ഇഡലിയും വടയും സാമ്പാറും സുഭിക്ഷമായി കഴിക്കാം; നികുതിയിളവ് നീട്ടി കേന്ദ്രം

തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന പരിപ്പ് എന്നിവയുടെ ഇറക്കുമതി തീരുവ 2025 മാർച്ച് വരെ ഒഴിവാക്കി

ചില്ലറ പണപ്പെരുപ്പം പിടിച്ചു നിർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മുഖ്യ ധാന്യങ്ങളുടെ ഇറക്കുമതി തീരുവ ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കി. തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന പരിപ്പ് എന്നിവയുടെ ഇറക്കുമതി തീരുവ 2024 മാർച്ച് 31 വരെയാണ് നേരത്തെ ഒഴിവാക്കിയിരുന്നത്. നവംബറിൽ ധാന്യങ്ങളുടെ വില സൂചികയിൽ 20 ശതമാനം വർധന ഉണ്ടായതോടെയാണ് സൗജന്യ ഇറക്കുമതി തീരുവ കാലാവധി 2025 മാർച്ച് 31 വരെ വരെ നീട്ടാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഡയറക്ട്ർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കി.

2021 ഒക്ടോബർ മുതലാണ് മുഖ്യ ധാന്യങ്ങളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയത്. ഭക്ഷണത്തെ പോഷകസമൃദ്ധമാക്കുന്ന പ്രോട്ടീൻ അടങ്ങിയവയാണ് ധാന്യങ്ങൾ. ചെറുപയർ, ഉഴുന്ന്, തുവര പരിപ്പ്, കടല, ചുവന്ന പരിപ്പ് തുടങ്ങിയവയാണ് രാജ്യത്ത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാന്യങ്ങൾ.

കൂടുതലും ഇറക്കുമതി

ധാന്യങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യ എങ്കിലും ഉപഭോഗം ഉത്പാദനത്തിനേക്കാൾ കൂടുതലായത് കൊണ്ട് ഏകദേശം മൊത്തം ആവശ്യത്തിന്റെ 10 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നു. 2013-14 കാലയളവിൽ 19 ശതമാനം വരെ ഇറക്കുമതി ചെയ്തിരുന്നു. 2030-31ൽ ഇറക്കുമതി 3 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യം. താങ്ങുവില വർധിപ്പിച്ചും അത്യുത്പാദന ധാന്യങ്ങൾ പുറത്തിറക്കിയും കൂടുതൽ വിസ്തൃതിയിൽ ധാന്യങ്ങൾ കൃഷി ചെയ്തുമാണ് ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നത്.

2022 -23ൽ ധാന്യ ഉത്‌പാദനം 260.58 ലക്ഷം ടണ്ണായിരുന്നു (മുൻ വർഷത്തെക്കാൾ 14.02 ലക്ഷം ടൺ അധികം). കഴിഞ്ഞ 5 വർഷത്തെ ശരാശരി വാർഷിക ഉത്‌പാദനം 246.56 ടണ്ണായിരുന്നു.

2021-22ൽ ധാന്യങ്ങളുടെ ഇറക്കുമതി 27 ലക്ഷം ടണ്ണായിരുന്നത് 2022 -23ൽ 24.96 ലക്ഷം ടണ്ണായി. 2023-24 ഒക്ടോബർ വരെ 19.63 ടൺ ഇറക്കുമതി ചെയ്‌തു.

Related Articles
Next Story
Videos
Share it