്ലാ മേഖലകളിലും പെട്ടെന്ന് ഒരു ഉണര്‍വ് പ്രകടമായിരിക്കുന്നു. തെരെഞ്ഞെടുപ്പില്‍ ഒഴുകുന്ന ഈ പണമെല്ലാം എത്തിച്ചേരുന്നത് അതില്ലാത്തവരുടെ കയ്യിലേക്കാണ്. കോവിഡില്‍ ശ്വാസംമുട്ടുന്ന വിപണികള്‍ക്കു കിട്ടുന്ന CPR ആണ് ഈ തെരെഞ്ഞെടുപ്പ്,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു മണ്ഡലത്തില്‍ ശരാശരി ചെലവഴിക്കപ്പെടുന്ന തുക അഞ്ചു കോടി മുതല്‍ 25 കോടി വരെയാണെന്ന് ഇലക്ഷന്‍ മാനേജ്‌മെന്റ് രംഗത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രമോദ് (സാങ്കല്പിക നാമം) ധനത്തോട് പറഞ്ഞു. ഈ റേഞ്ചിന്റെ പുറത്തു ചെലവഴിക്കുന്ന സ്ഥാനാര്‍ത്ഥികളും ഉണ്ട്. എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുക എന്ന ചോദ്യത്തിന് 'അതൊക്കെ വന്നോളും' എന്ന് മറുപടി. അപ്പോള്‍ കമ്മീഷന്റെ ചട്ടങ്ങള്‍? അതൊക്കെ മറികടക്കാന്‍ എത്രയോ വഴികള്‍ എന്ന് ചിരിച്ചുകൊണ്ട് ഉത്തരം.

ചുവരെഴുതുന്നവര്‍ തൊട്ട് സോഷ്യല്‍ മീഡിയ വിദഗ്ധര്‍ വരെ, പലചരക്കു കട തൊട്ട് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ വരെ നീളുന്നതാണ് തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക മെച്ച് ലഭിക്കുന്നവരുടെ പട്ടിക. 'സത്യം പറഞ്ഞാല്‍ തദ്ദേശഭരണ തെരെഞ്ഞെടുപ്പ് മുതല്‍ നല്ല സമയമാണ്. കിറ്റില്ലെങ്കിലും ജീവിക്കാന്‍ പറ്റുന്ന അവസ്ഥയാണ്,' ചുവരെഴുത്ത് വിദഗ്ദ്ധനായ സതീഷ് പറയുന്നു.

'24 മണിക്കൂര്‍ ചെയ്താലും തീരാത്ത പണിയുണ്ട്. പറഞ്ഞുവിട്ട ജോലിക്കാരെയൊക്കെ തിരിച്ചു വിളിച്ചു. ഈ തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല, ഞങ്ങളെപ്പോലുള്ള ചെറുകിട സ്ഥാപനങ്ങള്‍ കൂടിയാണ്,' കോട്ടയത്ത് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കുന്ന ന്യൂ ഏജ് എന്ന സ്ഥാപനം നടത്തുന്ന സുനില്‍ ശങ്കര്‍ പറഞ്ഞു. തങ്ങളുടെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗവും ഇലക്ഷന്‍ തിരക്കിലാണെന്ന് സുനില്‍ സൂചിപ്പിച്ചു.

സോഷ്യല്‍/ ഡിജിറ്റല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കോവിഡ് ഞെരുക്കത്തിന്റെ കഷ്ടകാലത്തില്‍ നിന്ന് പുറത്തുകടന്നിരിക്കുന്നു. 'മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ അക്കൗണ്ട് ഞങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നുണ്ട്. ഞങ്ങളുടെ 16ല്‍ അധികം ജീവനക്കാര്‍ ഫീല്‍ഡില്‍ സജീവമായുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് യഥേഷ്ടം പണം മുടക്കാന്‍ മിക്ക സ്ഥാനാര്‍ത്ഥികളും തയ്യാറാണ്.'' സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് രംഗത്തെ കമ്പനിയുടെ പ്രതിനിധി പറയുന്നു. പക്ഷേ പേയ്‌മെന്റ് കറക്റ്റ് ആയി കിട്ടുമോ എന്ന ആശങ്ക പല സ്ഥാപനങ്ങള്‍ക്കും ഉണ്ട്.

