വീണ്ടും ഓഹരി വിറ്റഴിക്കലുമായി കേന്ദ്രം: ഫാക്ടിന് നറുക്ക് വീഴുമോ?

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 51,000 കോടി രൂപ സമാഹരിക്കുക എന്ന ബജറ്റ് ലക്ഷ്യം കൈവരിക്കാനായി വീണ്ടും ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി കേന്ദ്രം.

കേരളം ആസ്ഥാനമായുള്ള വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്റ്റ്/FACT) ഉള്‍പ്പെടെയുള്ള കമ്പനികള്‍ പരിഗണയിലുണ്ടായിരുന്നെങ്കിലും പലതും നിലവിൽ വാങ്ങാൻ നിക്ഷേപകരുണ്ടാകില്ലെന്ന വിലയിരുത്തലിൽ അടുത്ത വർഷത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

ഉടന്‍ വില്‍പ്പനയ്ക്ക്
ജനുവരി- മാര്‍ച്ച് കാലയളവില്‍ എന്‍.എല്‍.സി ഇന്ത്യ (മുന്‍പ്
നെയ്‌വേലി
ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍), മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.ആർ.എഫ്എ.സി) എന്നിവയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ മൊത്തം 51,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 10,051.73 കോടി രൂപ മാത്രമാണ് നേടാനായിട്ടുള്ളത്.
എന്‍.എല്‍.സി ഇന്ത്യ, മസഗോണ്‍ ഡോക്ക്, ഐ.ആര്‍.എഫ്.സി എന്നിവയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നത് വഴി നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് പരമാവധി 21,200 കോടി രൂപ കൂടി സര്‍ക്കാരിന് സമാഹരിക്കാനായേക്കും. യഥാക്രമം 79 ശതമാനം, 85 ശതമാനം, 86 ശതമാനം എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന് ഈ കമ്പനികളിലുള്ള ഓഹരി വിഹിതം.
കല്‍ക്കരി, ലിഗ്‌നൈറ്റ് ഉത്പാദകരായ എന്‍.എല്‍.സിയുടെ മൊത്തം വിപണി മൂല്യം 32,585 കോടി രൂപയാണ്. ഇതില്‍ 80 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നേടിയതാണ്. മസഗോണ്‍ ഡോക്കിന്റെ വിപണി മൂല്യം നിലവില്‍ 46,351 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 8 ശതമാനം വളര്‍ച്ചയാണ് ഓഹരി നേടിയത്. ഐ.ആര്‍.എഫ്.സി കഴിഞ്ഞ മൂന്ന് മാസത്തില്‍ 36 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. മൊത്തം വിപണി മൂല്യം 1,33,756 കോടി രൂപയും.
വളം കമ്പനികള്‍ക്ക് സാവകാശം
ഫാക്ട് ഉൾപ്പെടെയുള്ള വളം കമ്പനികളുടെ ഓഹരികൾ ഓഫര്‍ ഫോര്‍ സെയില്‍ വഴി വിറ്റഴിക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. എന്നാല്‍ ഫാക്ട് ഓഹരികൾ കുറഞ്ഞ വോളിയത്തില്‍ ഉയര്‍ന്ന വിലയിലാണ് വ്യാപാരം ചെയ്യുന്നതെന്നതിനാല്‍ ഉടനെ വില്‍പ്പന നടപടി ഉണ്ടായേക്കില്ലെന്നാണ് നിരീക്ഷണങ്ങള്‍.
2018 നവംബര്‍ ഒന്നിന് വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് ഇപ്പോള്‍ 821 രൂപയിലെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരി വിലയിലുണ്ടായ വര്‍ധന 1,720.04 ശതമാനമാണ്. മൂന്നു വര്‍ഷക്കാലയളവില്‍ 1,239 ശതമാനവും.
വളം കമ്പനികളായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയാണ് വളം മേഖലയിൽ നിന്ന് പരിഗണിച്ചിരുന്ന മറ്റ് ഓഹരികൾ. അവയുടെ വിൽപ്പനയും ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടാകാനിടയില്ല.
ഉയർന്ന വില മൂലം നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകില്ലെന്നതാണ് വളം കമ്പനികളെ ഒഴിവാക്കാൻ ഒരു പ്രധാന കാരണം. കൂടാതെ വളം വില ഇപ്പോഴും സർക്കാരാണ് നിർവഹിക്കുന്നത്. ഇതും നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയ കെമിക്കല്‍സിന്റെ 10 ശതമാനവും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ 20 ശതമാനവും ഓഹരി വില്‍പ്പന വഴി 1,200 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതി.
ഇൻഷ്വറൻസ് കമ്പനികളും ഇക്കൊല്ലമില്ല
ഇന്‍ഷ്വറന്‍സ് കമ്പനികളായ ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവയുടെ ഓഹരി വില്‍പ്പനയും അടുത്ത വര്‍ഷത്തേക്ക് നീക്കിവയ്ക്കുമെന്നാണ് അറിയുന്നത്. ഇരു കമ്പനികളുടെയും 10 ശതമാനം വീതം ഓഹരി വിറ്റഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതേകുറിച്ച് ധനമന്ത്രാലയം നിക്ഷേപകരുടെ അഭിപ്രായം തേടിയിരുന്നെങ്കിലും മികച്ച പ്രതികരണം ലഭിക്കാത്തതാണ് മാറ്റി വയ്ക്കാൻ കാരണം.
Related Articles
Next Story
Videos
Share it