Begin typing your search above and press return to search.
അടിമുടി മാറാന്‍ ധനകാര്യ കമ്മീഷന്‍; കേന്ദ്ര വിഹിതം കിട്ടുന്നതില്‍ കേരളത്തിന് വലിയ പ്രതീക്ഷ
അര്‍ഹതപ്പെട്ട വിഹിതം നല്‍കാതെയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നുവെന്ന പരാതി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍, നിലവിലെ ധനകാര്യ കമ്മിഷന്റെ ചട്ടപ്രകാരമാണ് കേന്ദ്ര വിഹിത വിതരണവും കടമെടുപ്പ് പരിധി നിര്‍ണയവുമെന്നും കേരളത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നുമാണ് ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി.
പുതിയ, അഥവാ 16-ാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചതോടെ കേരളം വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ വച്ചുപുലര്‍ത്തുന്നത്. നീതി ആയോഗ് മുന്‍ ചെയര്‍മാനും കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. അര്‍വിന്ദ് പനഗാരിയയാണ് 16-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ നികുതി വരുമാന പങ്കിടല്‍, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ഗ്രാന്റ് വിതരണം തുടങ്ങിയ വിഷയങ്ങള്‍ക്കാകും 16-ാം ധനകാര്യ കമ്മീഷന്‍ മുഖ്യ ഊന്നല്‍ നല്‍കുക. കമ്മീഷനോട് 2025 ഒക്ടോബര്‍ 31നകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 2026 ഏപ്രില്‍ ഒന്നുമുതല്‍ 5 വര്‍ഷത്തേക്കാണ് 16-ാം ധനകാര്യ കമ്മീഷന്റെ കാലാവധി.
കേരളത്തിന്റെ പ്രതീക്ഷകള്‍
കേന്ദ്ര വിഹിത വിതരണം, കടമെടുപ്പ് പരിധി എന്നിവയില്‍ കേരളത്തിന് ഗുണകരമായ തീരുമാനം 16-ാം ധനകാര്യ കമ്മീഷനില്‍ നിന്നുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്ന 15-ാം ധനകാര്യ കമ്മീഷന്റെ തീരുമാനം കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍, ഗ്രാന്റ് അടക്കം കേന്ദ്രം വെട്ടിക്കുറച്ചത് വലിയ തിരിച്ചടിയായി എന്നാണ് സംസ്ഥാനം വാദിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ളതാകും 16-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങളെന്നാണ് പൊതു വിലയിരുത്തല്‍. ഇത് നേട്ടമാകുമെന്ന് കേരളം കരുതുന്നു.
Next Story
Videos