ബൂത്ത്തല പ്രചാരണമാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായകമാവുക. ഇത് നല്ല ചെലവുള്ള ഒന്നാണെന്ന് പ്രമോദ് പറഞ്ഞു. ''പഴയപോലല്ല. വോട്ടര്‍മാരെ 'സ്പിരിറ്റോടെ' നിലനിര്‍ത്തുക നല്ല ചെലവുള്ള കാര്യമാണ്. ദിവസേന വീടുകള്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങള്‍ നടത്തേണ്ടതുണ്ട്. അവിടെ 'എല്ലാ' സംവിധാനങ്ങളും ഒരുക്കണം. വീട്ട് കയറാന്‍ ആളുവേണം. ഇന്ന് എല്ലാം പെയ്ഡ് ആണ്. എന്റെ മണ്ഡലത്തിലെ ബൂത്തുകള്‍ക്കു മാത്രമായി ഒരു കോടി രൂപ ആവശ്യമുണ്ട്. നിലവില്‍ 40 ലക്ഷത്തിന്റെ ഓഫര്‍ വന്നിട്ടുണ്ട്. പിടിച്ച് ചെലവാക്കിയാല്‍ ഇത്രയും മതി. പക്ഷെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഇത്തവണത്തെ പ്രചാരണ ബജറ്റ് 15 കോടി ആണെന്നാണ് കേള്‍ക്കുന്നത്. അതിനൊപ്പം പിടിച്ചുനില്‍ക്കണമെങ്കില്‍ ബൂത്തുകള്‍ക്കെല്ലാം കൂടി ഒരു കോടി എങ്കിലും കൊടുക്കണം,'' അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 40,771 ബൂത്തുകളാണുള്ളത്. 140 മണ്ഡലങ്ങളിലെ ബൂത്തുതല 'ഉഷാറാക്കല്‍' പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രം മൂന്നു പ്രമുഖ മുന്നണിസ്ഥാനാര്‍ഥികള്‍ ഒരു കോടി രൂപ വീതം ചെലവാക്കുന്നതായി കണക്കാക്കിയാല്‍ അത് തന്നെ 420 കോടി രൂപ വരും. സ്ഥാനാര്‍ത്ഥികള്‍ സന്തോഷപൂര്‍വം വോട്ടര്‍മാര്‍ക്ക് നല്‍കുന്ന 'ഗിഫ്റ്റ് ' ഇതിനു പുറമേയാണ്.

'ഇലക്ഷന്‍ കമ്മീഷന്‍ ചട്ടങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്. പക്ഷെ തെരഞ്ഞെടുപ്പില്‍ ഒഴുക്കപ്പെടുന്ന പണം സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും സൃഷ്ടിക്കുന്ന ചലനാത്മകത അതിലേറെ പ്രധാനമാണ്. പ്രത്യേകിച്ചും ഒരു മഹാമാരിയുടെ പിടിയില്‍ പെട്ട് സാമ്പത്തികരംഗം തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. തെരെഞ്ഞെടുപ്പ് ചിലവിന്റെ പരിധി കുറേക്കൂടി ഉയര്‍ത്താനുള്ള തീരുമാനം ഇലക്ഷന്‍ കമ്മീഷന്‍ കൈക്കൊള്ളണമെന്നാണ് എന്റെ അഭിപ്രായം,' പ്ലാന്ററും സാമൂഹ്യപ്രവര്‍ത്തകനുമായ ഡേവിസ് തോമസ് തോട്ടം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it